2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

കവിത:കത്തുന്ന കറുത്ത മതിലുകള്‍

കവിത
———

        കത്തുന്ന
  കറുത്ത മതിലുകള്‍
—————————

സമാധാനപ്രിയരായി
അഭിനയിക്കുന്നതുപോലും
പാപമാണെന്ന്‌ ഇന്നുചിലർ
ഉച്ചഭാഷിണിയിലൂടെ
ചൊല്ലിത്തുടങ്ങി
 
ഫലം;ചാരി
നില്‍ക്കാനാവത്ത
കത്തുന്ന കറുത്ത
മതിലുകള്‍ ഉയരുന്നു
 
അന്യന്റെ
ആഘോഷനാളില്‍
കണ്ണടച്ചു നടക്കുന്നത്‌
പുണ്യമെന്ന്‌ പഠിപ്പിക്കുന്നു—
കാപാലികർ
 
അടിച്ചേല്‍പിക്കുന്ന
ആഘോഷവും
അകറ്റിനിർത്തുന്ന
ആഘോഷവും നമുക്ക്‌വേണ്ട
 
മാനവീയത
വിളിച്ചോതുന്ന
ആഘോഷങ്ങളൊക്കെ
സമാധാനപ്രേമികള്‍ക്ക്‌
സ്വന്തമാണ്‌
 
ഓങ്കാരവും
ബാങ്കൊലിയും
മണിനാദവു ഇവിടെ മുഴങ്ങട്ടെ
 
അതില്‍
സേ്‌നഹമുണ്ട്‌
സംഗീതമുണ്ട്‌
ആത്മാവിനാനന്ദമുണ്ട്‌
 
സിംഹഗർജ്ജനങ്ങളെ
നമുക്ക്‌ താഴിട്ടുപൂട്ടാം
മധുരഭാഷണങ്ങള്‍
ഇവിടെ പരന്നൊഴുകട്ടെ....
———————————
സുലൈമാന്‍ പെരുമുക്ക്‌

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

കവിത:ഒസ്യത്ത്‌

കവിത
———
     ഒസ്യത്ത്‌
   ........................

സ്‌നേഹം മഴയായ്‌
പെയ്‌തുനില്‍ക്കട്ടെ
സൗഹൃദം പൂക്കളായ്‌
വിടർന്നുനില്‍ക്കട്ടെ
 
ഓർക്കുക
ആർക്കോവേണ്ടിയല്ല
ഈ സൂര്യനുദിച്ചത്‌
അത്‌ നമുക്കുംകൂടിയുള്ളതാണ്‌
ആർക്കോവേണ്ടിയല്ല
ഈ നിലാവുപൂത്തത്‌
നമ്മളും അതിന്റെ
അവകാശികളാണ്‌
 
ഭൂമി ആരുടേയും
അടിമയല്ല
എല്ലാവരും
ഭൂമിക്കടിയി ഒതുങ്ങേണ്ടിവരും
 
ലോകം
 വെട്ടിപ്പിടിച്ചവരൊക്കെ
വെറുങ്കയ്യോടെ മടങ്ങിപ്പോയി
ഇവിടെ
വായുവും വെള്ളവും
സകലർക്കും സമമാണ്‌
 
അന്യന്റെനേരെ
വിരല്‍ ചൂണ്ടുന്നവന്‍
സ്വന്തം കൈകളിലേക്കൊന്നു—
നോക്കട്ടെ
അന്ധനാണെങ്കിലും
അകക്കണ്ണില്‍ തെളിയും
തനിക്കുനേരെ ചൂണ്ടുന്ന
വിരലുകള്‍ എത്രെയെന്ന്‌.
 
സമയം ആരും 
വെട്ടിപ്പിടിക്കുന്നതല്ല 
അത് ദാനമായി കിട്ടുന്നതാണ് 
അത് ആരെയും 
കാത്തു നില്ക്കുകില്ല 
അത് എന്തിനു ചിലവഴിച്ചു 
എന്നതാണ് ചോദ്യം 
 
ഉറക്കവും 
കറക്കവും 
കേവല വിനോദവുമാണ് 
ജീവിതമെങ്കിൽ 
അതൊരു പാഴ് ജന്മമാണ് 

-------------------------------------------
  സുലൈമാന്‍ പെരുമുക്ക്‌