2015, മാർച്ച് 17, ചൊവ്വാഴ്ച

കവിത:നഗ്നസത്യം

കവിത
~~~~~
        നഗ്നസത്യം
       —————
നിങ്ങളെയൊക്കെ
നോക്കുകുത്തികളാക്കി
ഞങ്ങളതു ചെയ്യും
ഞങ്ങളതു
ചെയ്യുമെന്നു പറഞ്ഞാല്‍
ചെയ്‌തെന്നു
നിങ്ങള്‍ കരുതണം
നട്ടെല്ലില്ലെങ്കിലും
ഭീരുക്കളാണെങ്കിലും
ഞങ്ങള്‍ക്കതു
ചെയ്യാന്‍ കഴിയും
കാരണം നിങ്ങള്‍
ഉറങ്ങിക്കിടക്കുകയാണ്‌,
പോരാ നിങ്ങള്‍
നിരായുധരുമാണ്‌.
കറപുരണ്ട
ഈ കൈകളില്‍കിടന്ന്‌
നിങ്ങള്‍
ഞെരുങ്ങിയമരുന്നത്‌
ഞങ്ങള്‍ കണ്ട്‌
ആനന്ദിക്കട്ടെ
ഇനി ഞങ്ങള്‍
ആരെ ഭയക്കണം?
സമൂഹമനസ്സാക്ഷിയെ
ഞങ്ങള്‍ നേരത്തേ
കട്ടെടുത്തിരിക്കുന്നു!
ഇനി ഞങ്ങള്‍
ഒരു സത്യം
ഉറക്കെപ്പറയട്ടെ
ഇന്നു നിങ്ങള്‍
നമിക്കുന്ന
ദൈവങ്ങളാണ്‌
ഞങ്ങളെ
ആശീർവ്വദിക്കുന്നത്‌.
............................................
   സുലൈമാന്‍ പെരുമുക്ക്‌

2015, മാർച്ച് 16, തിങ്കളാഴ്‌ച

കവിത:ജീവിതം



കവിത
~~~~~
ജീവിതം
—————
നീ കരഞ്ഞുകൊണ്ടാണ്‌
മണ്ണില്‍
പിറന്നുവീണത്‌
അന്ന്‌ നിന്നെ
കണ്ടവരെല്ലാവരും ചിരിച്ചു

നീ ചിരിച്ചുകൊണ്ടാണ്‌
വിടപറയേണ്ടത്‌
എങ്കില്‍ നിനക്ക്‌
ചുറ്റുംകൂടിയവർ കരയും
നാളയെകുറിച്ച്‌
വ്യാമോഹങ്ങള്‍ നല്‍കുന്ന
ലോട്ടറിക്കാരൻറെ
പാഴ്‌മൊഴിയല്ല ജീവിതം
വിശപ്പിൻറെ
വിളി കേള്‍ക്കാത്ത
താളംതെറ്റിയ
ആത്‌മീയതയുമല്ല ജീവിതം
കണ്ണീരും
പുഞ്ചിരിയും
ഇണചേരുമ്പോള്‍
പിറന്നുവീഴുന്ന
സുന്ദര സ്വപ്‌നത്തിൻറെ
യാഥാർത്ഥ്യമാണ്‌ ജീവിതം
മുഖസ്‌തുതി കേള്‍ക്കാന്‍
ദാഹിക്കുന്നവനും
വിമർശനത്തെ
ഭയക്കുന്നവനും
നീർക്കുമിളയാണ്‌
സ്വന്തത്തിനു വേണ്ടി
ജീവിക്കുന്നവന്‍
ജീവിക്കുന്നേയില്ല
അപരനു വേണ്ടി
ജീവിക്കുന്നവന്‍
എന്നന്നും ജീവീക്കുന്നു.
................................................
സുലൈമാന്‍ പെരുമുക്ക്‌