2014, മാർച്ച് 21, വെള്ളിയാഴ്‌ച

കവിത :പൊന്ന്


കവിത 
............
                             പൊന്ന് 
                     .........................

പൊന്ന് 
മേലാളന്മാർക്ക് 
തേൻ മഴയാകുമ്പോൾ 
കീഴാളന്മാർക്ക് 
അതെന്നും തീ മഴയാണ് 

എന്നിട്ടും കീഴാളൻ 
പൊന്നിനെ സ്നേഹത്തിൻറെ 
പ്രതീകമായി കാണുന്നു 

തൻറെ പെണ്ണിനേയും 
കുഞ്ഞിനേയും 
പ്രിയപ്പെട്ടവരെയൊക്കയും 
പൊന്നെ എന്നു വിളിക്കാനാണ് 
അവനെന്നും ഇഷ്ടം 

സമ്പന്നൻ പൊന്നിനെ 
 അടയിരുത്തി വിരിയിപ്പിച്ചു 
ലാഭം കൊയ്യുമ്പോൾ 
ദരിദ്രൻ ഉടുതുണിയില്ലങ്കിലും 
പൊന്നിനെ മാറോടു 
ചേർത്തു നടക്കും 

പുണ്യവാളന്മാർ 
വേദ ഗ്രന്ഥങ്ങളോതി 
പരസ്യ ചിത്രത്തിൽ 
അഭിനയിക്കുമ്പോൾ 
  ആധുനികൻറെ 
കച്ചവട തന്ത്രത്തിൽ 
ഐശ്വര്യത്തിൻറെ -
ദിനങ്ങളേറിവരുന്നു
 
പുല്ലു വിലയില്ലാത്ത കല്ലാണ് 
പൊന്നിൽ പതിച്ചതെങ്കിലും 
നഷ്ടം കൂട്ടാതെ ഭക്തർ 
പൊന്നിൻറെ വില നല്കും 

പൊന്നിനെ പ്രണയിക്കുന്ന 
മനസ്സിനെ അവൻ കൊല്ലണം 
അല്ലങ്കിൽ അവനറിയാതെ 
പോന്നവനെ 
അന്നം കൊടുക്കാതെ  കൊല്ലും .
        
            സുലൈമാന്‍ പെരുമുക്ക് 
                 00971553538596
     sulaimanperumukku @gmail .com 

2014, മാർച്ച് 19, ബുധനാഴ്‌ച

കവിത :ബലിയാടുകൾ


കവിത 
...............
                           ബലിയാടുകൾ 
                       ...................................

മകൾക്ക് 
നാണയ തുട്ടുകൾ 
ചേർത്തു വെയ്ക്കാൻ 
കുടുക്ക വാങ്ങി 
വരുമ്പോഴാണവർ 
എന്നെ അറസ്റ്റു ചെയ്തത് 

പൊതി തുറന്നു 
കാട്ടിയെങ്കിലും 
വേറെ പൊതി മുന്നിൽ 
വെച്ചവർ ഫോട്ടോഎടുത്തു 

പിന്നെ ഏറെ നേരം 
മീഡിയ കളുടെ 
നടുവിലായിരുന്നു 
തിരക്കഥ പോലെ 
മീഡിയകളോടവർ പ്രതികരിച്ചു 

നുണ പരിശോധനക്കായ് 
എന്തൊക്കെയോ 
ശരീരത്തിൽ കുത്തിവെച്ചു 
ബോധം തെളിയുമ്പോൾ 
പറയുന്നത് കേട്ടു -

സർ ,ഇവൻ ഇതിനെയെല്ലാം 
അതി ജീവിക്കാൻ 
പരിശീലനം നേടിയവനാണ് 
പിന്നെ അവർ 
വ്യായാമം തുടങ്ങി 

അതിനിടയിൽ 
ഒരു വിദഗ്ധൻ 
കൈ വെള്ളയിലെ 
സ്പാനർ പിടിച്ച തഴമ്പ് 
നോക്കി പറഞ്ഞു -
ഇതു  തോക്ക് പിടിച്ച 
അടയാളമാണന്ന് ....

വീണ്ടും ഞാൻ 
അബോധാവസ്ഥയിലേക്ക് 
വഴുതി വീണു ...

          സുലൈമാന്‍ പെരുമുക്ക് 
        sulaimanperumukku @gmail . com 
                 00971553538596 


2014, മാർച്ച് 17, തിങ്കളാഴ്‌ച

കവിത :അവർ വരവായി


കവിത 
................
                        അവർ വരവായി 
                     .......................................

തേനും പാലുമൊഴുക്കുമെന്ന 
കേട്ടു മടുത്ത വാക്കുകളേറ്റി 
അവർ വരവായി 

കൂട്ടത്തിൽ ചില 
പുത്തൻ കൂറ്റുകാരുണ്ട്‌ 
അവർ ചങ്ങല പൊട്ടിച്ച് 
ബന്ധിതരെ തേടി വരികയാണ് 
അവരുടെ വിധി 
കാലം വിളിച്ചു പറയട്ടെ 

ഉടുതുണിയില്ലാതെ 
ചുണ്ടിൽ ചിരി ചാർത്തി -
യെത്തുന്നവരോട് നമുക്ക് 
ഉറക്കേ വിളിച്ചു പറയണം 
നിങ്ങൾ നഗ്നരാണന്ന് 

ആജീവനാന്തം 
ആധിപത്യ -
മുറപ്പിക്കാനെത്തുന്നവർ 
കാണട്ടെ 
വിരൽതുമ്പിൻറെ തിരുത്ത് 

ദേശാടന 
പക്ഷികൾപോലും 
ഹൃദ്യമായ കാഴ്ച 
സമ്മാനിച്ച് മറഞ്ഞാലും 
മനസ്സിലെന്നുംതിളങ്ങിനില്ക്കുന്നു 

ഇവിടെ ചിലരെ 
ഓർക്കുമ്പോൾ 
മഹാമനസ്ക്കൻറെ 
മനസ്സിൽ പോലും 
ഉയരുന്നത് ശാപവചനമാണ് 

ഇന്നോളമൊന്നും 
ചെയ്യാത്തവർ 
നാളെ ചെയ്യുമെന്ന പീതീക്ഷ 
വിഡ്ഢികൾക്കേ ചേരൂ 

അവർ അവർക്കു 
വേണ്ടി മാത്രം ജീവിക്കുമ്പോൾ 
അടിമകളെയാണവർ തേടുന്നത് 

പൊതു ജനം 
കഴുതയല്ലെന്ന് 
വിരൽ തുമ്പ്കൊണ്ട് 
എഴുതിത്തെളിയണം 

മനുഷ്യപ്പറ്റുള്ളവരുടെ 
കൈകളിലേക്ക് 
വിലപ്പെട്ട വോട്ട് 
കൈമാറുമ്പോൾ 
വിവേകം വീണ്ടും 
തിരിച്ചെത്തുന്നു .....

        സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

2014, മാർച്ച് 16, ഞായറാഴ്‌ച

കവിത :മനുഷ്യൻറെ അറിവ് ....?


കവിത 
...............
                        മനുഷ്യൻറെ അറിവ് ....?
                    --------------------------------------------
ആട്ടിൻകുട്ടിയുടെയും 
ആമക്കുഞ്ഞുങ്ങളുടെയും 
നൈസർഗീക 
ബോധത്തിനു മുന്നിൽ 
മനുഷ്യനിന്നും 
മിഴിച്ചുനില്ക്കുന്നു 

സർവ വിജ്ഞാനവും 
വിരൽ തുമ്പിലെന്നൂറ്റം -
കൊള്ളുന്നവൻ 
കണ്‍മുന്നിൽ നിന്ന് കാണാതായ 
വിമാനംതേടി കണ്ണ്‍കയച്ചു 

എണ്ണിയാൽ തീരാത്ത 
അറിവിൻറെ പടികളാണ് 
മുന്നിലുള്ളതെന്ന് 
അവൻ തിരിച്ചറിയാനിരിക്കുന്നു 

ഒറ്റു കൊടുക്കാനും 
ചുട്ടെരിക്കാനുമുള്ള 
അറിവിനായാണവൻ 
എന്നും കുതിച്ചത് 

ലക്ഷങ്ങളെ കൊന്നൊടുക്കാൻ 
അവന് നിമിഷങ്ങൾ മതി 
പക്ഷേ ഒരാളെ പോലും 
രക്ഷിക്കാനവൻ വിയർക്കുന്നു 

സമുദ്രത്തിൽനിന്ന് 
വിരൽ തുമ്പിലെടുത്ത 
ജല കണത്തോളമേ 
ജ്ഞാന സാഗരത്തിൽ നിന്ന് 
അവൻ നേടിയിട്ടുള്ളൂ 

ഈ മനുഷ്യനാണ് 
വിളിച്ചു കൂവുന്നത് 
പ്രപഞ്ചം ശൂന്യതയിൽനിന്ന് 
ഉയർന്നു വന്നതെന്ന് 

കാലം അവൻറെ 
മുന്നിൽ തുറക്കുന്ന 
വാതായനത്തിലൂടെ 
വിനയത്തോടെ കടക്കട്ടെ 

അത് തലമുറകൾക്കായുള്ള 
തീർത്ഥയാത്രയാവട്ടെ ...

         സുലൈമാന്‍ പെരുമുക്ക്