2016, ജൂലൈ 15, വെള്ളിയാഴ്‌ച

എൻ്റെ മതം

എന്റെമതം
    ~~~~~~~~
എന്നെപ്പഠിപ്പിച്ചു
എന്റേ മതം
അയല്‍ക്കാരനെ നിത്യം
സ്‌നേഹിച്ചിടാന്‍

എന്നെപ്പഠിപ്പിച്ചു
എന്റേ മതം
സൗഹൃദം കാത്തു
സൂക്ഷിച്ചീടുവാന്‍

മനുഷ്യത്വമെന്തെന്ന്‌
എന്നെപ്പഠിപ്പിച്ച
വേദം പരത്തുവത്‌
സത്യമാണ്‌, സത്യമാണ്‌
അത്‌ സ്‌നേഹമാണ്‌
സാരോപദേശങ്ങള്‍ പൂത്തതാണ്‌.

ഇന്നെലെയു
മിന്നും നന്‍മകള്‍ നട്ടൂ
നാളേക്കു, നാളേക്കു
വിത്തുവെച്ചൂ

കൂരിരുട്ടില്‍
ഉദയം ചെയ്‌തതാണ്‌,
കുടിപ്പകയിലൊക്കെയും
തേന്‍പുരട്ടീ.

ഏകമാതാ,പിതാ
മക്കളെന്ന്‌ അത്‌
ഉച്ചത്തിലോതുന്നു
ലോകരോട്‌.

രക്തം ചിന്തരുത്‌
കണ്ണുനീർ വീഴ്‌ത്തരുത്‌
ഹൃദയത്തില്‍ നുള്ളരുത്‌
എന്നുചൊല്ലീ

ക്ഷേമവു
ക്ഷാമവും
പുല്‍കുന്ന നാളില്‍
നാഥനെ ഓർത്തിടൂ
എന്നുണത്തീ

സ്‌നേഹത്തിന്‍
പൂക്കളാല്‍
മാത,പിതാക്കള്‍ക്ക്‌
മെത്തയൊരുക്കുവാന്‍
ഓതിയെന്നില്‍.

പേമം പൂക്കുന്ന
മണിയറയും
വാല്‍സല്യമേറുന്ന
പൂമുഖവും
 പണിതൊരുക്കിത്തന്നു
എന്റേമതം

എന്റെ മതം
അത്‌ സ്‌നേഹമാണ്‌,
സൗഹൃദം പൂക്കും
വസന്തമാണ്‌.

സാത്വനമേകുന്ന
വചനങ്ങളാലെന്‍
ഹൃത്തടം നിത്യവും
ശാന്തമാക്കീ

വിദ്വേഷമേശാതെ
ജീവിതം താണ്ടുവോന്‍
വിശ്വാസിയാണെന്നു
ണർത്തിയെന്നെ

നേരിന്റെ കൈത്തിരി
കയ്യിലേന്താന്‍
എന്നെ പഠിപ്പിച്ചു എൻ്റെ മതം

അന്യന്റെ വേദന
നെഞ്ചിലേറ്റാന്‍
എന്നെപ്പഠപ്പിച്ചതും ഈമതം

അത്‌ സത്യമാണ്‌
സ്‌നേഹമാണ്‌
സാരോപദേശങ്ങ പൂത്തതാണ്‌.

ഞാന്‍
ഹിന്ദുവാണ്‌
ഇസ്‌ലാമുമാണ്‌
ക്രൈസ്‌തവതയോതും
മനുഷ്യനാണ്‌

കൃഷ്‌ണനും ഗാന്ധിയും
എന്റെ ഗുരുവാണ്‌,
ബുദ്ധനും യേശുവും
സ്‌നേഹഗുരുവാണ്‌-

തിരുനബിയെന്റെ
മഹാഗുരുവാണ്‌, ഇതൊക്കെ
പഠിപ്പിച്ച സേനഹ ഗുരുവാണ്,
ഈ സേനഹ ഗുരു എന്നും
മഹാഗുരുവാണ്‌....
——————————
 സുലൈമാന്‍ പെരുമുക്ക്‌

നന്ദിയോതുന്നു ഞാൻ



  നന്ദിയോതുന്നു ഞാന്‍
~~~~~~~~~~~~~~~~
അക്ഷരക്കൂട്ടമേ,
പ്രിയ സൗഹൃദ ലോകമേ
നന്ദിയോതുന്നു ഞാന്‍
നന്‍മനേരുന്നു ഞാന്‍.

പേരുകള്‍ ഓരോന്നും
ചൊല്ലി ചൊല്ലി
നന്ദിയോതീടുവാന്‍
മോഹമുണ്ട്‌

ഇടയില്‍ ഞാന്‍
പേരൊന്നു വിട്ടുപോയാല്‍
നന്ദികേടായിടുംമെന്നു പേടീ

പ്രോല്‍സാഹനത്തിന്‍
പൂമാല നിങ്ങള്‍
എന്നിലെ പ്രതിഭയില്‍
ചാർത്തുന്നു നിത്യം
നന്ദിയോതുന്നു ഞാന്‍
നിത്യം നന്‍മനേരുന്നു ഞാന്‍

കരിമ്പാറകള്‍ക്കു
സമമായെന്‍ മാനസം
ഹർഷാരവത്തിന്‍
ചുംബനംമേല്‍ക്കവെ
ഒഴുകുന്നു പുതുപുത്തൻ
ഉറവകള്‍ പിന്നെയും

നന്ദിയോതുന്നു ഞാന്‍
പിന്നെയും പിന്നെയും
നന്‍മ നേരുന്നുഞാന്‍

സിദ്ധികള്‍ തന്നെന്നെ അനുഗ്രഹിച്ചീടുന്ന
ദൈവത്തിനും ഏറെ
നന്ദിയോതുന്നു ഞാന്‍

ദൈവമേ
സാഷ്ടാംഗം ചെയ്‌തു ഞാന്‍
നന്ദിയോതുന്നിതാ
നിത്യവും നിന്നോടു
നന്ദിയോതുന്നിതാ....
——————————
സുലൈമാന്‍ പെരുമുക്ക്‌

2016, ജൂലൈ 12, ചൊവ്വാഴ്ച

ഐ എസ് ഇസ്ലാമല്ലാ



ഐ എസ്‌ ഇസ്‌ലാമല്ലാാാ...
~~~~~~~~~~~~~~~~~~
ഐ എസ്‌
ഇസ്‌ലാമല്ലെന്ന്‌
ആയിരംവട്ടം പറഞ്ഞതാണ്‌

ഇനിയും
മുസല്‍മാന്‍
അഞ്ചുനേരവും
ആണയിട്ടോതണമെന്ന്‌
പറയുന്നത്‌ പാപമല്ലേ?

ഐ എസിന്‌
ജന്‍മംനല്‍കിയത്‌
ഇസ്‌ലാമല്ലെന്നത്‌
കിഴക്കിന്റെ രക്തം
ഒഴുക്കുന്നതു കണ്ടാലറിയാം

അതിന്റെ
പിതാവിനെകാണാന്‍
പടിഞ്ഞാറോട്ടുതന്നെ
നോക്കേണ്ടിവരും

ഉറുമ്പിനെ പോലും
നോവിക്കരുതെന്നു
പഠിപ്പിച്ച ഇസ്‌ലാമിൽ നിന്ന്
ഗുരുത്വംകെട്ടുപോയ മക്കളെ
ഐ എസ്‌ മാടിവിളിക്കുമ്പോള്‍
സമുദായം മാസപ്പിറവിയുടെ
കൂടെയോടുകയായിരുന്നു.

ചോരചിന്തുന്നത്‌
സ്വന്തം മക്കളായാലും
നമുക്കുവേണ്ട,
അതിന്റെ പേര്‌ ഐ എസാവട്ടെ,
ആറെസ്സസ്സാവട്ടെ.

നമുക്ക്‌വേണ്ടത്‌
സ്‌നേഹമാണ്‌,
സമാധാനമാണ്‌,
സൗഹൃദമാണ്‌.

അത്‌
മനസ്സില്‍നിന്ന്‌
ആദ്യം ഉയരട്ടേ,
പിന്നെ നാവത്‌
ഏറ്റുപാടട്ടേ...

രക്തംചിന്താന്‍
ഉയർത്തെണീറ്റവരെ
നമുക്ക്‌ ആട്ടിയോടിക്കാം,
അതാണ്‌ മാനവീകത.

കാതോർക്കുക,
മഹാത്മാക്കളൊക്കെ
ലോകത്തോട്‌ പറയുന്നത്‌
രക്തദാഹികളെ
തളച്ചിടൂയെന്നാണ്‌.
———————————
സുലൈമാന്‍ പെരുമുക്ക്‌

2016, ജൂലൈ 10, ഞായറാഴ്‌ച

മങ്ങിയ കാഴ്ച



മങ്ങിയകാഴ്‌ച
——————
താജ്‌മഹലിന്റെ
മുറ്റത്തെത്തുമ്പോള്‍
ഷാജഹാനെയും
മുംതാസിനെയുമാണ്‌
കാണുന്നതെങ്കില്‍
ആകാഴ്‌ച മങ്ങിയതാണ്‌

മഹാല്‍ഭുതത്തിനു
പിന്നിലെ പതിനായിരങ്ങളുടെ
വിയർപ്പുതുള്ളികള്‍
കാണാന്‍ മറക്കരുത്‌

ഓരോ
സ്വാതന്ത്യ്രദിന ചിന്തയിലും
മുന്നില്‍നിന്നിരുന്ന
മഹാരഥന്‍മാർ മാത്രമാണ്‌
തെളിയുന്നതെങ്കില്‍
അത്‌ അനീതിയാണ്‌.

പിന്നില്‍ അണിനിരന്ന
ആയിരങ്ങളുടെ രക്തവും
ചേർത്തെഴുതിയതാണീ സ്വാതന്ത്യ്രദിനം

നമ്മള്‍
പിരമിഡുകള്‍
കണ്ടുരസിക്കുമ്പോള്‍
അവിടെ പിടഞ്ഞുമരിച്ചവരുടെ
ശ്‌മശാനവുംകൂടി
തിരയുന്നകണ്ണ്‌ നമുക്കുവേണം

നമുക്ക്‌മുന്നില്‍
നില്‍ക്കുന്നവന്‍
ചിരിക്കുന്നുവെങ്കിലും
അവന്റെ നെഞ്ചിലെ തേങ്ങല്‍
കേള്‍ക്കാന്‍ കാതയക്കാതിരിക്കരുത്.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌