2014, ജൂൺ 21, ശനിയാഴ്‌ച

കവിത :ചോര പൊടിയുന്നവാക്ക്


കവിത 
.................
                      ചോര പൊടിയുന്നവാക്ക് 
                   .......................................................

അമ്മേ 
ആ മുഖം കാണാൻ 
ആഗ്രഹമുണ്ട് 
ചേച്ചിമാരും ഏറെ 
ആഗ്രഹിച്ചിരുന്നത് 

പക്ഷേ 
അതിനു മുമ്പ് 
കിരാത കരങ്ങളാൽ 
അറുകൊല ചെയ്യപ്പെട്ടവർ  

അവർ 
പിടഞ്ഞു മരിച്ച 
അടയാളം 
ഞാനിവിടെ കാണുന്നു 
കൂട്ടത്തിൽ ഒരു 
ചേട്ടനെയും കൊന്നല്ലേ ?

അച്ഛൻറെ 
വാക്കുകൾ എന്നെ 
അത്ഭുതപ്പെടുത്തുന്നു 

സമൂഹം 
ഒരുക്കിയ കുരുക്കിൽ 
അച്ഛൻ വീണപ്പോൾ 
അച്ഛൻറെ മന്ത്രമിന്ന് 
സന്താന നിയന്ത്രണമെന്നായി 

മഹാത്മാവിൻറെ 
പുസ്തകത്തിൽ നിന്ന് 
അമ്മ വായിക്കുന്നത് 
ഞാൻ കേട്ടിടുണ്ട് -

സകല മനുഷ്യർക്കും 
വേണ്ടതെല്ലാം 
ഭൂമിയിലുണ്ട് 
പക്ഷേ ,ഒരുത്തൻറെ 
ആർത്തി തീർക്കുന്നതിൽ 
ഭൂമി പരാജയപ്പെടും 

പ്രകൃതി നിയമം 
പാലിക്കുന്ന 
നാല്ക്കാലി ലോകത്ത് 
അന്നത്തിനു പഞ്ഞമില്ല 
അവിടെ സ്ത്രീ ധനവുമില്ല 

പ്രബുദ്ധരെന്നൂറ്റം -
കൊള്ളുന്ന 
ഇരു കാലി ലോകം 
പുതിയ പാപങ്ങൾ 
തേടിയലയുന്നു 


അവസാനം 
പെണ്ണാണെങ്കിലും 
പിറക്കട്ടെ 
പിന്നെ നിറുത്താമെന്ന 
അച്ഛൻറെ 
വാക്കുകൾ ഞാൻ കേട്ടു !

അമ്മേ ...ഭൂമിയെ 
ഇന്നു ഞാൻ ഭയക്കുന്നു 
തൊട്ടിലിൽ കിടക്കുന്ന 
പൈതലേയും 
കാമാർത്തർ പിച്ചി ചീന്തുന്നു 
എന്നല്ലേ ഇന്നലെ 
വാർത്തയിൽ കേട്ടത് ....?
..........................................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് ....നന്ദി 


               സുലൈമാന്‍ പെരുമുക്ക് 
                   00971553538596


2014, ജൂൺ 20, വെള്ളിയാഴ്‌ച

കവിത :പ്രവാസത്തിൻറെ നേർക്കാഴ്ച


കവിത 
...............
                പ്രവാസത്തിൻറെ നേർക്കാഴ്ച 
             ................................................................

പുലരുന്നതിൻ മുമ്പ് 
ഉണരും പ്രവാസി 
പുലർച്ചേ വരിയായി 
നില്ക്കും പ്രവാസി 

പലകോണിൽ നിന്നും 
വന്നവരിന്ന് 
പുതു നിർമിതിക്കായ് 
കൈ കോർത്തിടുന്നു 

കാത്തു നില്പല്ലോ 
പ്രവാസിക്കു ജീവിതം 
നില്പിൻറെ നീരസം 
എന്നും കുടിക്കും 

മഞ്ഞില്ല ,മഴയില്ല ,
വെയിലില്ല ,കാറ്റില്ല ,
മണൽ കാറ്റും അവനിന്ന് 
ജീവിത കൂട്ടായ് 

ഉരുകുന്ന ചൂടിൽ 
തളരുമ്പൊഴുള്ളിൽ 
കൂട്ടിലെ കിളികൾ 
പതിവായ് കരയും  

മരവിച്ചിടുന്ന 
തണുപ്പിൽ പ്രവാസി 
സ്വപ്‌നങ്ങൾ കണ്ട് 
ഉറങ്ങാതിരിക്കും 

സ്വന്തക്കാർക്കെന്നും 
തണലാം പ്രവാസി 
സ്വന്തം കുടുംബത്തി-
ലന്യൻ പ്രവാസി 

പ്രാസിതൻ രക്തം 
വിയർപ്പായിടുമ്പോൾ 
നാടും മറു നാടും 
ചന്തം തുളുമ്പും 

ലക്ഷങ്ങൾ കൊണ്ട് 
പണിതുള്ള വീട്ടില് 
പ്രവാസിക്കു ജീവിതം 
നാളുകൾ മാത്രം 

പറുദീസയിൽ കാണാം 
പട്ടിണിക്കോലം 
ഉണ്ണാനുടുക്കാനില്ലാ -
ത്തകോലം  

ജീവിതമില്ലാതെ  
ജീവിച്ചു പ്രവാസി 
ജീവിക്കാൻ മോഹം 
പിന്നെയും ബാക്കി ....
.......................................

സഹൃദയരേ ,പ്രവാസലോകത്ത്‌ ഞാൻ കണ്ടതും 
അനുഭവിച്ചതും അനുഭവിച്ചു 
കൊണ്ടിരിക്കുന്നതുമാണ് ഇവിടെ 
പകർത്തിയത് .നാട്ടിൽ മാളിക പണിതവനും 
ഇവിടെ ഉച്ച ഊണിനു ശേഷം മണ്ണിലൊരു 
അഞ്ചു മിനിറ്റ് വിശ്രമിക്കാൻ കഴിയാത്ത 
അവസ്ഥയുണ്ട് എന്നതാണ് സത്യം .
പ്രവാസത്തിൻറെ തിളങ്ങുന്ന മുഖമേ 
ലോകം കണ്ടിട്ടുള്ളൂ ..........പറയാൻ തുടങ്ങിയാൽ 
പറയുന്ന നാവും കരയാൻ തുടങ്ങും കേൾക്കുന്ന 
കാതുകൾ പറയും അസഹ്യമാണിതെന്ന് ......
.............................................................
ചിത്രം :ഗൂഗിളിനോട് കടപ്പാട് 
..................................................
      സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

         

2014, ജൂൺ 18, ബുധനാഴ്‌ച

കവിത :വ്യക്തിത്വം



കവിത 
...............
                        വ്യക്തിത്വം 
                   ...............................

വ്യക്തിത്വം ,
അതിൽ ചിലത് 
അനുഗൃഹീതമാണ് .

ഒരിക്കൽ 
കണ്ടു മുട്ടിയാൽ 
പിന്നെ ഒരിക്കലും 
മായാത്ത മുഖങ്ങൾ 

അന്ധരോട് 
സംവാദിക്കുമ്പൊഴും
മനസ്സിലാമുഖം തെളിയുന്നു ,   
അനുപമ വ്യക്തിത്വത്തിൻറെ 
ഇന്ദ്രജാലമാണത് .

ആരോടും 
പരിപവമില്ലാതെ 
ജീവിക്കുന്നവർ 
നന്ദി കാംക്ഷിക്കാതെ 
കർമം ചെയ്യുന്നവർ 

മോഹങ്ങളും 
മധുര സ്വപ്നങ്ങളും 
ഉദാരമായ്‌ 
ദാനം ചെയ്തവർ 

നാളെയുടെ 
പൂനിലാവ്‌ നെഞ്ചിലേറ്റി 
ഇന്നിൻറെ ഓരങ്ങളിൽ 
പട്ടിണിക്കാരെ 
തിരയുന്നവർ 

സ്നേഹ 
തീർത്ഥത്തിനായ് 
നീളുന്ന കൈകളിൽ 
അളക്കാതെ നല്കുവത് 
മഹാമനസ്ക്കാർ മാത്രം 

മണ്ണിലവർ 
തീർത്തത് 
ആരാമാങ്ങളാണ് 
മനസ്സിലവർ 
തീർത്തത് പുഞ്ചിരിയാണ് 
മണ്ണിനവർ നല്കിയത് 
ഒരു പൂവിൻറെ 
ഭാരം മാത്രം .
.........................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .
..................................................................
ഒരിക്കൽ മാത്രം കണ്ട സുഹൃത്തിൻറെ 
മരണ വാർത്ത ഇന്നലെ അറിഞ്ഞപ്പോൾ 
ആ മുഖം മനസ്സിൽ തെളിഞ്ഞു വന്നു ,കൂടെ 
ഈ വരികളും .....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
                   സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  
................................................................
 

2014, ജൂൺ 16, തിങ്കളാഴ്‌ച

കവിത :നിരാശാകാമുകനോട്


കവിത 
.................
                      നിരാശാകാമുകനോട് 
                    ...............................................

മകനേ 
നിൻറെ ദു:ഖം 
നീ താനേ തീർത്ത
 ഗർത്തം 

മകനേ 
നിൻറെ പ്രണയം 
അറിയുന്നില്ല 
മറു ഹൃദയം 

ഒരു ഭീരുവായ് നീ 
മൂടി വെച്ച 
പ്രണയ സ്വേദം 
അറിഞ്ഞതില്ല തെല്ലും 
കാമിനി 

ഇന്നു നീ 
വിതുമ്പുന്നു 
വാതിലടയ്ക്കുന്നു 
പുലമ്പുന്നു 
ഭ്രമമാണ് ,പ്രണയഭ്രമം 

അതേ ,ഇതു 
ഏകപക്ഷ പ്രണയം 
നിനക്കറിയില്ല മകനേ 
ഈ പ്രണയ ഭാഷ 

മകനേ നീ 
ആണ്‍തരിയായ് 
പിറന്നവൻ 
നിൻറെ നിഴൽ കണ്ടു 
പൊട്ടിച്ചിരിക്കുന്നു 
നാരിമാർ 
നപുംസകമെന്നല്ലോ -                  
നിന്നെ വിളിപ്പതവർ 

ധീരനാം പുത്രനു 
ജന്മം നല്കിയെന്നമ്മ 
അഭിമാനം കൊണ്ടത്‌ 
തിരുത്തി ,
മറഞ്ഞിരുന്നു കരയുന്ന 
നിന്നെ കാണ്‍കെ .

വാഴ്ക മകനേ 
നീ വാഴ്ക 
നിൻറെ പൗരുഷം 
തിളങ്ങട്ടെ 
നീ കീർത്തി മുദ്ര 
ഏറ്റു വാങ്ങുവത് 
ഒളിക്കണ്ണാൽ കാണണം 
മങ്കമാർ 

അന്നു 
നിൻറെ അമ്മ 
ഉച്ചത്തിലുച്ചത്തിൽ -
ഉരിയാടട്ടെ ...

ഞാൻ ഒരു 
ധീരനാം പുത്രനു 
ജന്മം നല്കിയെന്ന് 
മകനേ നീ വാഴ്ക 
വാതിൽ തുറക്കുക .
.....................................
ചിത്രം ഗൂഗിളിൽ നിന്ന് ...നന്ദി 
.......................................................
       സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  
................................................................