2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമുദായത്തിൻ്റെ സങ്കടം

 
  സമുദായത്തിന്റെ സങ്കടം
———————————

ഉലക്കയേക്കാള്‍
ഉറപ്പുള്ള ഉലമാക്കളും*
ഉരലിനേക്കാള്‍ കരുത്തുള്ള
ഉമറാക്കളും**
പരന്നുനടക്കുമ്പോള്‍
സമുദായം സങ്കടത്തില്‍
ആണ്ടുകിടക്കുന്നിവിടെ

ഒരേ ആശയം
ഓതി നടക്കുന്നവർ
പിളർന്നു പിളർന്നു
തുള്ളിപ്പറയുന്നത്‌
എന്തെന്ന്‌ അവരറിയുന്നില്ല!

അവർ
കൊല്ലം തികയാന്‍
കാത്തിരിക്കയാണ്‌,
കോടികള്‍ പൊടിച്ച്‌
സമ്മേളനമൊരുക്കാന്‍.

നൂറ്റാണ്ടിന്റെ പാരമ്പര്യവും സമുദായത്തിന്റെ കുത്തകയും
സ്വന്തമെന്നോതുന്നവർ
ഇവിടെ പെരുകുന്ന
തട്ടിപ്പുകാരനേയും
വെട്ടിപ്പുകരനേയും കാണുന്നില്ലേ?

തിരിയുന്ന ഭാഷയില്‍
പറഞ്ഞാലും
അകലുന്നതല്ല പിശാച്‌—
എന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നു.

അതുകൊണ്ടാണിന്നും
സമുദായത്തിന്റെ മുറ്റത്ത്‌
ഓടിക്കളിക്കുന്ന പെണ്‍മക്കളെ
സ്‌തീധനമെന്ന ഉഗ്രസർപ്പം
വരിഞ്ഞുമുറുക്കുന്നത്‌

മഹല്ലുകള്‍ക്ക്‌
മഹത്വമൊന്നും
ഇനിയും ഓതാനായിട്ടില്ല

ഉള്ളവന്‍
ദുർമ്മേദസ്സുമായി
ഉള്ളവനായിത്തന്നെ
കൊഴുക്കുന്നു

ഇല്ലാത്തവന്‍
ഉള്ളതും വിറ്റ്‌ യാചിക്കുന്നു,—
അല്ലെങ്കില്‍ കയറെടുക്കുന്നു.

സക്കാത്ത്‌,***
അതിനെപറ്റി ഇവിടെ
സംശയമില്ല,ചോദ്യമില്ല,
ഉത്തരമില്ല.

മഹാപണ്ഡിതരായി
ഊ റ്റം കൊള്ളുന്നവരും
മഹല്ലുപ്രമാണികളുടെ
കേവല ജീവനക്കാരല്ലെ?

അന്നു പ്രവാചകന്‍
ഒഴുക്കിനെ
തിരിച്ചുവിട്ടത്‌
സ്വർഗത്തിലേക്കാണ്‌

ഇന്ന്‌
ഉലമാക്കളും
ഉമറാക്കളും
ഒഴുകുന്ന ജനതയെ
എങ്ങോട്ടാണ്‌ തിരിച്ചുവിടുന്നത്‌?
~~~~~~~~~~~~~~~~~~~~~~
*പണ്ഡിതർ
**നേതാക്കള്‍
***ഇസ്‌ലാമിക നിയമത്തില്‍
നിർബന്ധമായും നല്‍കേണ്ട ദാനം.
————————————
  സുലൈമാന്‍ പെരുമുക്ക്‌