2016, മാർച്ച് 2, ബുധനാഴ്‌ച

കവിത: അടിമത്തം


കവിത
———
    അടിമത്തം
   —————
കൈകൂപ്പി
നില്‍ക്കണമെന്ന്‌
പറയാനാണ്‌
അവർ ആഗ്രഹിച്ചത്‌
അതിനുമുമ്പ്‌ ഞാന്‍
ഏത്തമിട്ടുനില്‍ക്കാന്‍ തുടങ്ങി

അവരെന്നോട്‌
കുമ്പിട്ടുനില്‍ക്കാന്‍
പറയുന്നതിനു മുമ്പ്‌
ഞാന്‍ മുട്ടിലിഴയുന്നതു
കാട്ടിക്കൊടുത്തു

പിന്നെ
അവരെന്നോട്‌
കാലുപിടിക്കാന്‍
പറഞ്ഞപ്പോള്‍
ഞാനവരുടെ
കാലുകള്‍ നക്കിക്കൊടുത്തു

പഞ്ചേന്ത്രൃയങ്ങൾ
പണ്ടേ പണയം
വെച്ചതിൻ്റെ തിക്തഫലം

അങ്ങനെ
ഞാന്‍ സ്വയം
തിരഞ്ഞെടുത്തതാണീ
അടിമത്തം

അനുസരണമുള്ള
അടിമകളുടെ
ചുടുരക്തം കൊണ്ട്
കാലുകൾകഴുകണമെന്ന
അവരുടെ അടക്കം
പറച്ചിൽ കേട്ടാണ്
ഞാൻ ഞട്ടിയുണർന്നത്

ഉണർന്നപ്പോൾ
ഞാൻ തിരിച്ചറിഞ്ഞു
എൻ്റെ അച്ഛനെയാണവർ
ആദ്യം കൊന്നതെന്ന്
..................................................
സുലൈമാന്‍ പെരുമുക്ക്‌

2016, മാർച്ച് 1, ചൊവ്വാഴ്ച

കവിത: കടപ്പാട്

കവിത
———
     കടപ്പാട്‌
    ————
രക്തദാഹികളെ
ഭയപ്പെടുന്നവർ
എന്നോ മരിച്ചിരിക്കുന്നു

അവർക്കുമുന്നില്‍
കുനിയുന്ന ശിരസ്സ്‌
എനിക്കുവേണ്ട

കരിനാഗങ്ങള്‍ക്കുമുന്നില്‍
മകിടിയൂതാനുള്ള
അധരങ്ങളും എനിക്കുവേണ്ട

ഇരുട്ടിനെ
വാരിപ്പുണരുന്നവർ
സ്വന്തത്തെ കാണുന്നില്ല
പിന്നെയെങ്ങനെ
മറ്റുള്ളവരെ കാണും?

സ്‌നേഹത്തിന്റെയു
സമാധാനത്തിന്റെയു
വെള്ളരിപ്രാവുകളായി
എന്നെന്നും അഭിനയിക്കാന്‍
വർഗീയവാദിക്കും
ഭീകരവാദിക്കും കഴിയില്ല

നേരിനെ
താരാട്ടുമ്പാള്‍ ജീവന്‍
ബലിനല്‍കേണ്ടിവന്നാല്‍
പ്രേമഭാജനത്തിനു
സുറുമയെഴുതുന്ന
മനസ്സോടെ ഞാനതുനല്‍കും

നാളെ
ചത്തുനാറുന്ന
ഈ ദേഹംകൊണ്ട്‌
ഇന്നൊരു ചെറുതിരി
കത്തിച്ചുവെക്കുന്നത്‌
തലമുറകളോടുള്ള
കടപ്പാടാണെന്നു ഞാന്‍
തിരിച്ചറിഞ്ഞിരിക്കുന്നു.

——————————
  സുലൈമാന്‍ പെരുമുക്ക്‌