2015, ഡിസംബർ 16, ബുധനാഴ്‌ച

കവിത: കാമദാഹം

കവിത
~~~~~~
      കാമദാഹം
    —————

പെണ്ണേ
നിനക്കെന്തിനു പൊന്ന്‌
എന്ന്‌ ആരോ ചോദിച്ചത്‌
സ്‌നേഹദാഹം കൊണ്ടാണ്‌

ഇന്ന്‌ ചിലർ
ചോദിക്കുന്നു
പെണ്ണേ
നിനക്കെന്തിനു
പൊന്നാടയെന്ന്‌
ഇത്‌ സ്‌നേഹദാഹമല്ല
കാമദാഹമാണ്‌

ഉടയാടയുടെ നീളം
അവളളക്കട്ടെ
അവന്‍ നോക്കി നോക്കി
വെള്ളമിറക്കട്ടെ....
—————————
 സുലൈമാന്‍ പെരുമുക്ക്‌

2015, ഡിസംബർ 14, തിങ്കളാഴ്‌ച

കവിത: വേലി


കവിത
~~~~~
   വേലി
————
വേലിതന്നെ
വിളതിന്നുമ്പോള്‍
ശത്രുക്കള്‍ നോക്കി—
ച്ചിരിക്കുന്നത്‌
അപരാധമാണോ?

അടുക്കളയില്‍
പാത്രങ്ങള്‍
കലപിലകൂടിയതല്ല
തിരുമുറ്റത്ത്‌ കാവല്‍ക്കാർ
അങ്കംവെട്ടിയതാണ്‌ കണ്ടത്‌

വിവേകം
കലരാത്ത വിദ്യയ്‌ക്ക്‌
തെരുവുനായയുടെ
മൂല്യംപോലുമില്ലെന്നതാണ്‌ സത്യം

സത്യവും നീതിയും
ഏറ്റുമുട്ടുക
അരുതെന്നോതുന്ന
സമാധാനത്തെ
ചുട്ടുകൊല്ലുക, അവസാനം
നമുക്ക്‌ പറയാം
അവനൊരു മനോരോഗി—
യായിരുന്നുവെന്ന്‌

നമ്മളിന്നു
ധരിച്ചിരിക്കുന്ന
തിരുവസ്‌ത്രമെല്ലാം
നഗ്നത തെളിയുന്നതാണ്‌

നമുക്ക്‌
കണ്ണുകളുണ്ട്‌
നാം കാണുന്നില്ല
നമുക്ക്‌ കാതുകളുണ്ട്‌
നാം കേള്‍ക്കുന്നില്ല
നമുക്ക്‌ ഹൃദയമുണ്ട്‌
നാം ചിന്തിക്കുന്നില്ല

പുഞ്ചിരിക്കാന്‍
പഠിച്ചില്ലെങ്കിലും
മൃഗങ്ങളാണിന്ന്‌
മനുഷ്യനേക്കാള്‍
ഒരുപടിമുന്നില്‍.
————————
സുലൈമാന്‍ പെരുമുക്ക്‌

2015, ഡിസംബർ 13, ഞായറാഴ്‌ച

കവിത: ന്യായങ്ങൾ


കവിത
~~~~~
    ന്യായങ്ങള്‍
   —————
വാർത്ത
കേള്‍ക്കാനെന്നു
പറഞ്ഞാണ്‌
വീട്ടില്‍ ടീ.വി വാങ്ങിയത്‌

ഇപ്പോള്‍ ചാനലുകള്‍
വിളമ്പുന്ന കാഴ്‌ചകളുടെ
മേളകള്‍ക്കിടയില്‍
വാർത്തകേള്‍ക്കാന്‍
സമയമില്ല

വേവലാതിയകറ്റാനാണ്‌
മകള്‍ക്ക്‌ മൂബൈല്‍
വാങ്ങിക്കൊടുത്തത്,‌
ഇപ്പോള്‍ എപ്പൊവിളിച്ചാലും
അവള്‍ മറ്റൊരാളുമായി
സംസാരിക്കുകയാണെന്ന
അറിയിപ്പാണ്‌കിട്ടുന്നത്.‌

അത്യാവശ്യത്തിനു
യാത്രചെയ്യാനാണ്‌
വാഹനം വാങ്ങിയത്‌
ഇപ്പോള്‍ വീട്ടിലിരിക്കാന്‍
നേരമില്ലാതായി

സുന്ദരമായൊരുവീട്‌
എന്ന ചിന്തയില്‍
ഓടിത്തളർന്ന ഞാൻ
ഖബറിടത്തി
ലെത്തിയപ്പോള്‍
തിരിച്ചറിഞ്ഞു
ഇതാണ്‌ എൻ്റെ വീടെന്ന്‌.
————————————
  സുലൈമാന്‍ പെരുമുക്ക്‌

കവിത: മുഖംമൂടികൾ

കവിത
~~~~~
    മുഖംമൂടികള്‍
   ...............................

എന്താണ്‌
ജനാധിപത്യമെന്നത്‌
അമേരിക്ക നമുക്ക്‌
പഠിപ്പിക്കുന്നുണ്ട്‌,
അതിനുവേണ്ടിയവർ
ഒരുപാടുപേരെ കൊന്നൊടുക്കുന്നു.

എങ്ങനെ
സമാധാനം
കൈവരിക്കാമെന്ന്‌
ബ്രിട്ടന്‍ നമുക്ക്‌
കാട്ടിത്തരുന്നു,
അതിനായവർ
പിഞ്ചോമനകളുടെ
രക്തംപോലും
പുഴപോലെ ഒഴുക്കുന്നു.

സ്‌നേഹ
സന്ദേശം പരത്താന്‍
ഫ്രാന്‍സും റഷ്യയും
സമാനമനസ്‌കരും ഓടുന്നു,
അതിനിടയില്‍
ചുട്ടെരിക്കപ്പെടുന്നത്‌
ജനലക്ഷങ്ങളെയാണ്‌.

സൗഹൃദത്തിന്റെ
പന്തലൊരുക്കാന്‍
ഉയിർക്കൊണ്ടതാണ്‌
ഐ ക്യരാഷ്ട്രസഭ
അവർ കുരുതിക്കളങ്ങളും
ചുടലക്കളങ്ങളുമാണ്‌
ഇന്നൊരുക്കുന്നത്‌

അതിനാണവർ
ഒരുപാട്‌ കെട്ടുകഥകളില്‍
ഒപ്പു വെക്കുന്നത്‌

ആരും നമുക്ക്‌
അന്യരല്ല പക്ഷേ,
എല്ലാവരും കൊതിക്കുന്നത്‌
ചുടുരക്തത്തിനു വേണ്ടിയാണ്‌.

അവരുടെ
കൈകളിലെ
പൂക്കള്‍ പോലും
നമ്മളില്‍ നാശമാണ്‌
വിതയ്‌ക്കുന്നത്‌.
——————————
  സുലൈമാന്‍ പെരുമുക്ക്‌