2015, മാർച്ച് 14, ശനിയാഴ്‌ച

കവിത:ഖബറില്‍നിന്നൊരു കത്ത്‌

 
 
 
 
 

 
കവിത
~~~~~
      ഖബറില്‍നിന്നൊരു കത്ത്‌
    ———————————
എന്നും
വർണസ്വപ്‌നങ്ങളായിരുന്നു
എൻറെ നെഞ്ചില്‍
ഉമ്മ പറയാറുണ്ട്‌
നിലാവുള്ള
രാവിലായിരുന്നു
എൻറെ  ജനനമെന്ന്‌
പക്ഷേ മരണമോ
കറുകറുത്ത രാവില്‍
വായില്‍
വെള്ളിക്കരണ്ടിയുമായി
തന്നെയാണ്‌
ഞാന്‍ ജനിച്ചുവീണത്‌ 
പിടിവാശി നിറഞ്ഞ
എൻറെ  ജീവിതാന്ത്യം
എത്ര വേദനാജനകം
വീട്‌ പണിയുമ്പോള്‍
മുറിയുടെ വിസ്താരം
പതിനാറേ,പതിനാറ്‌
വേണമെന്നത്‌ എനിക്ക്‌
നിർബന്ധമായിരുന്നു
ഭക്ഷണത്തളികയില്‍
കണ്ട പൊടിയുടെ പേരില്‍
ഉമ്മയോട്‌ കയർത്തതും
ഭാര്യയെ മുഖത്തടിച്ചതും
ഇന്നോർക്കുമ്പോള്‍
എനിക്കെന്നെ
കുത്തിക്കൊല്ലണമെന്നുണ്ട്‌
വിലകൂടിയ
വസ്‌ത്രങ്ങളു
വാഹനങ്ങളും
എത്രവേഗത്തിലാണ്‌
വലിച്ചെറിഞ്ഞിരുന്നത്‌
ഇന്നെനിക്കു കിട്ടിയ
ഈ മൂന്നുകഷ്‌ണം തുണി
എത്രവിലകുറഞ്ഞതാണ്‌,
അതും ആരോ കനിഞ്ഞത്‌!.
വിശാലമായ
വീട്ടില്‍നിന്ന്‌
ഞെരുങ്ങിക്കിടക്കുന്ന
ഖബറിലാണ്‌
ഞാന്‍ വന്നെത്തിയത്‌
ഈ ഖബർപോലും
എനിക്ക്‌ എന്നെന്നും
സ്വന്തമായിരിക്കുമോ?
മരണംവരെ
ഖുർആന്റെ
വിധി,വിലക്കുകള്‍
ഓതിത്തരാത്തവർ
ഇനിയെനിക്ക്‌
ഓതിത്തന്നിട്ടെന്തുകാര്യം?
അപാരബുദ്ധിയുടെ
ഉടമയെന്നഹങ്കരിച്ച ഞാന്‍
ഈ രണ്ടു കല്ലുകള്‍ക്കിടയിലെ
ജീവിതം ചിന്തിച്ചതേയില്ല.
————————————
  സുലൈമാന്‍ പെരുമുക്ക്‌

2015, മാർച്ച് 12, വ്യാഴാഴ്‌ച

കവിത: വർഗീയവിഷവും തീവ്രവാദത്തിൻറെ വിത്തും

കവിത
~~~~~
     വർഗീയവിഷവും തീവ്രവാദത്തിൻറെ  വിത്തും
———————————
വന്നുകൂടിയവർ
വമ്പന്‍മാരായി
ഇന്നവർ കൊമ്പുകുലുക്കി
നടക്കുന്നു
ഭാരതത്തിൻറെ
വർണചിത്രങ്ങള്‍
അവർ തീർത്തതാണ്‌
താജ്‌മഹല്‍,
ഖുതുബ്‌മിനാർ,
ചെങ്കോട്ട......
നാം ഉണരണം
നമ്മളൊന്നിക്കണം
ആരാധനയിലും
അനുഷ്ടാനത്തിലും
നമുക്കെതിരാണവർ
നമ്മള്‍
കിഴക്കോട്ട്‌
തിരിയുമ്പോള്‍
അവർ പടിഞ്ഞാറ്‌
തിരിയുന്നു
നാം വലത്തോട്ട്‌
ഉടുക്കുമ്പോള്‍
മേത്തന്‍ ഇടത്തോട്ട്‌
ഉടുക്കുന്നു
പശുവിനെ നമ്മള്‍
ആരാധിക്കുമ്പോള്‍
അവർ അറുത്തു
തിന്നുന്നു
ഇനിയും
കണ്ടുനില്‍ക്കുവോർക്ക്‌
കണ്ടാമൃഗത്തിൻറെ
തൊലിക്കട്ടിതന്നെ
ഹിന്ദു
ഉണരണം
ഹിന്ദു ഉണർന്നാല്‍
പിനെ ഇസ്‌ലാമില്ല.
***********************
കവിത
.............
  തീവ്രവാദത്തിൻറെ  വിത്ത്‌
———————————
ഇനി നമുക്ക്‌
രക്ഷയില്ല
വർഗീയവാദികള്‍
ഉറഞ്ഞുതുള്ളുകയാണിന്ന്‌
ഭരണകൂടമവർക്ക്‌
തണലൊരുക്കുമ്പോള്‍
ഇന്ന്‌ കവലകളിലൊക്കെ
ഘർ വാപ്പസിയാണ്‌
ബാബരിയുടെ
തേങ്ങല്‍ കാതുകളില്‍
വന്നലക്കുന്നില്ലെ?
ഇനിയും
മൂടിപ്പുതച്ചുറങ്ങുകില്‍
കൂടെക്കിടക്കുന്ന
പെണ്ണുംമണ്ണും
അവർ തട്ടിയെടുക്കും
ഇനി ആരെയാണ്‌
നമ്മള്‍ കാത്തിരിക്കുന്നത്‌
ബദറും ഉഹ്‌ദും
പാടി രസിക്കാനല്ല
നാം ജീവിക്കേണ്ടത്‌
വൈരികളെ
വകവരുത്തണം
തുള്ളിക്കൊരു കുടം
അതാണ്‌
നമ്മുടെ നീതി
ഗുജറാത്തും
സൂറത്തും ഭഗല്‍പ്പൂരും
എങ്ങനെ മറക്കും?
മാറാടും നാദാപുരവും
പെട്ടിക്കരയുകയാണിന്ന്‌.
വരുംതലമുറ
ശപിക്കാതിരിക്കാന്‍
ഉണരൂ,എഴുനേല്‍ക്കൂ....
ഇസ്‌ലാമിനെ
കുഴിച്ചുമൂടാന്‍
വർഗീയവാദി ഇവിടെ
കുഴിയെടുക്കുമ്പോള്‍
വർഗീയവാദിയുടെ
നെഞ്ചില്‍ കയറി
സ്വന്തംമയ്യത്ത്‌
നമസ്‌ക്കരിക്കുന്നു തീവ്രവാദി
വേദമോതുന്നത്‌
പോത്തിനോടണെങ്കില്‍
പോത്തിന്റെ ഭാഷയില്‍
ഓതണമെന്നത്‌
വേദപണ്ഡിതർ
ഇനി എന്ന്‌ തിരിച്ചറിയും?
 
അന്നിവിടെ  മഞ്ഞു പെയ്യും 
പൂക്കൾ വിരിയും 
പൂനിലാവുദിക്കും 
പുഞ്ചിരിപടരും ....

 ..............................................
സുലൈമാന്‍ പെരുമുക്ക്‌

2015, മാർച്ച് 11, ബുധനാഴ്‌ച

കവിത:ഘർ വാപസി....?

കവിത
~~~~~
     ഘർ വാപസി....?
   ————————
അവർ
അനുദിനം
ആജ്ഞാപിക്കുന്നുണ്ട്‌
വീട്ടിലേക്ക്‌ മടങ്ങാന്‍!
ഇന്ന്‌ തെറിവിളിയും
ആക്രോശവും
ബലപ്രയോഗവും തുടങ്ങി
എൻറെ  വീടേതാണ്‌?
അതിൻറെ  കോലമെന്താണ്‌?
എനിക്കറിയില്ല
എനിക്കൊന്നറിയാം
എന്റെ മുതു മുത്തച്ഛൻറെ
മുതുകില്‍
ചവിട്ടി മെതിച്ചവരാണവർ
നില്‌കാന്‍
ഇടം കൊടുക്കാത്തവർ
ഒരേവഴിയിലൂടെ
നടക്കാത്തവർ,
തെരുവു നായക്കളെക്കാള്‍
ദൂരെ നില്‌ക്കാന്‍
വിധിക്കപ്പെട്ടവരെ
മനസ്സുകൊണ്ടാണോ
മാടി വിളിക്കുന്നത്‌?
ജാതി ഭീകരത
പത്തി വിടർത്തുമ്പോള്‍
തോട്ടിപ്പണിക്കാരൻറെ
ജീവന്‌ എന്തൊരു വില?
...............................................
സുലൈമാന്‍ പെരുമുക്ക്‌

കവിത: കലിപ്പ്‌

കവിത
~~~~~
       കലിപ്പ്‌
    ————
സ്‌നേഹമാണുപോലു—
സ്‌നേഹം!
സ്‌നേഹമെന്നു ചൊല്ലി
സ്വന്തം തന്തയെ
നക്കിക്കൊന്നവനാണവന്‍
എൻറെ  തന്തയെ
തെറിവിളിച്ചുകൊണ്ടാണവന്‍
സ്വന്തം തന്തയെ
നക്കിക്കൊന്നത്‌
മഹത്തുക്കളെ
തെറിവിളിക്കുമ്പൊഴെത്രെ
അവന്റെ സ്വാതന്ത്രിം
പൂർണമാവുന്നത്‌
ഈ ഇരുട്ട്‌
എത്ര വേഗത്തിലാണ്‌
പരക്കുന്നത്‌
കാലത്തിനുമേല്‍
കൈയൊപ്പു ചാർത്തിയ
മഹത്തുക്കളെ
പൂന്തോപ്പിലിരുന്ന്‌
പിശാചെന്നു
വിളിക്കുന്നവനാണിന്ന്‌
ബുദ്ധിജീവി
കോടികള്‍
വിലയുള്ള ശുനകനാണെങ്കിലും
പേബാധ ഏല്‍ക്കു-
 മെന്നത്‌ സത്യം
ഇന്ന്‌ സ്‌നേഹത്തിലും
സമാധാനത്തിലും
സൗഹൃദത്തിലും
നിറയെ മായം
കലർന്നിരിക്കുന്നു
മുരടിച്ച ബുദ്ധിയില്‍
ഇനി എന്ത്‌
കുത്തി വെക്കും?
തളർന്നു വീണ
വിഡ്ഡികളെ
ഇനി ആര്‌ ഉദ്ധരിക്കും?
~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

2015, മാർച്ച് 10, ചൊവ്വാഴ്ച

കവിത:സാത്താൻറെ സ്വർഗം

കവിത
~~~~~~~~~~
    സാത്താൻറെ  സ്വർഗം
******************************
നമുക്കൊന്നിനും
നേരമില്ല
"നേരത്തെ'
നമ്മളില്‍നിന്ന്‌
ആരൊക്കെയൊ
കട്ടെടുത്തിരിക്കുന്നു
ഇഷ്‌ടസീരിയലുകളുടെ
നേരത്ത്‌
വീട്ടിലാരും
എത്തരുതേ എന്നത്‌
ഉള്ളംതട്ടിയ പ്രാർത്ഥന
കുടിക്കാന്‍
ള്ളെമില്ലന്നതും
ഉള്ളതില്‍
വിഷം കലർന്നതും
നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല
താന്തോനികളും
തെമ്മാടികളും
തീർത്ത ഗർത്തത്തില്‍
കണ്ണടച്ചു നടക്കുന്ന നമ്മള്‍
ചെന്നുവീഴുന്നു
വെട്ടിപ്പിടിച്ച         
വെളുത്ത
കരങ്ങളില്‍ നിന്ന്‌
രാജ്യസ്‌നേഹികള്‍
പൊരുതി നേടിയത്‌
തട്ടിപ്പറിച്ചു
കറുത്ത കൈകള്‍
ഇന്നിവിടെ
സ്വാതന്ത്രത്തിന്റെ
വിശുദ്ധ വായുവിലും
മാരക വിഷമാണ്‌
കലർത്തുന്നത്‌
ഉപ്പുതൊട്ടു—
കർപ്പൂരം വരെ മായം,
അതെ മഹാ മായം
ആർക്കും
ആരോടും
കടപ്പാടില്ലാതെ
സാത്താന്റെ
സ്വർഗത്തിലൂടെ
ഓടുകയാണ്‌
അമ്മയോടുള്ള
കടപ്പാടുപോലും
ഗർഭപാത്രത്തിന്‌
വാടക കൊടുത്താല്‍ തീരുമെന്നത്‌
ന്യൂ ജനറേഷന്‍ ചിന്ത!
.............................................
സുലൈമാന്‍ പെരുമുക്ക്‌