2016, ജൂലൈ 20, ബുധനാഴ്‌ച

മനുഷ്യത്വം



     മനുഷ്യത്വം
    ::::::::::::::::::::::::::
ആയുസ്സിന്റെ
ആകാശത്ത്‌
യൗവനം ജ്വലിക്കുന്ന
സൂര്യനാണ്‌

വെളിച്ചമാണത്‌
തെളിച്ചമുള്ള വെളിച്ചം
ചിലപ്പോള്‍ യൗവനം
വെളിച്ചത്തിനു മേലെ
വെളിച്ചമായിടും

ചരിത്രഗതിയെ എന്നും തിരുത്തിയെഴുതിയത്‌
യുവത്വമാണ്‌.

പുതിയ പുലരിക്കായി
യുവത ഇനിയും പാടട്ടേ,
സ്‌നേഹവു സഹനവും
ചാലിച്ചെഴുതിയ ഗാനം

അന്തരംഗത്തെ
അഗ്നിപർവതങ്ങളില്‍
സത്യവുംനീതിയും
തഴച്ചുവളരണം

എങ്കില്‍
പ്രകാശംതേടുന്ന
ശലഭങ്ങളെപ്പോലെ
ജനം നിത്യം പറന്നെത്തും

അന്യനെ
വെറുക്കാന്‍
ഉള്‍ക്കരുത്തിന്റെ
തുടിപ്പെന്തിന്‌?

സഹനശീലരില്‍
എന്നെന്നും
സൗന്ദര്യം പൂക്കുന്നു

ശത്രുവിന്റെ മുഖം
കൈവെള്ളയില്‍ വെച്ച്‌
സ്‌നേഹം ചാലിച്ച്‌
പ്രാർത്ഥിക്കന്‍ കഴിയുമ്പോള്‍
മനുഷ്യത്വം ഒരുവനില്‍
പൂർണമാവുന്നു.
~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

കശ്മീരിൻ്റെ മക്കളോ?



കശ്‌മീരിന്റെ മക്കളോ?
<><><><><><><><>
എന്റെ
നാവരിയുക
അല്ലെങ്കില്‍ ഞാന്‍
വല്ലതും പറയും

എന്റെ
കൈകള്‍ വെട്ടുക
ഇല്ലെങ്കി ഞാന്‍
വല്ലതും എഴുതും

പറയാതിരുന്നാല്‍
പാപമാണ്‌.
എഴുതാതിരുന്നാല്‍
ഏഭ്യത്തരം

കശ്‌മീർ
സ്വർഗമാണെന്നത്‌
പണ്ടേ പഠിച്ചതാണ്‌.

ഇന്ന്‌
സ്വർഗത്തിലേക്ക്‌
കണ്ണയച്ചാല്‍ കാണുന്നത്‌
നരകം വിതയ്‌ക്കുന്നതാണ്‌.

മരിച്ചുവീണ
പൈതലിന്റെ നെഞ്ചില്‍
പിന്നെയും നിറയുതിർക്കുമ്പോള്‍
വേരറുത്തുമാറ്റുന്ന പക
ഉയർന്നുപൊങ്ങുന്നുണ്ട്‌

നാളെയുടെ
വാഗ്‌ദാനങ്ങളോട്‌
ശ്‌മശാന ഭൂമിയെചൂണ്ടി
അത്‌ സ്വർഗമായിരുന്നു എന്ന്‌ ഇനിയെങ്ങനെ പഠിപ്പിക്കും?

സ്വന്തം മക്കളെ
ചുട്ടുതിന്ന അമ്മയുടെ
കഥപറയുംമ്പോള്‍
ഭാരതാബയുടെ മുഖം
മനസ്സില്‍ തെളിഞ്ഞാല്‍
അവനെ നമ്മള്‍
എന്തുവിളിക്കും?

കശ്‌മീരിന്റെ ജലം
നമ്മുടെ രക്തമാണ്‌
കശ്‌മീരിന്റെ മണ്ണ്‌
നമ്മുടെ മാംസമാണ്‌
കശ്‌മീരിന്റെ മക്കളോ???
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌