2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച


കവിത
...............
ഈ ഒരുനിമിഷം
————————
ഈ ഒരുനിമിഷം
ഭയാനകമാണ്‌,
അതിഭീകരമാണ്‌.

ആഴിയുടെ
അഗാധതയില്‍
മത്സ്യക്കുഞ്ഞും
പീഡനം ഏറ്റുവാങ്ങുന്നു

ഭൂമിയുടെ
ഓരങ്ങളിലെ
മനുഷ്യക്കുഞ്ഞും
വേദനയാല്‍ പുളയുന്നു

ആദാമിന്റെ
നല്ലവനായ പുത്രനെ
നാട്യക്കാരനായ പുത്രന്‍
കൊന്നതു
ഇതുപോലൊരു
നിമിഷത്തിലാണ്‌!

ഓരോ
നിമിഷത്തിനും
ഒരായിരം കഥകളാണ്‌
പറയാനുള്ളത്‌!!

പലായനത്തിന്റെയും
പടിയിറക്കപ്പെട്ടതിന്റെയും
പച്ചയോടെ
കത്തിച്ചതിന്റെയും
ജീവനോടെ
കുഴിച്ചുമൂടിയതിന്റെയും കഥ!!!*

മണ്ണിലെ പൂക്കളും
മാനത്തെ താരകളും
ഇന്ന് ചിരിതൂകുന്നില്ല.

തിന്നുന്നതൊക്കെ
മായമായപ്പോൾ
ചിന്തിക്കുന്നതൊക്കെ
വഞ്ചനയായിട്ടുന്നു.

നിന്നെ ഞാന്‍
കൊല്ലുമെന്നാണയിട്ടു—
രിയാടിയപ്പൊഴും
നിന്റെ നേരെ എന്റെകൈ
നീളുകില്ലെന്നായിരുന്നു
നല്ലവന്റെ മൊഴി.

ഇന്ന്‌ ലോകം
നെഞ്ചിലേറ്റിയത്‌
നാട്യക്കാരന്റെ മൊഴി,
നല്ലവന്റെ മൊഴി
എവിടെയോ
പൊടിപിടിച്ചുകിടക്കുന്നു!**

പൊക്കിള്‍കൊടി
സ്വയം മുറിച്ച്‌
പുറത്തുകടന്ന
ലോകത്തിനു ശാപം
ഏറ്റുവാങ്ങാനാണു വിധി.
_______________________
* മൃഗങ്ങളുടെ ലോകം
എത്ര സുന്ദരം!
** ഞങ്ങളാണ് നല്ലവരെന്ന് പറയാൻ എല്ലാവരും മൽസരിക്കുമ്പോഴും ഇവിടെ അക്രമവും അനീതിയും... ചോരപ്പുഴയും ഒഴുകുന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്!
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌






ജ്ഞാനാമൃത്


ജ്ഞാനാമൃത്
~ ~ ~ ~ ~ ~ ~
ആഴിയുടെ
ആഴങ്ങളിലേക്ക്
ഊളിയിട്ടുളിയിട്ടു പോയാൽ
മുത്തും പവിഴവുമായി
നിറതിങ്കളായ്
വരാമെന്ന പോലെ

അറിവില്ലെന്ന അറിവോടെ
അറിവിൻ്റെ ആഴങ്ങളിലേക്ക്
ഇറങ്ങിയിറങ്ങി ചെന്നാൽ
സ്വപ്ന വാനം
കൈയിലേന്തിയ പോലെ
ജ്ഞാനാമൃതുമായി വരാം!!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

കണ്ടു ഞാൻ

കണ്ടു ഞാൻ
~ ~ ~ ~ ~ ~ ~
കണ്ടു ഞാൻ,
കണ്ടു ഞാൻ കാഴ്ചകൾ,
ഒരുപാട് കാഴ്ചകൾ.
കണ്ടു ഞാൻ
ഉലകിൽ
വൈരുദ്ധ്യ കാഴ്ചകൾ
സൂര്യനും ചന്ദ്രനും
താരാഗണങ്ങളും
പൂക്കളും പുഞ്ചിരിയും
പൈദാഹമൊക്കെയും-
പേടിപ്പെടുത്തുന്നു
ഉൾപ്പരപ്പിൽ നിത്യം
ഉറവ പോലും വിഷം
പകരുന്നതല്ലോ?
മാനവൻ്റാശയം
മായം കലർന്നു പോയ്
മഹത്തുക്കളിൽന്നവർ
മാറിയകന്നു പോയ്
യുക്തിവാദം
യുക്തിയില്ലാത്ത വാദമായ്,
ഭക്തിവാദം
കൂരിരുട്ടിൽ ഒളിക്കലായ്!
മാർക്സിനെ
അറിയാത്ത
മാർകിസ്റ്ററ്റുകാരനും
ഗാന്ധിയെ അറിയാത്ത
ഗാന്ധിയനും പെരുകുന്നു!!
ഹിന്ദുവും ഇസ് ലാമും
ക്രൈസ്തവനും... ഇന്ന്
വേദങ്ങളിൽ നിന്ന് ഒരുപാടകന്ന്!!!
അകലങ്ങൾക്കിടയിലെ
പാഴ്‌ച്ചെടികളിൽ നിന്ന്
കായിക്കനികൾ തിന്നതും
കാലം കറുത്തു പോയ്.
കാലം കറുത്തത്
ഇന്നിൻ്റെ നേർക്കാഴ്ച,
പരസ്പരം കൊത്തി
വിഴുങ്ങുന്നു പാമ്പുകൾ.
ചേർച്ചയില്ലാത്ത
അലർച്ചകൾ ഉയരവേ
കാർക്കിച്ചു തുപ്പുന്നു
പലവട്ടം പ്രകൃതിയും!
ആഴിയും പൂഴിയും
അപതാളമാടുവത്
അറിയുവാൻ നേരിൻ
വെളിച്ചം കെട്ടു പോയ്!!
തിരുവെളിച്ചം തേടി
അലയുമ്പൊഴും ലോകം
നിറവെളിച്ചം നെഞ്ചിൽ
ഉള്ളതറിയുന്നില്ല!!!*
---------------------------------
* സ്വന്തം മനസ്സാക്ഷിയോട്
ആത്മാർത്ഥമായി ചോദിച്ചാൽ
തിരുവെളിച്ചം വിളിച്ചു പറയും.
അത് പുതുവസന്തത്തിൻ്റെ വഴി വെളിച്ചമായിടും.
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

ഒരു താരകം!


ഒരു താരകം!
---------------------
കനത്ത
ചുവരുകൾക്കുള്ളിൽ
പിശാച് വലിയൊരു ആകാശത്തെ തളച്ചിരിക്കുന്നു!

മായം,
മറിമായം- അല്ല
ഇത് മഹാതെറിമായം,
ഇതു കണ്ട് കാലം
അമ്പരന്നു നിൽക്കുന്നു!

ഇടയ്ക്കിടെ
ചന്ദ്രക്കല ഭൂമിയിലേക്ക്‌
എത്തിനോക്കുമ്പോൾ
ഗ്രഹണക്കൂട്ടങ്ങൾ
വന്നു മൂടുന്നു!!

പിശാചിന്
എന്നെന്നും
മാലാഖയായി അഭിനയിക്കാനാവില്ല.

ഒരു നാൾ
പിശാച് നോക്കി നിൽക്കേ
ഗ്രഹണക്കൂട്ടുകൾ
കാലഹരണപ്പെട്ടു പോകും.

അന്ന്
മണ്ണിലും വിണ്ണിലും
പതിനാലാം രാവായിരിക്കും!

ആ പതിനാലാം രാവിൻ്റെ
നിലാവിൽ കുളിച്ച്
ഒരു താരകം മൈലാഞ്ചിയണിഞ്ഞ്
ഒപ്പന പാടി വരും.

ആ താരകം
അന്ന് സ്വയം
പരിചയപ്പെടുത്തും
ഞാൻ ഹാദിയയാണെന്ന്!
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്