2015, ജൂലൈ 24, വെള്ളിയാഴ്‌ച

കവിത:ഊ രുവിലക്ക്‌

കവിത
.................
     ഊ രുവിലക്ക്‌
    ——————
ഇനിയും
നേരം വെളുത്തിട്ടില്ലെന്നു
വിളിച്ചോതുന്ന
താലിബാന്‍ ഗ്രാമങ്ങളുണ്ട്‌
മലയാളത്തില്‍
എല്ലാവരും
വേദങ്ങളില്‍നിന്ന്‌
വെളിച്ചം കണ്ടെത്തുമ്പോള്‍
ഇവിടെ ചിലർ
വേദത്തില്‍ പരതുന്നത്‌
ഇരുട്ടറകളാണ്‌
ഉണ്ടിപ്പണക്കാരന്‍
ഹൈദ്രാലിക്കും
വട്ടിപ്പണക്കാരന്‍ വീരാനും
ഊ രൊരു വിലങ്ങല്ല
മയക്കുമരുന്ന്‌
ദാനം ചെയ്യുന്ന "മായീനും"
പിഴച്ചുപെറ്റ നബീസക്കും
ഊ രുവിലക്കില്ല—
പകരം പടച്ചോനെ അനുസരിക്കുന്ന
അബ്‌ദുള്ളകുട്ടിക്കും
ആയിശക്കുട്ടിക്കും
ഊ ര്‌ വിലക്കാണ്‌
മുന്നിലിരിക്കുന്നവർ
വിഡ്ഡികളാണെന്നു
സ്വയം വിളിച്ചോതുമ്പോള്‍
മതം പുരോഹിതരുടെ
കൈകളിലമരും,
പിന്നെയവർക്ക്‌ കിത്താബുകള്‍
കളിപ്പാട്ടങ്ങളായ്‌മാറും
ദൈവമില്ലെന്നുചൊല്ലുന്ന കുഞ്ഞാലി
പള്ളിപ്രസിഡന്റായിട്ടും
ആകാശം ഇടിഞ്ഞുവീണതില്ല
ബാങ്കുകേട്ടാല്‍
ഇബിലീസിനൊപ്പം
പടിയിറങ്ങുന്ന സെക്രട്ടറിക്ക്‌
മതം ആത്മാവിലല്ല,
ആമാശയത്തിലാണ്‌
ലോകം
പ്രപഞ്ചോല്‍പത്തിയുടെ
ഇഴകളിലൂടെ
കണ്ണോടിക്കുമ്പോള്‍
പുരോഹിതർ വിളിച്ചോതുന്നു
കലഹിക്കുന്നതും
കണ്ണടച്ചിരിക്കുന്നതും പുണ്യമാണെന്ന്‌.
ദേശത്തിന്റെ ഭാഷയില്‍
മതത്തെ അവതരിപ്പിക്കൂന്നത്‌
പുരോഹിതർക്കിന്നും
ദഹിക്കുന്നില്ലെന്നതാണ്‌ സത്യം.
——————————
സുലൈമാന്‍ പെരുമുക്ക്‌

2015, ജൂലൈ 22, ബുധനാഴ്‌ച

കവിത:ഈ ഒരുനിമിഷം

കവിത
...............
   ഈ ഒരുനിമിഷം
————————
ഈ ഒരുനിമിഷം
ഭയാനകമാണ്‌,
അതിഭീകരമാണ്‌.
ആഴിയുടെ
അഗാധതയില്‍
മത്സ്യക്കുഞ്ഞും
പീഡനം ഏറ്റുവാങ്ങുന്നു
ഭൂമിയുടെ
ഓരങ്ങില്‍
മനുഷ്യക്കുഞ്ഞും
വേദനയാല്‍ പുളയുന്നു
ആദാമിന്റെ
നല്ലവനായ പുത്രനെ
നാട്യക്കാരനായ പത്രന്‍
കൊന്നതു
ഇതുപോലൊരു
നിമിഷത്തിലാണ്‌
ഓരോ
നിമിഷത്തിനും
ഒരായിരം കഥകളാണ്‌
പറയാനുള്ളത്‌
പലായനത്തിന്റെയും
പടിയിറക്കപ്പെട്ടതിന്റെയും
പച്ചയോടെ
കത്തിച്ചതിന്റെയും
ജീവനോടെ
കുഴിച്ചുമൂടിയതിന്റെയും കഥ
നിന്നെ ഞാന്‍
കൊല്ലുമെന്നാണയിട്ടു—
രിയാടിയപ്പൊഴും
നിന്റെനേരെ എന്റെകൈ
നീളുകില്ലെന്നായിരുന്നു
നല്ലവന്റെ മൊഴി
ഇന്ന്‌ ലോകം
നെഞ്ചിലേറ്റിയത്‌
നാട്യക്കാരന്റെ മൊഴി
നല്ലവന്റെ മൊഴി
എവിടെയോ
പൊടിപിടിച്ചുകിടക്കുന്നു
പൊക്കിള്‍കൊടി
സ്വയം മുറിച്ച്‌
പുറത്തുകടന്ന
ലോകത്തിനു ശാപം
ഏറ്റുവാങ്ങാനാണു വിധി.
——————————
സുലൈമാന്‍ പെരുമുക്ക്‌




കവിത:മാതൃക

കവിത
~~~~~
     മാതൃക
   .....................
എങ്ങനെ
തിരിഞ്ഞാലും
പടിഞ്ഞാറ്‌ നോക്കിയാണ്‌
നമ്മള്‍ ചെന്നുനില്‍ക്കുന്നത്‌
പടിഞ്ഞാറു
മാത്രമാണ്‌്‌
നമുക്കിന്ന്‌ മാതൃക
നമ്മുടെ ചരിത്രം
നമുക്ക്‌ പടിഞ്ഞാറു
പറഞ്ഞുതരന്‍
വാശിപിടിക്കുന്നു നമ്മള്‍
പടിഞ്ഞാറിന്റെ
വായ്‌നാറ്റം നമുക്ക്‌
പ്രാണവായുവായി
ഉമിനീര്‌ നമുക്ക്‌
തീർഥജലമായി
അവരുടെ
വിയർപ്പുതുള്ളികാണ്‌
നമുക്ക്‌
സുഗന്ധദ്രവ്യങ്ങള്‍,
അമേധ്യമാണ്‌
നമുക്ക്‌
വിശിഷ്ടഭോജനം.
അങ്ങനെയാണ്‌
നമ്മള്‍ ഹൃദയത്തിലെഴുതിയ
ദൈവനാമങ്ങള്‍
സാത്താനിക
വചനങ്ങളായത്‌
ഇന്നവർ
വിരല്‍തുമ്പ്‌
ചോതിച്ചാല്‍
കൈതലം നല്‍കാന്‍
മനസ്സ്‌ പാകപ്പെട്ടിരിക്കുന്നു
തലകുനിക്കാന്‍
മടിക്കുന്ന നമുക്കെങ്ങനെ
നില്‍ക്കുന്നമണ്ണിനെ
തിരിച്ചറിയാനാവും?
—————————
സുലൈമാന്‍ പെരുമുക്ക്‌

മൂന്ന് കവിതകള്‍:

മൂന്ന് കവിതകള്‍
———————
ചതി
..........
അയാള്‍ എന്നെ
ചതിച്ചതിൻറെ
സൂചനയായി
സുഹൃത്തിനോട്‌
കണ്ണിറുക്കിയത്‌ ഞാന്‍ കണ്ടു
പക്ഷേ ,
ഞാന്‍കണ്ടത്‌
അയാള്‍ കണ്ടില്ല
കാരണം
അതിനു മുന്‍പ്‌
എൻറെ  കോങ്കണ്ണ്‌
അയാളെ ചതിച്ചിരുന്നു.
—————————
നല്ല പാഠം
————
ആറ്റുനോറ്റു—
ണ്ടായതാണ്‌
തലയിലും വെച്ചില്ല
തറയിലും വെച്ചില്ല
ഇന്നു
നടക്കാനായപ്പോള്‍
അവന്‍ തിരിഞ്ഞു
നടന്നു
ഇന്നലേയും
സ്വന്തം മക്കളെ
തള്ളക്കോഴി കൊത്തിയാട്ടിയതു
കണ്ട്‌ സങ്കടപ്പെട്ടതാണ്‌.
~~~~~~~~~~~~~~
തിരുത്ത്‌
————
വിരുന്നുവന്ന
ബന്ധുവിൻറെ  ചോദ്യം
ഉപ്പയുംഉമ്മയും
നിൻറെ  കൂടെയാണല്ലെ താമസം
മകന്‍:
അല്ല,ഞാന്‍
അവരോടൊപ്പമാണ്‌
താമസം
—————————
സുലൈമാന്‍ പെരുമുക്ക്