2015, ഡിസംബർ 23, ബുധനാഴ്‌ച

കവിത: എൻ്റെ നബി

കവിത
~~~~~
   എന്റെ നബി
  ——————

അതെ,എന്റെ നബി
നിങ്ങളുടേയും
നബിയാണ്‌.

എന്റെ വെളിച്ചം
നിങ്ങളുടേയും
വെളിച്ചമാണ്‌

ജീവജാലങ്ങളുടെ വേദന
തൊട്ടറിഞ്ഞ തിരുനബി
ലോകത്തിനു
പുഞ്ചിരിയാണു നല്‍കിയത്‌

രാവിലും പകലിലും
മനുഷ്യനെ
നെഞ്ചോടുചേർത്ത നബി,
മഹാ"നബി"യാണ്‌.

കൂരിരുട്ടിനെ
കുറുകെ പിളർത്തിയ
പതിനാലാംരാവ്‌
വാക്കിലും നോക്കിലും
സ്‌നേഹംതുളുമ്പി

വഴിമുട്ടിയ
ത്രികാലജ്ഞാനത്തിനു
നേർരേഖനീട്ടിവരച്ച
മഹാരഥന്‍

വ്യാജ ദൈവങ്ങളേയും
പുരോഹിതരേയും
കപട രാഷ്ട്രീയക്കാരനേയും
ആട്ടിയകറ്റിയ
ബുദ്ധിപ്രഭാവകന്‍

ഇന്നു ഞാന്‍
തിരുനബിയുടെ
വ്യാജപ്രതിനിധാനങ്ങളെ
പിച്ചിച്ചീന്തട്ടെ
ഐ സ്സിനേയും
അല്‍ഖ്വയ്‌തയേയും....
മക്കയില്‍തന്നെ മറമാടട്ടെ

മദീനയുടെ
പാതയില്‍ കിടന്നുറങ്ങുന്ന
നബിദിനസ്‌നേഹ
പോരാളികളെ
വിഡ്ഡികളുടെ സ്വർഗത്തിലേക്ക്‌
വലിച്ചെറിയട്ടെ

ഇന്നലെ
നമസ്‌കരിച്ചിട്ടില്ലാത്തവർ
ഇന്നു പട്ടിണികിടക്കുന്നവനെ
കാണാത്തവർ
നാളെയുടെ നന്‍മ
ആഗ്രഹിക്കുന്നില്ലെങ്കില്‍
പിന്നെയെന്ത്‌
പ്രവാചക സ്‌നേഹം?

അതെ,
എന്റെ നബി
നിങ്ങളുടേയും നബിയാണ്‌
നമ്മുടെ നബി
മനസ്സില്‍ സദാ
ജീവിക്കുന്ന നബിയാണ്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌