2016, ജൂൺ 29, ബുധനാഴ്‌ച

നിങ്ങളുടെ ഒരു കൈ...



  നിങ്ങളുടെ ഒരുകൈ...
  ~~~~~~~~~~~~~~
നിങ്ങളുടെ
ഒരുകൈ ചലിച്ചാല്‍
മറ്റുള്ളവർ രണ്ടു കൈകളും
ചലിപ്പിച്ചേക്കാം,അത്‌
അസൂയകൊണ്ടാണെങ്കിലും
അതും നിങ്ങള്‍ചെയ്യുന്ന നന്‍മ.

ചെയ്യേണ്ടതു
ചെയ്യാന്‍ സമയമായാല്‍
ചെയ്‌തുകൊണ്ടേയിരിക്കുക

നിങ്ങള്‍ ചെയ്യുന്നത്‌
നന്‍മയാണെങ്കില്‍
നിങ്ങളെ പിന്തുടരാന്‍
മറ്റുള്ളവർ നിർബന്ധിതരായിടും

നിങ്ങള്‍
"ചെടി'നല്‍കുമ്പോള്‍
മറ്റുള്ളവർ വിത്തുനല്‍കും
നിങ്ങള്‍ "പേന'നല്‍കിയാല്‍
അവർ"ബുക്ക്‌'നല്‍കും

ഒലിച്ചുപോകാതെ
മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍
അവർക്കതു ചെയ്യേണ്ടിവരും

നിങ്ങള്‍ തുടക്കം
കുറിക്കുന്നില്ലെങ്കില്‍
അവർ വിത്തിറക്കുന്നവരൊ
ചെടി നടുന്നവരൊ ആയിരിക്കയില്ല

അവരോ, കലപില
കൂടുവോരോടൊപ്പംകൂടി
കുത്തൊഴുക്കില്‍ചാടി രസിക്കും.

ഓർക്കുക, നിങ്ങള്‍ വെറുതെയിരുന്നാല്‍
അവരായിരിക്കും
നിങ്ങളുടെ തലയില്‍
ആദ്യം മണ്ണിടുന്നത്‌.

നിങ്ങള്‍വല്ലതും
ചെയ്‌തുകൊണ്ടേയിരിക്കുക
അസൂയാലുക്കള്‍
നിങ്ങളെ പിന്തുടരാതിരിക്കില്ല

അതിന്റെ
ഊ രുംപേരും
മാറിയേക്കാം പക്ഷേ
ചെയ്യുന്നത്‌ ഒന്നായിരിക്കും,
അതും നാടിനൊരു
നന്‍യായിരിക്കട്ടെ.

അവസാനം
നിങ്ങളോടൊരപേക്ഷയുണ്ട്‌,
നിങ്ങളൊരിക്കലും
നരകത്തിന്റെ മതില്‍കെട്ടില്‍
അപ്പുറം നരകമാണെന്ന്‌
എഴുതിവെക്കരുത്‌.—

കാരണം നിങ്ങളുടെ
കൈയക്ഷരം കണ്ടാല്‍
അസൂയാലുക്കളൊക്കെ
അതിലേക്ക്‌ എടുത്തുചാടും.
——————————
സുലൈമാന്‍ പെരുമുക്ക്‌


പുതിയവീട്



   പുതിയവീട്‌
  ~~~~~~~~~
കൈനിറയെ പണം വിരുന്നുവരുന്നതു കണ്ടപ്പോള്‍
പുതിയമോഹം പൂത്തു

പുത്തന്‍
കൂറ്റുകാരോടൊപ്പം
കൂടിയിരിക്കാന്‍
മോടികൂടിയ വീടുവേണം

പിന്നെയുള്ള
യാത്രകളില്‍ കണ്ട
കൊട്ടാരങ്ങളുടെ
ചിത്രങ്ങളെല്ലാം ഒപ്പിയെടുത്തു

എല്ലാവരും തിരക്കിലായി
ഇന്റർനെറ്റിലും
തിരഞ്ഞു തിരഞ്ഞുമടുത്തു.

ദിവസങ്ങള്‍
ആഴ്‌ചകളായി,
മാസങ്ങളായി, വർഷംതികഞ്ഞു.

പിറ്റേ ദിവസം
അയാള്‍ ഒരു
പുതിയവീടിന്റെ
ചിത്രവുമായെത്തി

നിറഞ്ഞ സദസ്സില്‍
നിവർത്തുമ്പോള്‍
അയാള്‍ പറഞ്ഞു:
ഇതായിരിക്കും നമ്മുടെവീട്‌,
നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെയാണ്‌
നമ്മുടെ ജീവിതം.

എല്ലാവരും
ആകാംക്ഷയോടെ
ചിത്രത്തിലേക്കു നോക്കി
പിന്നെയവർ പരസ്‌പരം നോക്കുമ്പോള്‍ അവരുടെ
നയനങ്ങള്‍ നിറഞ്ഞിരുന്നു

കാരണം
അവർകണ്ടത്‌
ഒരു ഉള്‍ക്കബറിന്റെ
ചിത്രമായിരുന്നു.

മണ്ണില്‍ പിറന്നവന്‍
മാനം കണ്ടിരിക്കെ
മണ്ണിലേക്കൊരിക്കല്‍
മടങ്ങുമെന്നോർ
ക്കുന്നതാണ്‌ നല്ലത്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌





ശാപം കൊയ്യുന്നവർ


  ശാപംകൊയ്യുന്നവർ
 ...........................................
പാതിരാനേരത്ത്‌
എന്തിനാണ്‌
പടഹധ്വനിയിവിടെ
പണ്ഡിതരേ

ഉച്ചത്തില്‍
ഉച്ചഭാഷിണിയിലൂടെ
പ്രാർത്ഥിപ്പതെന്തിത്‌ പൊട്ടനോടോ?

പുണ്യം
പെയ്‌തിറങ്ങുന്ന രാവില്‍
ശാപം, ഇരന്നുവാങ്ങുന്നതെന്തേ.

കൂരിരുട്ടിനിയും
മനസ്സിലിട്ട്‌
ഉരുട്ടിവെക്കുന്നത്‌ ഉചിതമല്ലാ

തൊട്ടിലിലുറങ്ങുന്ന
പൈതങ്ങള്‌
ഞെട്ടിയുണരുന്നത്‌ കണ്ടിടേണം

പൈതലിന്‍
മാനസം പുഞ്ചിച്ചാല്‍
പ്രാർത്ഥനയായത്‌
ഉയർന്നുപൊങ്ങും

പൈതങ്ങള്‍
തെല്ലൊന്നു വേദനിച്ചാല്‍
കാരണക്കാർക്കതു ശാപമാകും

മിനാരങ്ങള്‍
രാവിന്റെ യാമങ്ങളില്‍
തുപ്പുന്നതൊക്കെയും
പ്രാർത്ഥനയോ?

പ്രാർത്ഥന മൗനമായ്‌
ചൊല്ലിടുവാന്‍ ഓതിയ
നബിയെ മറന്നുനിങ്ങള്‍

അമൃതാണതെങ്കിലും
അധികമായാല്‍
വിഷമായിടും അത്‌സത്യമാണ്‌

ദൈവത്തിന്‍
നാമത്തിലാണു നിങ്ങള്‍
കുഞ്ഞുങ്ങളെ
നിത്യം തല്ലുന്നത്‌

തിരുദൂതന്‍
നിങ്ങളെ കണ്ടിടൂകില്‍
കല്ലെറിഞ്ഞാട്ടുവാന്‍
ചൊല്ലുകില്ലേ?

പൊതുജനം
നിങ്ങളെ കല്ലെറിയാന്‍
കാത്തിരിപ്പുണ്ടെന്ന
തോർത്തിടേണം.

ഇനിയുമീശാപം
ഏറ്റുവാങ്ങാന്‍
എന്തിനു ജീവിച്ചിരുന്നിടേണം?.
——————————
 സുലൈമാന്‍ പെരുമുക്ക്‌

2016, ജൂൺ 28, ചൊവ്വാഴ്ച

മതം വെച്ചു കളിക്കുന്നവർ



മതംവെച്ചു കളിക്കുന്നവർ
———————————
മതംവെച്ചു
കളിക്കാന്‍
മിടുക്കുള്ളവരേറെ
ഇന്ന്‌ പഠിച്ചിറങ്ങുന്നുണ്ട്‌

കടിച്ചുകീറാന്‍
കരുത്തുള്ളവർ
കരുക്കളൊരുക്കിയപ്പോള്‍
തിരുമൊഴികളവർ
തുണ്ടമാക്കുന്നതാണ്‌
ജനംകണ്ടത്‌

നരകത്തിലേക്കുള്ള
ഓട്ടമല്‍സരം
സമുദായത്തിന്റെ
തലയില്‍ നടക്കുമ്പോള്‍
സ്വർഗപാതയില്‍ തിരക്കില്ലതെല്ലും

താടിയും
തലപ്പാവും
കട്ടെടുത്തവന്റെ
കൂട്ടപ്രാർത്ഥനയിന്ന്‌
ചൂഷണത്തിന്റെ പുതിയ
വഴിതേടിയാണ്‌

കാരുണ്യത്തിന്റെ
പ്രവാചകനെയിന്ന്‌
കല്ലെറിയാന്‍ മുന്നിലുള്ളത്‌
സമുദായത്തിന്റെ
ചിഹ്നങ്ങളെ ആരാധിക്കുന്നവരാണ്‌

അനുചരന്റെ കൈകളില്‍
ഹൃദയംകൊണ്ട്‌ ചുംബിച്ച പ്രവാചകന്റെ
കാലം കടന്നുപോയി

ഇന്ന്‌
പുരോഹിതർ
കൈകാലുകള്‍
നീട്ടിവെക്കുന്നു, അനുചരർക്ക്‌
ചുംബിച്ചു പുണ്യംനേടാന്‍.

പമ്പരവിഡ്ഡികള്‍
മുന്നിലിരിക്കുമ്പോള്‍
മന്ദബദ്ധിയും പതിയേ
കണ്‍തുറക്കുന്നതു കാണാം

പെണ്ണും
പണവും
ഒഴുകിയെത്തുമ്പോള്‍
പുരോഹിതർ പിന്നെ
ആള്‍ദൈവങ്ങളിലേക്കാണ്‌
എടുത്തുചാടുന്നത്‌

അവരുടെ
അരമനകളിലിന്ന്‌
തപസ്സനുഷ്‌ഠിക്കാന്‍
മുതലാളിയും അധികാരിയും
പറന്നെത്തുന്നത്‌
കൗതുകക്കാഴ്‌ചയല്ല

ചായക്കച്ചവടക്കാരനും
ചെരുപ്പുകുത്തിയും
മീന്‍പിടുത്തക്കാരിയും
മുച്ചീട്ടുകളിക്കാരനും ഇവിടെ
മതംവെച്ചുകളിച്ചു ജയിച്ചു

ആരും ഇവിടെ
പിന്നിലല്ല,ചിലരിവിടെ
അമ്മയും അച്ചനുമായി കളിക്കുന്നു.

വേറെച്ചിലർ
ഗ്രഹനാമങ്ങള്‍
അറബിവല്‍ക്കരിച്ചു
കളിക്കുന്നുവെന്ന തിരുത്തുമാത്രം

കല്ലുവെച്ച
നുണകള്‍ കേട്ട്‌
മാറിനിന്നു
ചിരിക്കുന്നത്‌ ബുദ്ധിയല്ല

ഇരകളുടെ തലയില്‍
ഇടയ്‌ക്കിടെ മന്ത്രീക്കണം,
പിന്നെ അധികാരികളെ
അരമനകളില്‍നിന്ന്‌
ആട്ടിയിറക്കണം.

അതിന്‌
പ്രവാചകരുടെ
പിന്‍മുറക്കാരെവിടെ
അവരെ ലോകം ഇന്ന്‌തേടുന്നു

കാലത്തിനു
കൈകൊട്ടിച്ചിരിക്കാനല്ല
ലോകത്തിനു ഉണർന്നെണീക്കാനാണ്‌.
———————————
സുലൈമാന്‍ പെരുമുക്ക്‌

2016, ജൂൺ 27, തിങ്കളാഴ്‌ച

അശ്ലീല ഗാനം



  അശ്ലീലഗാനം
  ..........................
ജീവിതത്തിലേക്കു
കാലെടുത്തുവെച്ചപ്പോള്‍
അത്‌ മഹാകാവ്യ
മാകുമെന്നു കരുതി

മുന്തിരിത്തോപ്പുകള്‍
സ്വപ്‌നംകണ്ട ഞാന്‍
ചെന്നെത്തിയത്‌
മുള്‍ച്ചെടികള്‍ നിറഞ്ഞ
മൊട്ടക്കുന്നുകളിലാണ്‌

തണ്ണീർതടങ്ങള്‍
തേടിയലഞ്ഞപ്പോഴൊക്കെ
മരീചികയില്‍നിന്ന്‌
മരീചികകളിലേക്ക്‌
ആട്ടിയോടിക്കപ്പെട്ടു

വസന്തം
വിരിയാന്‍
ഉഴുതുമറിച്ചയിടം ഞൊടിയിടയില്‍
അഗ്‌നിപർവതമായുയർന്നു

സപ്‌ത
സാഗരങ്ങളുടെ
ഉറവയെപറ്റി ലോകം
എന്നോടു ചോദിക്കട്ടെ,
അന്നു ഞാന്‍ തീർത്തുപറയും
അത്‌ എന്റെകണ്ണുകളാണെന്ന്‌.

അക്ഷരതെറ്റുകളുടെ
ആവർത്തനംകൊണ്ട്‌
ജീവിതം പ്രകാശലോകത്തും
കുണ്ടനിടവഴിയാണെങ്കില്‍
അത്‌ അശ്ലീലഗാനമാണ്‌.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

ദൈവമേ നന്ദി


  ദൈവമേ നന്ദി
 ~~~~~~~~~~~

ശീലങ്ങളെ
വലിച്ചെറിയാന്‍
പഠിപ്പിച്ച മാസമാണിത്‌

മോഹങ്ങളെ
മാറ്റിവെക്കാന്‍ പഠിപ്പിച്ചതും
ഈമാസമാണ്‌, അതെ
ഇത്‌ റമദാന്‍ മാസമാണ്‌.

കൈയെത്തും ദൂരത്ത്‌
മഹാരുചിക്കൂട്ടൂകളുണ്ട്‌
നോക്കെത്തും
ദൂരത്ത്‌ ആരുമില്ല,
എന്നിട്ടും ഞനൊന്നും  കാണുന്നില്ല.

ഇത്‌
നന്ദിയുള്ള ദാസരൊക്കെ
നന്ദിയോതുന്ന മാസം

മാനവീകതയുടെ
ജീവിത രേഖ
തെളിഞ്ഞ മാസം
എത്ര അനുഗൃഹീതം

നേരിനോട്‌
ചാരിനില്‍ക്കുന്നവന്റെ
നെഞ്ചിലാണ്‌ ദൈവത്തിന്റെ
കൈയ്യൊപ്പെന്ന്‌ ഉറക്കെച്ചൊല്ലിയ
ഗ്രന്ഥം ഇറങ്ങിവന്നതിവിടെ


ഒരാണില്‍നിന്നും
പെണ്ണില്‍നിന്നും
പിറന്നവരൊക്കെ
സമന്‍മാരെന്നു വിളിച്ചോതുന്ന
മാസം വെളിച്ചമാണ്‌

ഈ ദിവ്യ
വെളിച്ചത്തില്‍
മുങ്ങിനില്‍ക്കുന്ന ഞാന്‍
വ്രതമെടുത്തു നന്ദിയോതുന്നു

ദൈവമേ നന്ദി,
ഒരുപാടു നന്ദി
പിന്നെയും പിന്നെയും
നന്ദിയോതുന്നു ഞാന്‍.
~~~~~~~~~~~~~~~~~
 സൂലൈമാന്‍ പെരുമുക്ക്‌