2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കവി പറയട്ടെ



  കവി പറയട്ടെ
~~~~~~~~~~~
ദൂരക്കാഴ്‌ചയില്‍ കണ്ട
നേരിനെ പറ്റി
എഴുതിയപ്പോള്‍
വായിച്ചവരെല്ലാം പറഞ്ഞു
അത്‌ നമ്മളെ പറ്റിയല്ല
നമ്മുടെ ശത്രുക്കളെ
പറ്റിയാണെന്ന്‌.

അന്നൊക്കെ
കവിത ഉഗ്രവും
ഉദാത്തവുമായിരുന്നു,
പിന്നെ പൂചെണ്ട്‌കൊണ്ടുള്ള
നൂറ്റൊന്ന്‌ ഏറും.

ഇന്ന്‌ കവി
അനുഭവിച്ചറിഞ്ഞത്‌
എഴുതിയപ്പോള്‍
പൊട്ടിത്തെറിയും,
പിന്നെ ആയിരത്തൊന്ന്‌
പുളിച്ച തെറിയും.

പാവം കവി
ഇന്ന്‌ കവികളോട്‌
പറയുന്നു:
കവികളേ നിങ്ങള്‍
ജനിക്കാതിരിക്കുക!

ഇനി ജനിച്ചാലും
കണ്ണും കാതും
പൊത്തി നടക്കുക!

അല്ലെങ്കില്‍ സ്വ പ്നങ്ങളിൽ
ഒഴുകുന്ന പുഴയും
അഴകുള്ള പെണ്ണും
പെയ്യുന്ന മഴയും
കവിതയായ്‌ വിരിയട്ടെ...

എങ്കില്‍
എന്നെന്നും
നിങ്ങള്‍ വഴ്‌ത്തപ്പെടും,
ഇതാണ്‌
കലികാലത്തിന്റെ കല്‍പന.

വെറുതേ
എന്തിന്‌ ഈ ജന്‍മം
പാഴാക്കണം???
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

വഴിയോരക്കാഴ്ച



  വഴിയോരക്കാഴ്‌ച
<><><><><><><>
പട്ടിയും 
പശുവും
കുറേ കൊടികളും
വഴിയില്‍ അമ്പരന്നു നില്‍ക്കുന്നു.

അതിലെ വന്ന
ഒരുകുഞ്ഞ്‌ വിളിച്ചുപറഞ്ഞു,
വഴിയിലാരോ മരിച്ചു കിടക്കുന്നുവെന്ന്‌.

ആദ്യം വന്നവർ പറഞ്ഞു
അവന്‍ നമ്മുടെ
ആളാണെന്ന്‌

പിന്നെ വന്നവർ 
പറഞ്ഞു,അല്ല—
അവന്‍ നമ്മുടെ ആളാണെന്ന്‌.

തർക്കം മൂത്തു
തമ്മില്‍ തല്ലി
ചോരപ്പുഴയൊഴുകി!

ആചോരയില്‍
ഒലിച്ചു പോകുന്ന
മരിച്ചവന്‍ പറഞ്ഞു,
ഞാന്‍ നിങ്ങളെ പോലുള്ള
മതക്കാരനുമല്ല,
രാഷ്ട്രീയക്കാരനുമല്ലെന്ന്‌.!

എന്നിട്ടും
അവർക്കു മുന്നിലൂടെ
ഒരുപാവം ഷാജഹാന്‍
ജീവനറ്റ മുംതാസിനെ
ചുമലിലേറ്റി പോകുന്നത്‌
അവർ കണ്ടതില്ല.
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌