2013, ജൂലൈ 25, വ്യാഴാഴ്‌ച

കവിത : മലാലയും മാലാഖയും


കവിത 
.................
                          മലാലയും മാലാഖയും 
                 .....................................................

അന്ന് 
താലിബാൻ ഭീകരൻ
മലാലയെ വെടി വെച്ചപ്പോൾ 
കടലോളം 
കണ്ണീരൊഴുക്കി ഞാൻ 

ഇന്ന് 
ഇസ്രയേൽ ഭീകരൻ
ചവിട്ടി പ്പിടിച്ചു 
വെടിവെക്കുന്ന 
ഈ മാലാഖക്കു വേണ്ടി 
ഒരിറ്റു കണ്ണീരൊഴുക്കാൻ
എന്നിൽ ബാക്കിയില്ല

അന്ന് മലാലക്ക് 
അക്ഷര വിരോധിയുടെ
വെടിയേറ്റപ്പോൾ 
നിമിഷം കൊണ്ട് ലോകം 
അറിഞ്ഞു പ്രതികരിച്ചു 

ഇന്ന് 
വംശ വിരോധിയുടെ മുന്നിൽ
പിടയുന്ന 
മാലാഖക്കു വേണ്ടി 
ഒന്ന് പ്രാർത്ഥിക്കാൻ പോലും 
നാവു കൊഞ്ഞുന്നു 

മലാല 
അവൾ ഭാഗ്യവതി 
ജീവിച്ചിരിക്കേ
വാഴ്ത്തപ്പെട്ടവൾ 
പാവം മാലാഖ 
ശപിക്കപ്പെട്ടതെന്തേ ?

താളംതെറ്റിയ 
സമൂഹ മനസ്സാക്ഷി 
ഭീകരന്മാരിലും 
ഇന്ന് വർണ്ണങ്ങൾ 
തേടുന്നു 

അകലെ നിന്നൊരാൾ 
ഉറക്കെ പറയുന്നു 
പാപം ചെയ്യാത്തവർ 
കല്ലെറിയട്ടെ ...
     സുലൈമാന്‍ പെരുമുക്ക് 
             00971553538596

2013, ജൂലൈ 23, ചൊവ്വാഴ്ച

കവിത :ഇനി ഞാൻ ഉണരട്ടെ


കവിത 
                  
                             ഇനി ഞാൻ ഉണരട്ടെ
                                                                               

ഇനി  ആരെയാണ് 
ഞാൻ കാത്തിരിക്കുന്നത് 
ഇവിടെ  തടവറ കളിലെല്ലാം
നിരപരാധികളുടെ  കണ്ണീരാണ് 

മഞ്ഞ ചിരിക്ക് 
പിന്നിലുള്ള മനസ്സുകളിൽ 
നിറയെ  കാളകൂടമാണ്

ദൂരെയാ കാണുവത്
ചെമ്മരിയാടുകളല്ല 
ഇന്ദ്ര ജലം പഠിച്ച 
ചെന്നായിക്കളാണ് 

വെളിച്ചത്തിൻറെ
അതി പ്രസരമിവിടെ 
അന്ധകാരം  തീർക്കുന്നുണ്ട്

കേൾക്കുന്നതൊക്കെ
കൗതുക  വാർത്തകളുടെ
ഗണത്തിൽ  പെടുത്തിയിരുന്നാൽ 
ഒരു നാൾ  അവർ 
എൻറെ വാതിലിലും 
വന്നു  മുട്ടും 

അന്ന് 
ഉത്തരത്തിലിരിക്കുന്ന 
പല്ലി എന്നെ 
ഒറ്റു കൊടുക്കും 

സമയം
എനിക്കു വേണ്ടി 
കാത്തിരിക്കയില്ല 
അതിനു  മുമ്പ് 
ഞാൻ  ഉണരട്ടെ ....
       
     സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku@gmail.com