2014, ജൂൺ 14, ശനിയാഴ്‌ച

ലേഖനം:യെത്തീം ...

   ലേഖനം 
...................         യെത്തീം ...
                           ...................

പ്രിയപ്പെട്ട എൻറെ വായനക്കാരേ. മലയാളത്തിൽ ഇന്ന് ഏറെ 
ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണല്ലോ യെത്തീം എന്നത് .
ഈ വിഷയത്തിൽ മൂന്ന് കവിതകൾ (യെത്തീമിൻറെ 
ചോര മണക്കുന്നു ,നാറ്റം ,നിയമക്കുരുക്കിൽവീണ പക്ഷി )എ 
ഴുതിയിരുന്നു ഞാൻ . ഇപ്പോഴും ആ കവിതകൾ
 ബ്ലോഗിലും ഫേസ്ബുക്കിലും വായിച്ചു കൊണ്ടിരിക്കുന്നു ,ഏറെ സന്തോഷ 
മുണ്ട് എല്ലാവരോടും എനിക്ക് നന്ദിയും കടപ്പാടുമുണ്ട് ........എ 
ന്നാൽ ഈ കവിതകൾക്കടിയിലും ഫോണ്‍ വഴിയായും മെയിൽ 
വഴിയായും ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ആശ 
ങ്കകളും ചോദ്യങ്ങളും വന്നുകൊണ്ടിരിക്കുന്നു .എല്ലാം ഞാൻ നിറഞ്ഞ സ്നേഹത്തോടെ സ്വീകരിക്കുന്നു .സഹൃദയരേ വിശുദ്ധ 
മാലാഖമാരാണ് യെത്തീം ഖാനകൾ നടത്തുനതെന്ന അഭിപ്രായം 
എനിക്കില്ല .അത് എൻറെ കവിതകളിൽ നിന്ന്  മനസ്സിലായിക്കാണും .കുറ്റങ്ങളും കുറവുകളും ഉണ്ടാവാം ഒരു 
പക്ഷേ ചിലരെങ്കിലും യെത്തീമിൻറെ ചോര കുടിക്കുന്നുമുണ്ടാ
വാം അത് കണ്ടെത്തി നടപടികൾ എടുക്കേണ്ടത് മൻഷ്യപ്പറ്റുള്ള 
ഭരണാധികാരികളുടെ കടമയാണ് ....ഈ വിഷയത്തിൽ ഈ ഇടേ 
ഞാൻ വായിച്ച ഒരു ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് നന്നാ
യിരുക്കുമെന്നു തോനുന്നു .നമുക്ക് ഒരു പാട് പുതിയ അറി
വുകൾഇവിടെ  കിട്ടും ....നന്ദി സഹൃദയരേ ...വായന തുടരൂ ...
.........................................................................................................
രേഷ്മ കൊട്ടയ്കാട്ട് .
....................................
                                    അടിമ ജീവിതത്തിലേക്കവരെ തിരികെ 
                                    'കടത്തിക്കൊണ്ടു' പോകണമെന്നാണോ ?
............................................................................................................................
     കുറച്ചു  മാസങ്ങള്‍ക്കു  മുമ്പ്  ഒരു ചരിത്ര സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി രണ്ടു ദിവസം കോഴിക്കോട്  ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജില്‍ താമസിച്ചിരുന്നു. അനാഥരോ അഗതികളോ  ആയ അവിടത്തെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഞങ്ങളുടെ ആഹാരവും വിശ്രമവും ഉറക്കവും. ആദ്യദിവസം അന്തേവാസികളെ കാണും മുമ്പ്, രാത്രി ഭക്ഷണത്തിനു നിശ്ചയിച്ച സമയത്തിനും മുന്നേ മെസ്ഹാളിനു അടുത്തെത്തിയ ഞങ്ങള്‍ അതിനു മുന്നിലുള്ള ചെറിയ പൂന്തോട്ടത്തിന്റെ അരമതിലില്‍ ഇരുപ്പുറപ്പിച്ചു വര്‍ത്തമാനം തുടങ്ങി. സ്ഥാപനത്തിലെ  ചെറിയ കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമായിരുന്നു ഞങ്ങളുടെ ഊഴം. അപ്പോഴാണ് ഒരു ഹിന്ദി പാട്ട് പാടിക്കൊണ്ട് അഞ്ചോ ആറോ വയസ്സുള്ള, നന്നായി വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി ഞങ്ങളുടെ മുന്നിലൂടെ യാതൊരു കൂസലുമില്ലാതെ ആഹ്ലാദത്തോടെ നടന്നുപോയത്. ആ കുട്ടിയുടെ  ചിരിയും കളിയും  കണ്ടപ്പോള്‍ വല്ലാത്ത   അത്ഭുതംതോന്നി. അവിടെ പഠിക്കുന്ന ഒരു മുതിര്‍ന്ന വിദ്യാര്‍ഥിനിയോട് ആ ചെറിയ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചു; 'പശ്ചിമബംഗാള്‍  സ്വദേശിനിയാണ് ആ കുഞ്ഞുകുട്ടി, മിടുക്കിയാണ്' എന്നായിരുന്നു മറുപടി.
 
 
         അനാഥ-അഗതിമന്ദിരം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് സാധാരണ കടന്നുവരുന്ന  ചിത്രങ്ങള്‍ക്കും മുന്‍ധാരണകള്‍ക്കും നേര്‍വിപരീതമായിരുന്നു ജെ.ഡി.റ്റി  ഇസ്‌ലാം ഓര്‍ഫനേജിലെ കാഴ്ചകള്‍. പല പ്രായക്കാരായ കുട്ടികള്‍ അവിടെ മാന്യമായി സംരക്ഷിക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം  പ്രത്യേകം സൗകര്യങ്ങള്‍. മെഡിക്കല്‍ കോളേജ്  ഒഴികെ,  സാങ്കേതികവും അല്ലാത്തതുമായ ഏതാണ്ടെല്ലാ  വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളും അവിടെയുണ്ട്. പൊതു വിദ്യാര്‍ഥികള്‍ക്കും    അവിടത്തെ അന്തേവാസികള്‍ക്കും  ഒരുപോലെ  വിദ്യാഭ്യാസം നേടാന്‍ സാഹചര്യം ഒരുക്കിയിട്ടുണ്ട് സ്ഥാപനാധികൃതര്‍. മനോഹരമാണ് കാമ്പസ്. ഏതോ കലാപരിപാടിയില്‍ പങ്കെടുക്കേണ്ട  കുട്ടികള്‍ പാട്ടും ഡാന്‍സുമൊക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു, അവരതില്‍ നല്ല നിലവാരം പുലര്‍ത്തുന്നതായി തോന്നി. ക്രിസ്തുമസ് അവധി ആയതിനാല്‍ സമീപ പ്രദേശത്തുകാരായ കുട്ടികളെ  ബന്ധുക്കള്‍ വന്ന് കൂട്ടികൊണ്ട് പോയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ധാരാളം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. അവരെ നീണ്ട അവധി ഉള്ളപ്പോള്‍ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകൂ. ഉത്തരവാദപ്പെട്ട  ആളുകള്‍ ആണ് അവരെ നാട്ടില്‍ കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും. നല്ല ഭക്ഷണം, നല്ല വസ്ത്രം, സ്വതന്ത്രവും സന്തോഷകരവുമായ സാമൂഹികാന്തരീക്ഷം,  സ്‌നേഹവും കാരുണ്യവും പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന നടത്തിപ്പുകാര്‍. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍. നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുതകുന്ന പാഠ്യേതര പദ്ധതികള്‍..... അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍  ഇത്തരം ധാരാളം അനാഥ-അഗതി സംരക്ഷണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്  അറിയാന്‍  കഴിഞ്ഞു.
 
 
          അനാഥ സംരക്ഷണവും സാധുജന പരിപാലനവും ഏറ്റവും ഉന്നതമായ ഉത്തരവാദിത്വമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ''അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്ന് നിന്നോടവര്‍ ചോദിക്കുന്നു. പറയുക: എങ്ങനെ വര്‍ത്തിക്കുന്നതാണോ അനാഥര്‍ക്ക് ഗുണകരം അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉത്കൃഷ്ടമായിട്ടുള്ളത്'' (അല്‍ബഖറ 220) എന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍, മനുഷ്യസമൂഹം  പരീക്ഷണങ്ങളും  ദാരിദ്ര്യവും നേരിടേണ്ടിവരുന്നതിന്റെ കാരണം  ഇങ്ങനെ  വ്യക്തമാക്കുന്നു: ''നിങ്ങള്‍ അനാഥനെ ആദരിക്കുന്നില്ല. അഗതിയുടെ അന്നം കൊടുക്കാന്‍ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല. പൈതൃക സ്വത്തൊക്കെയും കൂട്ടിവെച്ച് തിന്നുന്നു. ധനത്തെ അന്ധമായി പ്രേമിക്കുകയും ചെയ്യുന്നു'' (അല്‍ഫജ്ര്‍ 17). ''നീ അനാഥരെ ഞെരുക്കരുത്, ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കുകയുമരുത്'' (അദ്ദുഹ 9) എന്ന് അല്ലാഹു താക്കീത് നല്‍കിയിട്ടുണ്ട്. ദൈവിക പ്രത്യയശാസ്ത്രത്തെ  നിഷേധിക്കുന്നവര്‍ ആരാണെന്നു  ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക: ''ദീനിനെ  തള്ളിപ്പറയുന്നവനെ നീ കണ്ടിട്ടുണ്ടോ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍'' (അല്‍മാഊന്‍ 1-3).
 
 
         ഈ ദൈവിക പ്രത്യയശാസ്ത്രത്തിന്റെ  കല്‍പ്പനകള്‍  പൂര്‍ത്തീകരിക്കാനാണ് അനാഥശാലകളിലൂടെയും  മറ്റും ഉത്തരവാദപ്പെട്ടവര്‍ പരിശ്രമിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തില്‍ ഇത്തരം അനാഥ-അഗതി മന്ദിരങ്ങള്‍ നിലവിലുണ്ട്. ആദ്യകാലങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ മാത്രമായിരുന്നു ഇവിടങ്ങളില്‍ പഠിച്ചിരുന്നത്. എന്നാല്‍, കേരളം കൈവരിച്ച സാമ്പത്തിക-സാമൂഹിക അഭിവൃദ്ധി, കേരളത്തിലെ അനാഥ-അഗതി കുട്ടികളെ അതതു കുടുംബങ്ങളില്‍ തന്നെ സംരക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി. അതിന്റെ ഫലമായി മലയാളി കുട്ടികളെ ഇത്തരം ഓര്‍ഫനേജുകളില്‍  താമസിപ്പിക്കേണ്ട  ആവശ്യം  പഴയതുപോലെ  ഇപ്പോള്‍ ഇല്ല.
 
 
         എന്നാല്‍, കേരളം ഒഴികെയുള്ള  ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിശേഷിച്ചും ഉത്തരേന്ത്യയിലെ പാവങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്  അവര്‍ അനുഭവിക്കുന്ന  ദൈന്യതയും കഷ്ടപ്പാടുകളും. മൂന്ന് നേരത്തെ ആഹാരമോ മാന്യമായ വസ്ത്രമോ  വൃത്തിയുള്ള കിടപ്പാടമോ ഇല്ലാത്ത നമ്മുടെ സഹോദരങ്ങള്‍ ജാതി-മത-വര്‍ഗ വിവേചനമില്ലാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ കാലങ്ങളായി അനുഭവിക്കുന്ന ദാരിദ്ര്യം അവരുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ പോലും  ത്രാണിയില്ലാത്തവരാക്കി അവരെ മാറ്റി.  അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്ക് പുറമെ മാനസികമായ ശക്തി കൂടി പകര്‍ന്നുകൊടുക്കണം. അതിനു വിദ്യാഭ്യാസം നേടണം, പൊതു സമൂഹവുമായി ഇടപഴകിയുള്ള അനുഭവ പരിജ്ഞാനവും മാനസിക വികാസവും ഉണ്ടാകണം. ഇതെല്ലാം അവര്‍ ജീവിക്കുന്ന അത്യന്തം പിന്നാക്കമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. അതിനു വലിയ തോതിലുള്ള സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ആവശ്യമാണ്.
 
 
         നൂറും നൂറ്റമ്പതും കിലോമീറ്റര്‍ ചുറ്റളവില്‍ പ്രൈമറി സ്‌കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ മറ്റു അവശ്യ സംവിധാനങ്ങളോ ഇല്ലാത്ത  ജീവിത സാഹചര്യത്തെ കുറിച്ച് നാം കേരളീയര്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?
ഞാന്‍ ഹൈദരാബാദില്‍ താമസിക്കുമ്പോള്‍ പരിചയപ്പെട്ട, ആന്ധ്രാപ്രദേശിന്റെ  ഉള്‍പ്രദേശത്തു  നിന്നുള്ള  സുഹൃത്ത്  പങ്കുവെച്ച അനുഭവം ഓര്‍മയില്‍ വരുന്നു. അവരുടെ നാട്ടില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കണമെങ്കില്‍ ഒന്നുകില്‍  ഹൈദരാബാദില്‍ വരണം. ഇല്ലെങ്കില്‍ 100 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് പോകണം. അവരുടെ അഭിപ്രായത്തില്‍ കേരളം മുഴുവന്‍ ടൗണ്‍ ആണ്. ഇത് ആന്ധ്രയുടെ സ്ഥിതി. അപ്പോള്‍ അതിലും പതിന്മടങ്ങ് പിന്നിലുള്ള പശ്ചിമബംഗാള്‍, ബിഹാര്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ആദിവാസികളേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിലും നഗര ചേരികളിലും  വരെ ത്യാഗപൂര്‍ണമായി സേവനം ചെയ്യുന്നുണ്ട് മലയാളികളില്‍ ചിലര്‍. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്  നേതൃത്വം നല്‍കുന്ന 'വിഷന്‍ 2016' അതിന്റെ മികച്ച ഉദാഹരണമാണ്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ  പ്രവര്‍ത്തനങ്ങളും  ലേഖനങ്ങളും  മറ്റു മലയാളി സംഘടനകളുടെ ശ്രദ്ധ  ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലേക്ക് തിരിയാന്‍ കാരണമായിട്ടുണ്ടാകണം. പ്രാദേശിക വിവേചനമില്ലാതെ, സകാത്തിന്റെ വിതരണവും ജനസേവന പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ നടത്താന്‍ സംഘടനകള്‍ തയാറാകുന്നുണ്ടെങ്കില്‍ അതും നല്ല മാറ്റമാണ്.
 
 
         ഈ അവസ്ഥയില്‍ ഉത്തരേന്ത്യയിലെ കുട്ടികള്‍ക്ക്  നിലവാരമുള്ള വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കാനുള്ള സാമൂഹിക സാഹചര്യം ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കേണ്ട  കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, അവരുടെ നേരെ ക്രൂരമായി കണ്ണടക്കുമ്പോഴാണ് കേരളം പോലെ മെച്ചപ്പെട്ട പ്രദേശത്തെ ചില സന്നദ്ധ സംഘടനകളും  യതീംഖാനകളും  ഈ കുട്ടികളുടെ എല്ലാവിധ സംരക്ഷണവും ഏറ്റെടുക്കാന്‍ തയാറായതും അവരുടെ രക്ഷകര്‍ത്താക്കള്‍ അതിനോട് സഹകരിച്ചതും. അങ്ങനെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ കേരളത്തിലെ യതീംഖാനകളില്‍  കുറച്ചു വര്‍ഷങ്ങളായി താമസിച്ചു പഠിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ അനാഥശാലകളുടെ ഈ പ്രവൃത്തി  വലിയൊരു ദേശീയ ദൗത്യമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും സാര്‍വത്രിക വിദ്യാഭ്യാസവും വഴി ദേശപുനര്‍നിര്‍മാണത്തില്‍  പങ്കുവഹിക്കാനുള്ള സന്നദ്ധ സംഘടനകളുടെ ഈ ശ്രമത്തെ  പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അധികാരികള്‍  ചെയ്യേണ്ടിയിരുന്നത്. പകരം കേരളത്തില്‍ പഠിക്കാന്‍ വന്ന അനാഥ - അഗതി കുട്ടികളെ  തടഞ്ഞുവെച്ചും തിരിച്ചയച്ചും  ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നിലപാടെടുത്തത്, ഒരു ജനത വിദ്യാഭ്യാസവും  സാമൂഹിക സാമ്പത്തിക വളര്‍ച്ചയും ഇല്ലാതെ  എന്നും റിക്ഷ വലിക്കാരും മറ്റുമായി  അടിമജീവിതം നയിക്കട്ടെ  എന്ന ലക്ഷ്യത്തോടെയാണോ?
 
 
         വേനലവധിക്ക്  സ്വന്തം കുടിലുകളില്‍ പോയ കുട്ടികളെ സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൂട്ടികൊണ്ടുവരുമ്പോള്‍ അവര്‍ക്കൊപ്പം പുതിയതായി ചേരാനാഗ്രഹിക്കുന്ന ഏതാനും കുട്ടികളും വന്നു. അവിടങ്ങളിലെ തന്നെ  മുതിര്‍ന്ന ചിലരെ യതീംഖാനകളില്‍ സേവനത്തിനായി കൂടെ കൂട്ടുകയും ചെയ്തു. ഈ സംഘത്തെയാണ് കേരളത്തിലെ അധികാരി വര്‍ഗം പോലീസിനെ ഉപയോഗിച്ച് തടഞ്ഞുവെച്ചത്. എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ചുകുഞ്ഞുങ്ങളെ കാക്കിയിട്ട നിയമപാലകര്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ കേരളത്തിലെ  വര്‍ഗീയ രാഷ്ട്രീയക്കാരും അച്ചടി ദൃശ്യമാധ്യമങ്ങളും 'പാകിസ്താനില്‍ നിന്നും പാലക്കാട്ടേക്ക് നുഴഞ്ഞുകയറിയ ഭീകരരെ' പിടിച്ച ആവേശത്തില്‍ പ്രസ്താവനകള്‍ ഇറക്കുകയും  അക്ഷരങ്ങള്‍ നിരത്തുകയും ചെയ്തു. ഇതിനെ മനുഷ്യക്കടത്തായും  ഭീകര പ്രവര്‍ത്തനമായും ചിത്രീകരിച്ചു. കേരളത്തില്‍ 'ഭീകരവേട്ട' നടത്തിയ ആവേശത്തില്‍ കാക്കിയിട്ട വനിതയടക്കം കുട്ടികള്‍ക്ക് നേരെ ആക്രോശിച്ചു. കുട്ടികളെ പ്രസവിച്ചിട്ടുള്ള ഈ അമ്മയും, അന്വേഷിക്കാന്‍ ഉത്തരവിട്ട മറ്റൊരു അമ്മയും അനാഥ-അഗതി  കുട്ടികളോട്  സ്വീകരിച്ച ഇത്തരമൊരു നിലപാട് മാതൃത്വത്തിനു തന്നെ അപമാനമാണ്. കൊടും ചൂടില്‍ ആ കുരുന്നുകളെ റെയില്‍വേ സ്റ്റേഷനിലും വഴിവക്കിലും ഇരുത്തി പോലീസിനെ കൊണ്ട് പേടിപ്പിച്ചതിനു എന്ത് നടപടിയാണ് കേരളത്തിലെ ശിശു സംരക്ഷണ സമിതി കൈക്കൊള്ളുക?
 
 
         കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന  'അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവരാന്‍ പാടില്ല' എന്നാണ്. 'സാമൂഹിക സേവനം ചെയ്യാനാഗ്രഹിക്കുന്നവര്‍ അവിടെ പോയി അതു ചെയ്യട്ടെ' എന്നും അദ്ദേഹം പറയുകയുണ്ടായി. മലയാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ ചെയ്യുന്ന, നേരത്തെ സൂചിപ്പിച്ചതുപോലുള്ള സേവനങ്ങളെക്കുറിച്ചറിയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ഇനി ഇവിടെ വന്ന് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ പഠിക്കാന്‍ പാടില്ലെന്നാണെങ്കില്‍, കേരളത്തിലെ  ഐ.ഐ.എം, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന  അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ കേരളം വിട്ടുപോകണമെന്ന് പറയാനും  അന്യസംസ്ഥാനത്ത് പഠിക്കുന്ന കേരളത്തിലെ കുട്ടികളെ തിരിച്ചുവിളിക്കാനും  ആഭ്യന്തരമന്ത്രി തയാറാകുമോ? കേരളത്തിലെ നിര്‍മാണ മേഖലയിലടക്കം ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കുമോ? പഠിക്കാന്‍ കൊണ്ടുവരുന്നതിനെ 'മനുഷ്യക്കടത്ത്' എന്നു പറഞ്ഞു നിരോധിക്കുമ്പോള്‍ കേരളം പതിറ്റാണ്ടുകളായി ഗള്‍ഫ്  അടക്കമുള്ള വിദേശ നാടുകളിലേക്ക് ജോലിക്കുവേണ്ടി  കടത്തിവിട്ടിരിക്കുന്ന മനുഷ്യരെ തിരിച്ചുവിളിക്കാന്‍ തയാറാകുമോ? സുഊദി അറേബ്യയില്‍ നിതാഖാത് വന്നപ്പോള്‍ കേരളം നിലവിളിച്ചത് നാം കണ്ടതാണല്ലോ.
 
 
         ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണ് ആഭ്യന്തരമന്ത്രി രമേശ്  ചെന്നിത്തലയുടേത്. ഭരണഘടനയെക്കുറിച്ച് സാമാന്യ വിവരം പോലും ഇല്ലെന്നു തോന്നുംവിധം പ്രസ്താവനയിറക്കിയ അദ്ദേഹം  ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനാണോ?
ആയുസ്സിന്റെ പകുതിയിലധികം, സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും അത് നിലനിര്‍ത്താനും നെട്ടോട്ടമോടിയപ്പോള്‍ രാജ്യത്തെ പാവപ്പെട്ട കുട്ടികളുടെ   ദയനീയത കാണാന്‍ സമയം കിട്ടാതിരുന്നത് സ്വാഭാവികമാണ്.
 
 
         'മനുഷ്യക്കടത്ത്' എന്ന പദം  സാധാരണയായി  അനാശാസ്യ   പ്രവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും വേണ്ടി സ്ത്രീ-പുരുഷന്മാരെ കടത്തിക്കൊണ്ടുവരുന്നതിനാണ് ഉപയോഗിക്കുന്നത്. കേന്ദ്രം നരേന്ദ്ര മോദി ഭരിക്കുമ്പോള്‍   ആ പദപ്രയോഗം കൊണ്ട്  ചെന്നിത്തല ചിലത് പ്രതീക്ഷിക്കുന്നുണ്ടാവാം. അല്ലെങ്കില്‍ പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി സംരക്ഷിക്കാന്‍ കേരളത്തില്‍ കൊണ്ടുവന്നതിനെക്കുറിച്ച് അത്തരമൊരു പദം  ഉപയോഗിച്ചതിന്റെ  പിന്നിലെ  വികാരം മറ്റെന്താണ്? പട്ടിണിപ്പാവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി കൊണ്ടുവന്നാല്‍ അതിനെ മനുഷ്യക്കടത്തായി ചിത്രീകരിക്കാന്‍ അസാമാന്യ അധാര്‍മികബോധം വേണം.
 
 
         കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത അനാഥാലയത്തിന്റെ നടത്തിപ്പില്‍ ധാര്‍മികമായോ നിയമപരമായോ എന്തെങ്കിലും കുഴപ്പമുണ്ടോ? കുട്ടികളെ എന്തുകൊണ്ട് ആ ഓര്‍ഫനേജില്‍തന്നെ, അവര്‍ക്ക് പരിചയമുള്ളവരുടെ ഒപ്പം നിര്‍ത്തികൊണ്ട് നടപടികളെടുക്കുന്നില്ല?
എന്തിനാണ് കുട്ടികളെ പലവഴിക്ക് പിരിച്ചു നിര്‍ത്തി ഭയപ്പെടുത്തുന്നത്? ഈ കുട്ടികളെ കൊണ്ടുവന്നത് കണ്ടപ്പോള്‍ സംശയം തോന്നിയ 'മഹാത്മാക്കള്‍' ആ കുട്ടികള്‍ സന്തോഷത്തോടെ ബന്ധുക്കളോടൊപ്പം  നില്‍ക്കുന്നത് കണ്ടിരുന്നില്ലേ? ഈ കുട്ടികള്‍ക്കെതിരായ നടപടികള്‍ക്കു പിന്നില്‍ അനാഥ സംരക്ഷണ കേന്ദ്രങ്ങളെ പീഡിപ്പിക്കാനുള്ള ശ്രമമാണോ? ഈ നടപടികള്‍ക്ക് മുന്‍കൈ എടുത്ത അധികാരികള്‍ക്ക് ഒരു കുട്ടിയെ എങ്കിലും ഇത്തരം രീതിയില്‍ സംരക്ഷിക്കാന്‍ സാധിക്കുമോ? വിവര സാങ്കേതികവിദ്യ ഏറെ വികസിച്ച ഇക്കാലത്ത് യതീംഖാന ശരിയായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? തെരുവ് കുട്ടികളെ അടക്കം സംരക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ എല്ലാ കുട്ടികളും അവരുടെ സ്വന്തം സ്ഥലത്ത് നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണ്?
 
 
         തെറ്റായ പല ന്യായങ്ങളും പറഞ്ഞ് മുന്നൂറിലേറെ കുട്ടികളെ  തിരിച്ചയക്കാന്‍ തീരുമാനിച്ചവരോടും ചില ചോദ്യങ്ങളുണ്ട്; ആ കുട്ടികളുടെ സംരക്ഷണം അതതു സംസ്ഥാനങ്ങളില്‍ നിങ്ങളോ അവിടത്തെ ഉത്തരവാദപ്പെട്ടവരോ ഏറ്റെടുക്കുമോ?
അവര്‍ക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട  ജീവിത സാഹചര്യവും ഉറപ്പുനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? വലിയ പ്രതീക്ഷയില്‍ ഒരുപാട് മോഹങ്ങളുമായി വന്ന ആ കുട്ടികളും മാതാപിതാക്കളും തിരിച്ചുപോകുന്നത് പ്രതീക്ഷയറ്റ മനസ്സുമായാണ്. ആ കുരുന്നു മക്കളെ വേദനിപ്പിച്ചിട്ട്  നിങ്ങള്‍ എന്തു നേടി? ഉത്തരേന്ത്യന്‍ തെരുവുകളിലും ചേരികളിലും ഈ കുട്ടികള്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാതെ അലഞ്ഞുതിരിഞ്ഞപ്പോള്‍ മനുഷ്യത്വം കാണിക്കാത്ത അവിടത്തെ ശിശുക്ഷേമ സമിതികളില്‍  ഈ കുട്ടികളുടെ സംരക്ഷണം  ഏല്‍പിക്കാന്‍  ശ്രമിക്കുന്ന കേരള സര്‍ക്കാറിന് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം ഏതെങ്കിലുമൊരു ഗുഡ്‌സ് ട്രെയിനില്‍ അവരെ കയറ്റിവിട്ടു പണി തീര്‍ക്കുകയാണ്.
 
 
         ഇത് കേരളത്തില ആദ്യ സംഭവമല്ല. ഒരു നാടോടി സ്ത്രീയെയും അവര്‍ സംരക്ഷണം കൊടുത്ത കുട്ടിയെയും കേരളം നിയമക്കുരുക്കില്‍ പെടുത്തി  പീഡിപ്പിച്ചിട്ട് അധികനാളായിട്ടില്ല. സ്വന്തം അഛന്‍ വില്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ അയാള്‍ ചോദിച്ച വില കൊടുത്തുവാങ്ങിയാണ് ആ സ്ത്രീ കുട്ടിയെ വളര്‍ത്തിയത്. നല്ല വിദ്യാഭ്യാസവും സംരക്ഷണവും കൊടുക്കാന്‍ അവര്‍ക്ക് സ്വന്തമായി കഴിയാതെ വന്നപ്പോള്‍ കോഴിക്കോട്ടുള്ള ഒരു യതീംഖാനയില്‍ കുട്ടിയുടെ സംരക്ഷണച്ചുമതല ഏല്‍പിച്ചു.   അവധിയായപ്പോള്‍ കൂട്ടികൊണ്ടുപോകുന്ന വഴിയിലാണ് പോലീസ് അവരെ പിടികൂടി പീഡിപ്പിച്ചത്. എട്ടും പത്തും  വയസ്സുള്ള കുട്ടികളെ കേരളത്തിലെ സമ്പന്നവര്‍ഗം വീട്ടുജോലിക്ക് നിര്‍ത്തി മനുഷ്യാവകാശ ലംഘനം  നടത്തുമ്പോള്‍   കണ്ണടച്ച് ഇരുട്ടാക്കുന്ന ഇവര്‍ എന്നും പാവങ്ങളുടെമേല്‍ നിയമം പറഞ്ഞ് മെക്കിട്ടുകയറുന്നുവെന്നത് വിരോധാഭാസമാണ്.
 
 
         സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ ജനം ഭയപ്പെടുന്ന അവസ്ഥക്കാണ് അധികാരിവര്‍ഗത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാവുക. വഴിയില്‍ അലഞ്ഞു തിരിയുന്ന ഭ്രാന്തന് ഭക്ഷണം കൊടുക്കാന്‍ പോലും ജനം ഭയക്കുന്നു. അതിനും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവരുന്ന കാലം! അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ വല്ലവനും ശ്രമിച്ചാല്‍ അപകടത്തിന്റെ ഉത്തരവാദിത്വം അവന്റെ തലയിലാക്കുന്ന ധാര്‍മികബോധം തീണ്ടിയിട്ടില്ലാത്ത അധികാരികള്‍ രാജ്യത്തിനു ശാപമാണ്. കാഴ്ച എന്ന മലയാള സിനിമയാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മവരുന്നത്. 2002-ല്‍ ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വീടും ബന്ധുക്കളും  നഷ്ടപ്പെട്ട അനാഥബാലനെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ ശ്രമിച്ച  നിഷ്‌കളങ്കനായ  മലയാളി അനുഭവിക്കേണ്ടി വന്ന നിയമപരമായ  നൂലാമാലകളും  ഉദ്യോഗസ്ഥ പീഡനങ്ങളും കാഴ്ചക്കാരെ കരയിപ്പിക്കുംവിധം ആവിഷ്‌കരിച്ചിട്ടുണ്ട്  സംവിധായകന്‍ ബ്ലെസ്സി.  ഒടുവില്‍ ആ കുഞ്ഞിനെ  കേരളത്തിലെ സുരക്ഷിതമായ ജീവിത സാഹചര്യത്തില്‍നിന്ന് പറിച്ചെടുത്ത്, ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ  ഓര്‍മിപ്പിക്കുംവിധമുള്ള ഗുജറാത്തിലെ അഭയാര്‍ഥി കേന്ദ്രത്തിലെ ഇരുളടഞ്ഞ ഭാവിയിലേക്ക് തള്ളിവിട്ടപ്പോള്‍  ഇവിടത്തെ അധികാരി വര്‍ഗത്തിനും  മനസ്സാക്ഷിയില്ലാത്ത  ചില മനുഷ്യജന്മങ്ങള്‍ക്കും സമാധാനമായതും  ചിത്രത്തില്‍ നാം കണ്ടതാണ്. സിനിമ കണ്ട രാഷ്ട്രീയക്കാരും അധികാരികളും സാമൂഹിക പ്രവര്‍ത്തകരും ചിത്രം മുന്നോട്ടുവെച്ച പ്രമേയത്തെ  പുകഴ്ത്തിയതും അവരുടെ   വേദനയില്‍ മാനസികമായി പങ്കാളികളായതും ആ അനാഥ ബാലന്‍ മുസ്‌ലിമല്ലാത്തത് കൊണ്ടായിരുന്നുവെന്ന്  ഇപ്പോഴാണ് മനസ്സിലായത്. അപ്പോള്‍, ഇത്രയും കുട്ടികളെ  മനപ്പൂര്‍വം പീഡിപ്പിച്ചു സന്തോഷം കണ്ടെത്തുന്നതിലൂടെ പുറത്തുവരുന്നത് ചിലരുടെ ഉള്ളിലുള്ള വര്‍ഗീയതയാണ്. അത് തിരിച്ചറിഞ്ഞ്  പ്രതിരോധിക്കാന്‍ കേരളത്തിലെ മതേതര സമൂഹം  മുന്നിട്ടിറങ്ങേണ്ടതുണ്ട്. ...കടപ്പാട് പ്രബോധനം വാരികjune 15 2014 . ...നന്ദി .
 
 
 
 

2014, ജൂൺ 13, വെള്ളിയാഴ്‌ച

കവിത :വെറും വാക്കല്ല


കവിത 
................

                      വെറും വാക്കല്ല 
                 .......................................

ഒരു പാട് 
ഭൂമിയുള്ളവനും 
ഒടുക്കം ഒന്നു 
ഞെരുങ്ങിക്കിടക്കാനുള്ള 
സ്ഥലം മതി 

പത്തായം നിറയെ 
വിത്ത മുണ്ടെന്നു കരുതി 
അഹങ്കരിക്കുന്നവൻ 
പടു വിഡ്ഢി 

മുഖ ശ്രീയല്ല 
ഹൃദയ ശ്രീയാണു 
പെരുമ 

എത്ര ഒഴുകിയാലും 
വറ്റാത്തതാണ്സ്നേഹം 
എന്നിട്ടും നമ്മളതിനു  
തടയണകൾ തീർക്കുന്നു 

കാട്ടിൽ  
കലഹമില്ല ,കലാപമില്ല 
കരിഞ്ചന്തയില്ല ,
പൂഴ്ത്തിവെയ്പ്പില്ല 
സുഭിക്ഷമായ ഭക്ഷണം 
സുന്ദരമായ ജീവിതം .

ബുദ്ധിയുള്ള 
മനുഷ്യൻ ഇനിയും 
കാട്ടിൽ ചെന്നു പഠിക്കണം 

സ്വാർത്ഥനായ ഖായേൽ 
ആബേലിനെ 
കൊന്നപ്പോൾ 
കുഴിച്ചു മൂടുന്നത് 
കാക്കയിൽ നിന്നത്രേ പഠിച്ചത് 

കരുണ വറ്റി 
ധൂർത്തിൻറെ 
പര്യായങ്ങളായി 
പറക്കുമ്പോഴും 
നാം ഉപദേശിയുടെ
 ഉടയാടയണിയുന്നു 

പറയാൻ 
എത്ര എളുപ്പം 
ജീവിക്കുന്നതല്ലേ വലുപ്പം 

ശവത്തിൻറെ അരികിൽ 
വന്നിരിക്കുന്ന കഴുകൻ 
എത്ര സാധുവായാണ് 
കാണപ്പെടുന്നത് ...
.................................................

             സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 
....................................................................
    
    

2014, ജൂൺ 11, ബുധനാഴ്‌ച

കവിത :മലപ്പുറമെന്നു കേട്ടാൽ ...


കവിത 
................
                          മലപ്പുറമെന്നു കേട്ടാൽ ...
                      ....................................................

തമാശക്കാരനായിരുന്ന 
മുഖ്യ മന്ത്രിക്കും 
മലപ്പുറമെന്നുരിയാടാൻ 
മടിയായിരുന്നു 

തരം കിട്ടിയപ്പോഴൊട്ടും 
പാഴാക്കിയിട്ടില്ല 
പാകിസ്ഥാനെന്നു വിളിച്ചു- 
ചിരിച്ചു രസിച്ചു 

ജനപ്രിയ മാമനും 
മലപ്പുറം മക്കൾ 
പഠിച്ചു ജയിച്ചാൽ 
മനസ്സിലൊരു 
കറുത്ത (കാവി )'ലടു 'പൊട്ടും 

ഇന്ന് ഇന്ത്യയുടെ 
നടുവിൽ നിന്ന് 
സുബ്രമണ്യ സ്വാമി 
മലപ്പുറത്തെ വരച്ചപ്പോൾ 
വർഗീയ മുഖമാണ് നല്കിയത് 

മലപ്പുറമെന്നു കേട്ടാൽ 
മനസ്സിൽ തെളിയണം 
ഒരു ഭീകര കോട്ട 
മുസ്ലിമെന്നു കേട്ടാലോ 
എഴുതണം നാം തീവ്രവാദിയെന്ന് 

കറുപ്പ് 
നുരയുമ്പോൾ 
പൊതു ബോധം 
അധി വേഗം 
വികൃതമാകുന്നുണ്ടിവിടെ 

അവർ 
വിറകൊരുക്കുമ്പോൾ 
നിങ്ങൾ എന്തെടുത്തിരുന്നു -
എന്ന ചോദ്യത്തിന് 
കത്തുന്ന വെയിലേറ്റ് 
'വീവ്രേജ്  'കൾക്കു മുന്നിൽ 
കാവൽ നില്ക്കയായിരുന്നെന്നു 
ഉത്തരമെഴുത്തണം 

ലഹരിയൊന്നും 
നിത്യ ശാന്തി പകരില്ല 
ലഹരി പിരിയുമ്പോൾ 
കാഴ്ചയും വിവേകവും 
തിരിച്ചെത്തും 

അന്ന് സ്വന്തം 
കൈകളിലേക്ക് നോക്കി 
പൊട്ടിക്കരയും 
പിന്നെ രാജതല്പത്തിൽ 
കിടന്നാലും 
ഉറക്കം വരാത്ത 
രാവുകളായിരിക്കും 

എന്തിനായിരുന്നു 
ഇതെല്ലാം 
എന്നു ചിന്തിക്കേണ്ടത് അന്നല്ല 
ഇന്നു തന്നെ 
ചിന്തിച്ചുണരണം നാം .
.................................................
ചിത്രം :ഗൂഗിളിൽ നിന്ന് ....നന്ദി 
......................................................
    

                  സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 
....................................................................
        

2014, ജൂൺ 10, ചൊവ്വാഴ്ച

കവിത :നിയമക്കുരുക്കിൽ വീണ പക്ഷി ...



കവിത 
..................
                         നിയമക്കുരുക്കിൽ 
                              വീണ പക്ഷി ....   
                           ..............................................

ഇനിയും 
മരിച്ചിട്ടില്ലാത്ത എൻറെ
സ്വപ്നങ്ങളുടെ  
വർണച്ചിറകുകൾ 
ആരൊക്കെയോ മുറിച്ചു മാറ്റി 

ഇന്നിപ്പോൾ 
അവർ പറയുന്നു 
നീസ്വതന്ത്രനാണ് 
വിഹായസ്സിൽ പറന്നുയർന്നു 
ജീവിതം ആസ്വദിക്കൂ എന്ന്

അവർക്കെന്തറിയാം 
ഊഷര ഭൂമിയിൽ നിന്ന് 
പച്ചത്തുരുത്തു കണ്ട് 
പറന്നു വന്നതാണ് ഞാൻ 

എൻറെ 
പ്രതീക്ഷകളെ 
അവർ കൊത്തിയരിഞ്ഞു 
ഞാൻ വരച്ച 
വർണ ചിത്രങ്ങളവർ 
പിച്ചിചീന്തി 

ഇതെല്ലാം 
എന്തിനായിരുന്നു വെന്ന് 
അവരുടെ 
പൂമുഖത്തുനിന്ന് 
ആർക്കുംവായിച്ചെടുക്കാം 

ഗംഗയിൽ 
ആയിരംവട്ടം 
മുങ്ങിക്കുളിച്ചാലും 
അവരുടെ ഹൃദയത്തിലെ 
കറുത്തകറ മായുകില്ല 

അവസാനമായി 
ഞാൻ പറയട്ടെ,പ്രാർത്ഥിക്കട്ടെ - 
 ഇറ്റി റ്റി വീഴുന്ന 
 ഈ കണ്ണീർ കണങ്ങൾ 
നിങ്ങളിലേക്ക് 
പ്രളയമായി ഉയരാതിരിക്കട്ടേ ...

നിയമങ്ങൾ 
തേങ്ങുന്ന മനസ്സിന് 
തണലായിരിക്കണം 
കരങ്ങളുടെ 
ധർമ്മമാണ് 
കണ്ണീരൊപ്പുന്നത് 

ഇനിയുമീ 
പ്രബുദ്ധതയ്ക്കു 
മുന്നിൽ നിന്നു 
ഞാൻ എന്തു പറയണം ?
കാറ്റ് വീശുമ്പോൾ കാണാം  
വൻ മരങ്ങൾ ആടിഉലയുന്നത് 

ഞാൻ പോകുന്നു 
നിങ്ങൾക്ക് സലാം 
ജയ്‌ ഹിന്ദ്‌ .
.............................................................................
ചിത്രം :മുഖപുസ്തകത്തിൽ നിന്ന് ...നന്ദി 
.........................................................
             സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  
................................................................

2014, ജൂൺ 8, ഞായറാഴ്‌ച

കവിത :ശീലങ്ങളുടെ അടിമകൾ


കവിത 
...............
                      ശീലങ്ങളുടെ അടിമകൾ 
                 ......................................................
കൂടെയിരുത്തി 
ചോറു കൊടുത്താലും 
തൃപ്തിവരാത്ത ചിലരുണ്ട് 

അവർക്കിഷ്ടം 
തറവാട്ടുകാരുടെ 
അടുക്കളയിലും 
തോട്ടത്തിലും നിരങ്ങി -
ദൂരയിരുന്നു കഞ്ഞികുടിക്കുന്നതാണ് .

വിയർപ്പ് 
വറ്റുന്നതിനുമുമ്പ് 
കൂലി കൊടുത്താലും 
നാളെവാ ,നാളെവാ 
എന്നു പറയുന്നവൻറെ മുമ്പിൽ 
കുമ്പിട്ടു, കൈനീട്ടുന്നതാണിഷ്ടം 

ശീലങ്ങളുടെ 
അടിമകളാണവർ 
സ്വയം തിരിച്ചറിഞ്ഞിട്ടും 
രക്ഷപ്പെടാൻ മനസ്സ് 
പാകപ്പെടാത്തവർ 
 
ചങ്ങല ഉരഞ്ഞ 
പാടുകളിൽ 
ചൊറിയുമ്പോഴുള്ള സുഖം 
സ്വാതന്ത്ര്യത്തിൻറെ 
ശുദ്ധവായു ശ്വസിക്കുമ്പോൾ 
കിട്ടുകില്ലെന്നാണ് 
ഉറക്കത്തിലും അവർ പറയുന്നത് 

കീഴാളനിൽ 
അടിമത്ത ഭാവം 
നില നിർത്തുന്നതിൽ 
മേലാളനിന്നും 
വിജയിച്ചിരിക്കുന്നു

അതുകൊണ്ടാണ് 
ഭാരതിയരിന്നും 
കോടിപതികളേയും 
കുറ്റവാളികളേയും 
തിരഞ്ഞെടുക്കുന്നത് 

കണ്ണീരിൻറെ 
കഥ കേൾക്കാൻ 
പൊട്ടിച്ചിരിക്കുന്നവർക്കും 
ആക്രോശിക്കുന്നവർക്കും 
കഴിയില്ലെന്നറിയാം 

എങ്കിലും ശീലങ്ങളുടെ 
അടിമകളായി 
തുടരുന്നതാണിഷ്ടം 
അവർക്കു മുന്നിൽ 
മെഴുകുതിരികൾ 
കത്തിക്കൊണ്ടേയിരിക്കുന്നു .
..................................................
ചിത്രം :ഗൂഗിൾ തന്നത് ...നന്ദി 
..............................................

            സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com