2015, ഡിസംബർ 11, വെള്ളിയാഴ്‌ച

കവിത: ഇരുട്ടിൽ തപ്പുന്ന സമുദായം

കവിത
———
  ഇരുട്ടില്‍തപ്പുന്ന സമുദായം
 ———————————
സമുദായം
പിളരുന്നതുകണ്ട്‌
പിശാചുക്കള്‍
പൊട്ടിച്ചിരിക്കുന്നുണ്ട്‌

ആരാധന
അല്ലാഹുവിനും
അനുസരണം പിശാചിനും ഭാഗംവെച്ചതുകണ്ട്‌
പിശാച്‌ നൃത്തമാടുന്നു

ഞങ്ങള്‍മാത്രമാണ്‌
സ്വർഗത്തിലെത്തുന്നതെന്നു
ചെല്ലിയവരൊക്കെ
പിളർന്നുപിളർന്നു,
തലതല്ലിക്കീറുന്നു.

ലോകം
നക്ഷത്രങ്ങളിലൂടെ
നടന്നുനീങ്ങുമ്പോള്‍
സമുദായത്തിന്റെ കുത്തകക്കാർ
ഖുർആന്‍ കട്ടെടുത്തു
വില്‍ക്കുന്നവന്റെ
അംഗശുദ്ധിയെപറ്റിയുള്ള
തർക്കത്തിലാണ്‌

മറുഭാഗത്ത്‌
ചാണകത്തിലെ "പുഴു'
ഹറാമോ,ഹലാലോ
എന്ന ഗവേഷണത്തിലാണ്‌
ന്യൂജനറേഷന്‍

ജീവിച്ചിരിക്കുന്നവരെ
ഓർക്കാന്‍
അവർക്ക്‌ നേരമില്ല
കാരണം
ജിന്നുകളെകുറിച്ചുള്ള
ചിന്തയാല്‍ അവരുടെ തല
പുകഞ്ഞുകൊണ്ടിരിക്കയാണ്‌

പട്ടിണികിടന്നു
മരിക്കുന്നവനെ
അവർ കാണുന്നില്ല
പക്ഷേ, മരിച്ചവനോട്‌
വിളിച്ചു പ്രാർത്ഥിക്കുന്നതിനെ
ചൊല്ലിയുള്ള തർക്കം
ഇവിടെ മുറുകുന്നു

എല്ലാവരും തിരക്കിലാണ്‌
അതിനിടയില്‍ മൊസാദിന്റെ
ഫസാദിനെ ആരാണ്‌
തിരിച്ചറിയുക?

സമുദായത്തിന്റെ
യുവതയിന്ന്‌
മൊസാദിന്റെ
കളിപ്പാട്ടമാണ്‌

ഐ സ്സും അല്‍ക്വയ്‌തയും
അല്‍ ജിഹാദുമായി
അവർ പരിണമിച്ചു

അവരാണിന്ന്‌
ഇസ്‌ലാമിന്റെ തിരുമുഖത്ത്‌
"ഭീകരത'എന്ന്‌ എഴുതുന്നത്‌

അവരാണിന്ന്‌
കാരുണ്യത്തിന്റെ
പ്രവാചകനെ
കരിവാരിതേക്കുന്നത്‌

അവസാനത്തെ
മുസല്‍മാനെ
ചുട്ടുകൊന്നാലും ഭീകരത
പിന്നെയും പടരുമെന്നാണ്‌
ഇന്ന്‌ പശുവുംപാടുന്നത്‌.

എങ്കില്‍ ഇനിയെങ്കിലും
ഉണരൂ സമുദായമേ
ഖുർആനിതാ—
മാടിവിളിക്കുന്നു....
———————————
  സുലൈമാന്‍ പെരുമുക്ക്‌

കവിത: വിഡ്ഡികൾ

കവിത
———
       വിഡ്ഡികള്‍
     —————
1.
വലിച്ചൂതുന്നതിന്റെ
മുകളിലൊക്കെ
നിരത്തിയെഴുതിയിട്ടുണ്ട്‌
തൊട്ടുപോകരുതെന്ന്‌

എങ്കിലും വാങ്ങി വലിച്ചൂതിക്കൊണ്ട്‌
വിഡ്ഡിയാണെന്നു
സ്വയം വിളമ്പരംചെയ്യും

കുടിച്ചു
പൂസാവുന്നവന്റെ
പിന്നില്‍ മരണം
പതിയിരിപ്പുണ്ടെന്നത്‌
ആർക്കാണ്‌ അറിയാത്തത്‌?

എങ്കിലും
നട്ടുച്ചനേരത്തും
വരിനിന്നു വാങ്ങി
കുടിച്ചുമരിക്കും

അവസാന നിമിഷം
ഞരങ്ങിക്കൊണ്ട്‌ പറയും
ഇതാണ്‌ എന്റെ വിധിയെന്ന്‌,
അപ്പോള്‍ ജനം അത്‌ ഏറ്റുചൊല്ലും.

2
നാളയെകുറിച്ച്‌
പ്രതീക്ഷ നല്‍കിക്കൊണ്ട്‌
ലോട്ടറിക്കാരനെത്തുമ്പോള്‍
ടിക്കറ്റ്‌ വ്യാജമാണെന്നറിഞ്ഞാലും
സമ്മാനം എനിക്ക്‌ കിട്ടേണമേ
എന്നാണ്‌ പ്രാർത്ഥന,
അവനേയും ജനം
കാരുണ്യവാനെന്നു വിളിക്കും.

പണിയില്ലാത്തവനും
പട്ടിണിക്കാരനും
പടുവിഡ്ഡികളുമാണ്‌
"രാഷ്ട്രിയ"കച്ചവടക്കാരന്റെയും
"മത"കച്ചവടക്കാരന്റെയും
ഇന്ധനമെന്നറിയാം

എങ്കിലും
മടയന്‍മാർ
മധുരമുള്ള വാക്കുകേട്ടാല്‍
മയങ്ങിവീഴൂം

പിന്നെ
തലയിലിരിക്കുന്ന നേതാവ്‌
എത്ര കീഴ്‌വായു വിട്ടാലും
കസ്‌തൂരിയുടെ
സുഗന്ധമാണെന്നു ചൊല്ലും.
———————————
  സുലൈമാന്‍ പെരുമുക്ക്‌
......................................................

കവിത.: വിഷവിത്തുകൾ

കവിത
———

  വിഷവിത്തുകള്‍
......................................
നമ്മള്‍
ഹിന്ദുവിനൊ
മുസല്‍മാനൊ
ക്രൈസ്‌തവനൊ ...എതിരല്ല

പക്ഷേ,നമ്മള്‍
വർഗീയതക്കും
തീവ്രദക്കും ഭീകരതക്കും...
എതിതരായിരിക്കണം

രക്തദാഹികളും
അധികാരമോഹികളും
അവസാനം
സ്വന്തം മക്കളേയും
കൊന്നുതിന്നും

കണ്ണെത്തും
ദൂരത്തുവെച്ചാണ്‌
കല്‍ബുർഖിയേയും
അഖ്‌ലാഖിനേയും....
അവർകൊന്നത്‌

വിഷവിത്തുകള്‍
വലിച്ചെറിഞ്ഞാല്‍മതി
കാട്ടുതീപോലെ
അതുപരക്കും,
കൂരിരുട്ടാണതിന്റെ വളം.

കാളകൂടമെത്ര
സംസ്‌കരിച്ചാലും
അത്‌ തേന്‍കണമാവില്ല

ഒടുവില്‍
രാക്ഷസന്‍
മുഖംമൂടിധരിച്ച്‌
ഒരിറ്റു കണ്ണുനീർ
മണ്ണില്‍വീഴ്‌ത്തിയപ്പോള്‍
ആകാശം മരുഭൂമിയായി

വേശ്യയുടെ
ചാരിത്രപ്രസഗം
വിശ്വസിച്ചാലും
സാത്താന്റെ
വേദപാരായണം
വിശ്വസിക്കരുത്‌.
————————
സുലൈമാന്‍ പെരുമുക്ക്‌

2015, ഡിസംബർ 10, വ്യാഴാഴ്‌ച

കവിത : ജനവിധി

കവിത
———
     ജനവിധി
  =============
അവർകയ്യിട്ട്‌
വാരുമെന്നറിഞ്ഞിട്ടും
അവരെ ജയിപ്പിക്കുന്നവർ
അർഹതപ്പെടാത്തത്‌
ആഗ്രഹിക്കുന്നവരാണ്‌

ഇന്നോളം
ഒന്നും െചയ്യാത്തവനെന്ന്‌—
ചെല്ലുന്നവന്നവർ
പിന്നെയും അവനെ
തിരെഞ്ഞെടുത്തത്‌
രാഷ്‌ട്രീയ-
അന്ധവിശ്വാസമാണ്‌.

വർഗീയവാദിയേയും
തീവ്രവാദിയേയും
തിരിച്ചറിഞ്ഞിട്ടും
അവർക്കായി വിരല്‍
ചലിപ്പിക്കുന്നവന്റെ
ഉളളിലിത്തിരിവിഷമുണ്ട്‌

നേരിന്റെ
തിരിനാളങ്ങള്‍ക്കെതിരെ
താന്തോനികള്‍
കൊടുങ്കാറ്റുമായെത്തുമ്പോള്‍
നോക്കിനില്‍ക്കുന്നവർ
നാളെയുടെ ശാപമാണ്‌

കണ്ണീരൊപ്പുന്നവനേയും
ചോരചിന്തുന്നവനേയൂം
ഹിംസ്രജന്തുക്കള്‍പോലും
തിരിച്ചറിയുമ്പോള്‍ ഇവിടെ കണ്ണടച്ചിരിക്കുന്നവരെ—
യാണ്‌ കാണുന്നത്‌.

മുയലിന്റെ
അമിതപ്രതീക്ഷക്ക്‌
നടുവിലുടെ
"ആമ"ഒരുനാള്‍
ലക്ഷ്യത്തിലെത്തും
അന്നായിരിക്കും
ശരിയായ ജനവിധി.

——————————
 സുലൈമാന്‍ പെരുമുക്ക്‌

കവിത
~~~~~
  ദൈവമേ.....
————
ദൈവമേ
വെള്ളം
ഇഷ്ടമാണ്‌
വെള്ളപ്പൊക്കം
മഹാകഷ്ടമാണ്‌

കാറ്റിനോട്‌
സ്‌നേഹമാണ്‌
കൊടുങ്കാറ്റ്‌,
അത്‌ ഭയാനകമാണ്‌.

മഴയെകണ്ടിരിക്കുമ്പോള്‍
ആനന്ദമാണ്‌
പേമാരിയെ
എന്നും പേടിയാണ്‌

മിന്നലിനെന്തൊരു
ചന്തമാണ്‌
അത്‌ തൊട്ടുതലോടിയാല്‍
വെന്തുരുകും

പ്രകൃതിക്കുണ്ടൊരു താളം
അത്‌ജീവനെ
താരാട്ടുന്ന താളം

അഹങ്കാരം കണ്ടാല്‍
പ്രകൃതിയുടെ താളം
അവതാളമായിടും

പ്രകൃതി
താളംതെറ്റിയപ്പോള്‍
ദൈവമേയെന്നു
ഹൃദയം നീട്ടിവിളിച്ചു

പുരോഹിതർ
കുത്തിവെച്ചതെല്ലാം
കറുപ്പായിരുന്നുവെന്ന്‌
ഇന്ന്‌ തെളിഞ്ഞു

മരണം മുഖത്തു
നോക്കിയപ്പോള്‍
ദൈവത്തെ കണ്ടു,
തൊട്ടടുത്തുള്ള
സഹോദരനേയും കണ്ടു.

ഇന്നലെ
അവനെ കൊല്ലാന്‍
പതിയിരുന്നവനാണു ഞാന്‍
ഇന്ന്‌ മരണവെപ്രാളത്തില്‍
എന്റെ കൈ
എത്തിപ്പിടിച്ചത്‌
അവന്റെ കൈകളിലാണ്‌.
———————————
    സുലൈമാന്‍ പെരുമുക്ക്‌
............................ .. .. . ...........

2015, ഡിസംബർ 9, ബുധനാഴ്‌ച

കവിത: ഫതുവ



കവിത
~~~~~
      ഫത്വ്‌വ
    ————
തോറ്റു
തുന്നംപാടിയവന്റെ
തലയില്‍ കിത്താബ്‌
വെച്ചാല്‍
ഗ്രന്ഥംചുമക്കുന്ന
കഴുതയേക്കാള്‍
തരംതാഴുമെന്നത്‌
പഴമക്കാർ പറഞ്ഞതാണ്‌

ഉലക്കവീണുചത്ത
കോയിന്റെ* ചാറ്‌
ഹലാലാണെന്ന
"ഫത്വ്‌വ"കേട്ടാണ്‌
സമുദായം ആദ്യം ഞെട്ടിയത്‌

അല്‍പം
പഠിച്ചവനെ
അകത്തുകടത്തരുതെന്ന"ഫത്വ്‌വ" സമുദായത്തിലെ പെണ്ണ്‌
അനുഭവംകൊണ്ട്‌ പറഞ്ഞതാണ്‌

പുത്തനാശയക്കാരെ
ഹദ്ദടിക്കാനുള്ള ഫത്വ്‌വ
സ്വന്തം തലയില്‍
മൗലാനമാർ ഖബറടക്കട്ടെ

വായിക്കാന്‍
പഠിപ്പിച്ച പ്രവാചകന്റെ
പിന്‍മുറക്കാരല്ല—
വായിക്കരുതെന്നു
ചൊല്ലുന്ന പുരോഹിതർ

പുരോഹിതരുടെ
ഫത്വ്‌വകളെന്നും
പൈശാചിക
വചനങ്ങളാണ്‌

പണ്ഡിത വേശധാരികളും
"ശകുനി"ഹൃദയരും പിന്നെ
വികാരജീവികളും
ചേർന്നാടിയാല്‍ നാട്‌കത്തും

മുറ്റത്തിരുന്ന്‌
അകത്തേക്ക്‌
തുപ്പുന്നവരെ സമുദായം
എന്നാണ്‌ തിരിച്ചറിയുക?....
എങ്കില്‍ അന്ന്‌
പെരുനാളാണ്‌.
~~~~~~~~~~~~~~~~~
*കോഴിയുടെ
——————————
സുലൈമാന്‍ പെരുമുക്ക്‌