2016, മാർച്ച് 19, ശനിയാഴ്‌ച

കവിത :ദു:ഖമില്ല

കവിത
———
     ദു:ഖമില്ല
   —————
ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ
നിങ്ങളെന്നെ
കല്ലെറിയുന്നതില്‍
ദു:ഖമില്ലാ....

കല്ലെറിയുന്നതില്‍
ദു:ഖമില്ല
കരളു പിളർത്തതില്‍
ദു:ഖമില്ല

ചളിയും തെറിയും
വാരിയെറിയവെ
ഹൃദയത്തില്‍ വെണ്‍നിലവ്‌
തെളിയുന്നുവോ?

ദു:ഖമില്ലാ
എനിക്ക്‌ ദു:ഖമില്ലാ...

നന്‍മയില്‍
എന്നിലും
മുന്നില്‍ നടന്നൊരാ
പൂമരച്ചില്ലയില്‍
നിങ്ങള്‍ എറിഞ്ഞതും
ചളിവാരിയിട്ടതും
തെറിപാടി നിന്നതും
കണ്ടു ലോകം
ഇന്നും കണ്ടുലോകം

ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ..
——————————
 സുലൈമാന്‍ പെരുമുക്ക്‌

കവിത: ഖബർ പൂജ

കവിത
.............

ഖബർപൂജ
——————

അന്യന്റെ
ഖബറിടം
സ്വർഗമാക്കുന്നിവർ
അവനവന്‍ ഖബറിടം
നരകമാക്കുന്നിവർ

അന്യന്റെ
ഖബറിനാല്‍
ജീവിച്ചിടുന്നിവർ
അപരാന്ന ഭോജികള്‍
മണ്ണില്‍ നികൃഷ്ടർ

മതം
കയ്യിലേന്തുന്ന
കപടന്‍മാരൊക്കെ
വിത്തപ്രഭുക്കള്‍
ആണെന്നുമെന്നും

ഇരുളാർന്ന മനസ്സാണ്‌
അവർക്കെന്നുമഭയം
അവർ തീത്തഗർത്തം
അലയാഴിയായി.
———————————
    സുലൈമാന്‍ പെരുമുക്ക്‌

കവിത: മനുഷ്യപ്രകൃതി

കവിത
———
    മനുഷ്യപ്രകൃതി
  ....................................

ഞാന്‍
ആരാണെന്നു
നിങ്ങള്‍
ചോദിക്കുന്നതിനു മുമ്പ്‌
നിങ്ങള്‍ ആരെന്നു
എനിക്കു പറഞ്ഞുതരിക

ഞാന്‍
മനുഷ്യനാണെന്നതു
നിങ്ങള്‍ക്കു മനസ്സിലായി
പക്ഷേ എന്നിലെ
മനുഷ്യത്വം നിങ്ങള്‍ തിരയുക

വിത്തം
വിതറിയാല്‍
സ്‌നേഹം ലഭിക്കുന്ന
കാലമാണിത്‌

പക്ഷേ നിങ്ങള്‍
എത്രതിരഞ്ഞാലും
അതില്‍ മനുഷ്യത്വം
കണ്ടെത്തുകയില്ല

എന്നോമരിച്ചവനെ
വെന്റിലേറ്ററില്‍ കിടത്തി
പണം വാരുന്നതു കണ്ട്‌
കശാപ്പുകാരന്‍ തളർന്നു വീണു

മരിച്ചവനു
കഞ്ഞിയും കാപ്പിയും
വാങ്ങാന്‍ സുകാര്യം പറയുന്ന
ഡോക്ടർമുതലാളിയെ കണ്ട
വാടകക്കൊലയാളി
ഹൃദയം പെട്ടിമരിച്ചു

മനുഷ്യന്‍
അവന്റെ പ്രകൃതിയില്‍ നിന്ന്‌
ഒരുപാട്‌ അകലെയകലെയാണിന്ന്‌

എവിടെയോ
ഒരുമേഘം രൂപപ്പെടുന്നു
അവന്റെ തലയില്‍
കനലു ചൊരിയാന്‍.
——————————
 സുലൈമാന്‍ പെരുമുക്ക്‌

2016, മാർച്ച് 18, വെള്ളിയാഴ്‌ച

കവിത: ഭാഗ്യവാൻമാർ

കവിത
~~~~~
   ഭാഗ്യവാന്‍മാർ
————————
കണ്ണില്ലാത്തവന്‍
ഭാഗ്യവാന്‍,
കരയുന്നവനെ
അവന്‍ കാണുന്നില്ലല്ലോ.

കാതു
കേള്‍ക്കാത്തവന്‍
ഭാഗ്യവാന്‍,
ഇരകളുടെ തേങ്ങലുകള്‍
അവനു കേള്‍ക്കേണ്ടതില്ലല്ലോ.

മന്ദബുദ്ധികള്‍
മഹാഭാഗ്യവാന്‍മാർ
കുതന്ത്രങ്ങള്‍കൊണ്ടവർ
മണ്ണില്‍ രക്തംവീഴ്‌ത്തുന്നില്ല,
ശാപം
ഏറ്റുവാങ്ങുന്നുമില്ല.

ജനിക്കാതിരിക്കുന്നവർ
പുണ്ണ്യാത്മാക്കള്‍
അവർ മണ്ണിലെ
മഹാ പാപികളില്‍നിന്നു
രക്ഷപ്പെട്ടവർ
അതെ,അല്ലലറിയാതെ
സ്വർഗം പൂകിയോർ.
—————————
 സുലൈമാന്‍ പെരുമുക്ക്‌

കവിത: പുതുമൊഴികൾ


കവിത
~~~~~
     പുതുമൊഴികൾ
*******************
കൂടുമ്പോള്‍
ഇമ്പംതുളുമ്പുന്നില്ലെങ്കില്‍
പിന്നെ എന്തിനൊരുകുടുംബം?

ഒന്നിച്ചിരിക്കുമ്പോഴും
ഒറ്റക്കാണെങ്കില്‍
പിന്നെയെന്തിനൊരു
കൂടിച്ചേരല്‍?

മക്കളില്ലാത്തവരൊക്കെ
മഹാഭാഗ്യവാന്‍മാരാണ്‌,
സ്വന്തം മക്കളെ
ശപിക്കേണ്ടി വന്ന
നിർഭാഗ്യവാന്‍മാരില്‍
അവർ പെട്ടതില്ല.

മക്കളോടൊപ്പം
പട്ടികളെ വളർത്തുന്നവർ
ബുദ്ധിമാന്‍മാരാണ്‌,
മക്കള്‍ തലതെറിച്ചു
പോയാലും
പട്ടികള്‍
നന്ദിയുള്ള ജീവികളായി
എന്നും കൂടെ നടക്കും.

പാഠം പഠിക്കാന്‍
ഇടിത്തീ
തലയില്‍ തന്നെ
വീഴട്ടേയെന്നത്‌
പുതുമൊഴിയാണ്‌.
———————————
  സുലൈമാന്‍ പെരുമുക്ക്‌

2016, മാർച്ച് 17, വ്യാഴാഴ്‌ച

കവിത:കരുതിയിരിക്കുക

  കവിത
————
  കരുതിയിരിക്കുക
~~~~~~~~~~~~~~
കരുതിയിരിക്കുക
കാപാലികർ
കരുക്കള്‍
നീക്കിക്കൊണ്ടിരിക്കുന്നു

വർഗീയ വാദികളും
വംശ വിദേ്വഷികളും
തിമർത്താടിയ
ഇടങ്ങളിലെല്ലാം
രക്തപ്പുഴ ഒഴുകിയിട്ടുണ്ട്‌.

നമ്മളിന്ന്‌
കാണുന്നത്‌
ദുസ്സ്വപ്‌നങ്ങളല്ല
രക്ത ദാഹികളായ
ചെന്നായിക്കളെയാണ്‌

തീമഴ
പെയ്യുമ്പോള്‍
കുടചൂടി രക്ഷപ്പെടാന്‍
ആർക്കാണ്‌ കഴിയുക?

ഉണരാന്‍
സമയമായി—അല്ല
സമയം അതിക്രമിച്ചു
എന്നതാണ്‌ സത്യം

അറിയുക
നമ്മള്‍ ഒറ്റപ്പെടാം,
അംഗഭംഗം വരാം,
ആട്ടിയോടിക്കപ്പെടാം.
അല്ലെങ്കില്‍ കൊല്ലപ്പെടാം.


സുഖവാസവും
നിദ്രയും സ്വപ്‌നങ്ങളും
ഇനി ഓർമ്മകള്‍
മാത്രമായ്‌ തീരാം

എത്രയെത്ര
സ്വർഗ രാജ്യങ്ങളാണവർ
തകർത്തെറിഞ്ഞത്‌....

കുഞ്ഞുങ്ങളെ
ചുട്ടുകൊന്നതും
സ്‌ത്രീകളെ
പിച്ചിച്ചീന്തിയതും
ആബാലവൃദ്ധം ജനങ്ങളെ
തുറന്ന ജയിലിലിട്ടു
ഞെരുക്കുന്നതും
നമ്മള്‍ കണ്ടില്ലെ?

നോക്കെത്തും
ദൂരത്ത്‌
അവർ തീർത്ത
നരകങ്ങള്‍
സങ്കല്‍പാതീതമാണ്‌

ഒന്നുകില്‍
നമ്മളിലവർ
കുത്തി വെച്ചതിന്റെ
ഫലമായി നമ്മള്‍
മയങ്ങിക്കിടക്കുന്നു
അല്ലെങ്കില്‍
നമ്മള്‍
വേട്ടക്കാരുടെ വളർത്തു
പട്ടികളായിരിക്കുന്നു.
———————————
 സുലൈമാന്‍ പെരുമുക്ക്‌