2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

കവിത: 'കാക്ക'മൊഴി

കവിത
..............

     കാക്കമൊഴി
   ——————
കാക്ക പറഞ്ഞു
ഞാന്‍ കരയുകയല്ല,
പറയുകയാണ്‌.

ഏ മനുഷ്യാ
നീ അത്രക്കൊന്നും
ആളാവണ്ട

സ്വാർത്ഥനായ നീ
സഹോദരനെ കൊന്നപ്പോള്‍
ശവമെന്തുചെയ്യണമെന്നറിയാതെ
നട്ടംതിരിയുന്നതു
കണ്ടതാണു ഞാന്‍

ഇന്നും നീ
കരുക്കള്‍ നീക്കുന്നത്‌
വെട്ടില്‍ വീഴ്‌ത്താനാണ്‌

നിന്റെ
പൂന്തോട്ടങ്ങള്‍
കാപട്യമാണ്‌
നിന്റെ ആത്മാർത്ഥത
കുഴിമാടങ്ങളിലാണ്‌

അവസാനം
നീയും ചെന്നെത്തുന്നത്‌
ഒരു കുഴിമാടത്തില്‍

കൊട്ടാരത്തില്‍
ഇരുന്ന്‌ ഒരുവട്ടം
നീ കുഴിമാടം
ഓർക്കുന്നതു നന്ന്‌.
—————————
സുലൈമാന്‍ പെരുമുക്ക്‌?

കവിത: അവരാണ് കൊടുംഭീകരർ

കവിത
...................
                       അവരാണ് കൊടും ഭീകരർ
                 .............................................................

ഒരു പുരുഷായുസ്
പൂർത്തിയാക്കി
പിന്നെയും യുവത്വത്തിൻറെ
തുടിപ്പോടെ പ്രയാണം ചെയ്യുന്ന
ജമാഅത്തെ ഇസ്‌ലാമിയെ
അവർ ഭീകര പ്രസ്ഥാനമെന്നു
വിളിക്കുന്നു

മണ്ണിലിന്നോളം
കണ്ണീർ വീഴ്ത്താതെ
കണ്ണീർ കയത്തിൽ
അകപ്പെട്ടവർക്ക്
സാന്ത്വനമായെത്തുന്നവരെ
ഇവിടെ തീവ്ര വാദികളെന്നു
വിളിക്കുന്നു

ആദർശമാണ്
ആയുധമെന്നു പറയുന്നവർ
ജന സേവനവും
ആരാധനയെന്നോതുന്നവർ
മാനവീകതയുടെ ശാപമാകുവതല്ല

രക്തം ചിന്തി
പ്രകൃതിയുടെ താളം
തെറ്റിക്കുന്നവർ
രക്തദാനം ചെയ്യുന്നവര
ചൂണ്ടി പറയുന്നു
ഇവർ രക്ത ദാഹികളെന്ന്

പുനർ ജന്മത്തിൽ
വിശ്വസിക്കാത്തവനും
പുലമ്പുന്നത് നാളെയിവർ
ഭീകര സത്വമായി
ജന്മ മെടുക്കുമെന്നാണ്

ഇന്നലെ ആരുടേയും
കണ്ണീർ വീഴ്ത്താത്തവർ
ഇന്ന് ആരുടേയും
രക്തം ചിന്താത്തവർ
നാളെ ഭീകരന്മാരാകുമെന്ന്
പറയുന്നവരല്ലേ
കൊടും ഭീകരർ ?

സമാധാനത്തിൻറെ
തേരിലേറി
സത്യത്തിൻ്റെ പാതയിൽ വന്ന്
ജന ഹൃദയങ്ങളിൽ
മഴവില്ലഴകുവിടർത്തുന്നവർ
വിപ്ലവ കാവ്യമാണ് പാടുന്നത്

ഈ ദിവ്യ പ്രകാശം
ഊതി ക്കെടുത്താനെത്തുന്നവർ
തളർന്നു വീഴുന്നത്
കൗതുക കാഴ്ചകളായിരിക്കും .          
................................. ..................
                 സുലൈമാന്‍ പെരുമുക്ക്
                      9746623035
                     

കവിത: കുഞ്ഞേ....

കവിത
———
    കുഞ്ഞേ....
  ~~~~~~~~~~

ഉദ്യാനത്തില്‍
മാരുതനെത്തുന്നത്‌
സൗരഭ്യം ആസ്വദിക്കാനല്ല,
അതാർക്കൊക്കയോ നല്‍കാനാണ്‌.

കുഞ്ഞേ
നീയ്യും ഒരു
മാരുതനായി മാറുക

അങ്ങനെ
മാനവീകതയുടെ
ഉദ്യാനത്തിലെത്തി
സൗരഭ്യം നുകർന്ന്‌
സമൂഹത്തിനു നല്‍കുക

ചൂട്‌,
കൊടും ചൂടാണ്‌.
ജലം അമൂല്ല്യമാണെന്നു
തിരിച്ചറിയുന്നകാലം

കുഞ്ഞേ നീ
സൗമ്യമായ്‌ പറയുക
അളവില്‍ ചുരുക്കി
ശേഷിക്കുന്നത്‌ അന്യന്റെ
തൊണ്ട നനക്കാന്‍
കരുതി വെക്കുക

സ്‌നേഹം
അത്‌ എല്ലാവരും
കൊതിക്കുന്നു
എന്നിട്ടും
കൊടുക്കാന്‍ മടിക്കുന്നു

കുഞ്ഞേ
നീ ഉറക്കെപ്പറയുക
എത്രകൊടുത്താലും തീരാത്ത
സ്‌നേഹ സാഗരമാണ്‌
നെഞ്ചിലുള്ളതെന്ന്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌

ഓർക്കുക


      ഓർക്കുക
    —————
മാധ്യമത്തേയും
ഹംസാഅബ്ബാസിനേയും
നരകത്തിലേക്ക്‌ ഇടിച്ചിറക്കാന്‍
തിടുക്കപ്പെടുന്ന ആധുനിക
മുഫ്‌തിമാർ മറുപുറംകൂടി
വായിക്കേണ്ടതല്ലേ?

ആയിരങ്ങളെ
കൊന്നൊടുക്കിയ വ്യക്തിയെ
ഹറമിന്റെ കാവല്‍ക്കാർ
അതിഥിയായി
വിളിച്ചിരുത്തിയപ്പോള്‍
മഹാമനീഷികള്‍
മയങ്ങിക്കിടക്കുകയായിരുന്നോ?

കൊടുംപാപിയെ
കെട്ടിപ്പിടിച്ചതും
അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടേയെന്ന്‌
ആശംസിച്ചതും കേട്ടില്ലേ?

അതെ,
അവസാനം
ഉന്നത ബഹുമതിനല്‍കി
തിരിച്ചയക്കുമ്പോഴും
ഭാരതത്തിന്റെ അന്തരീക്ഷത്തില്‍
വേദനയുടേയും കണ്ണീരിന്റേയും
അലയൊലികളുണ്ടായിരുന്നില്ലെ?

ഓർക്കുക
ഗർഭസ്ഥ ശിശു
ശൂലത്തില്‍കിടന്ന്‌
പിടയുന്നചിത്രമുണ്ട്‌,പോരാ
സഹോദരങ്ങളുടെ പച്ചമാംസം
കത്തിയെരിഞ്ഞ ഗന്ധമുണ്ട്‌.

അറിയുക
താലിബാന്‍ ഭീകരർ
ബുദ്ധപ്രതിമ
തല്ലിയുടക്കുമ്പോള്‍
അരുതെന്നുപറഞ്ഞ
ഇറാനികള്‍ തന്നെയാണ്‌
വിവേകമതികള്‍.
———————————
സുലൈമാന്‍ പെരുമുക്ക്‌







2016, ഏപ്രിൽ 3, ഞായറാഴ്‌ച

കവിത:പെണ്ണിൻ്റെ പുറപ്പാട്


കവിത
~~~~~

   പെണ്ണിന്റെ പുറപ്പാട്‌
  ..........................................
മുഫ്‌ത്തിമാരുടെ
ഫതുവകളില്‍
അവള്‍ക്ക്‌ പുറപ്പെടല്‍
മൂന്നായിരുന്നു

ഗർഭാശയത്തില്‍നിന്ന്‌
ഭൂമിയിലേക്ക്‌
പിന്നെ
വന്ന ഭവനത്തില്‍നിന്ന്‌
ഭർത്തൃ ഭവനത്തിലേക്ക്‌

പള്ളിയിലേക്കവള്‍ക്ക്‌
പ്രവേശനമില്ല,
അവസാനം പള്ളിക്കാട്ടിലേക്ക്‌.

ഇന്നവള്‍
ഫതുവകള്‍ക്കു
മുകളിലൂടെ
നടക്കുമ്പോള്‍
പുതിയ മുഫ്‌ത്തികള്‍
അവള്‍ക്കു പുറകില്‍ ഓടുന്നു

കരിനിയമങ്ങള്‍ക്ക്‌
കാലത്തിന്റെ
കണ്ണുകെട്ടാനാവില്ല

പ്രവാചകന്‍
വെളിച്ചമായിരുന്നു
പിന്നെയെങ്ങനെ
ആ വചനങ്ങള്‍
ഇരുട്ടിന്‌ കൂട്ടായിടും?

അകക്കണ്ണ്‌ തുറക്കാതെ
ഇരുട്ടിലിരുന്ന്‌
കിത്താബോതിയവരെല്ലാം
ഇസ്‌ലാമിന്‌ ഭാരമാണെന്നും

അതിന്‌
"ബലി' നല്‍കേണ്ടിവന്നത്‌
സ്‌ത്രീ ജന്‍മമാണ്‌,
ഇന്നും സ്‌ത്രീധനം
ഹലാലാണെന്ന്‌
ഫതുവനല്‍കുന്നവനെ
അവള്‍ കല്ലെറിയട്ടെ.

അടുക്കളക്കും
കിടപ്പറക്കും അപ്പുറം
അവള്‍ക്ക്‌ നടക്കാന്‍
വിശാലമായ മുറ്റമുണ്ടെന്ന്‌
ഖുർആന്‍ വിളിച്ചോതുന്നത്‌
ഇന്നവള്‍ കേട്ടിരിക്കുന്നു
എന്നതാണ്‌ സത്യം.

——————————
സുലൈമാന്‍ പെരുമുക്ക്‌

കവിത: തിരിഞ്ഞു നടക്കുന്ന ഖൗമ്

കവിത
———
തിരിഞ്ഞുനടക്കുന്ന ഖൗമ്‌
——————————

ഇന്നലെ
അവർ പറഞ്ഞു
അന്യമതസ്‌തരുടെ
ആഘോഷങ്ങളോട്‌
സഹകരിക്കരുതെന്ന്‌

ഇന്നവർ പറയുന്നു
നമ്മുടെ വാർത്താമാധ്യമങ്ങളില്‍
ശത്രുവിന്റെ ചിത്രംപോലും
നല്‍കരുതെന്ന്‌

നാളെ
അവർ പറയും
ഖുർആന്‍ ഓതുന്നനാവിനാല്‍
ശത്രുവിന്റെ നാമം
ഉച്ചരിക്കരുതെന്ന്‌

ശത്രുവിന്റെ മുന്നില്‍
കൈകൂപ്പി
നില്‍ക്കുന്നവനും
അവനെ കണ്ടാല്‍
കണ്ണുപൊത്തണമെന്നു
ചൊല്ലുന്നവനും ഒന്നാണ്‌

ശത്രുക്കള്‍
ആഗ്രഹിക്കുന്നത്‌
അവരെന്നും
എതിരില്ലാതെ
തിരഞ്ഞെടു
ക്കപ്പെടണമെന്നാണ്‌

ഓർക്കുക
നിങ്ങള്‍
പ്രവാചകനില്‍നിന്നും
ഖുർആനില്‍നിന്നും
ഒരുപാട്‌ അകലെയാണ്‌

ഏ... വിവേകാഭി മാനികളേ
മിഴികള്‍ തുറക്കൂ....

നിങ്ങള്‍
പുണ്യത്തിനായി ഓതുന്ന
ഖുർആനില്‍ കാണാം
പ്രവാചകന്റെ
നിത്യവൈരിയായ
അബൂലഹബിന്റെ നാമം

അതേ,
പ്രവാചകന്‍
നിങ്ങളെ ചൂണ്ടിയാണു
പറഞ്ഞത്‌
സ്വന്തത്തിനുവേണ്ടി മാത്രം
വാദിക്കുന്നവന്‍
എന്നില്‍ പെട്ടവനല്ലെന്ന്‌.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌