2013, ഡിസംബർ 6, വെള്ളിയാഴ്‌ച

കവിത :കറുത്ത പാട്


  കറുത്ത പാട് 
 ........................

യുദ്ധമരുതെന്ന് 
ഓതിയ സ്ഥലത്തു 
നിന്നാണവർ 
ആയുധമെടുത്തത് 

രമ്മ്യത തീർക്കുന്നവൻ്റെ
നാമത്തിലാണവർ 
രക്തം ചിന്തിയത് 

അതിഥി ദേവോ ഭവ 
എന്ന വചനം  നാം
ഇനി എവിടെ 
ഒളിപ്പിച്ചു വെക്കും 

കാലത്തിനു 
മായ്ക്കാനാവാത്ത 
കറുത്ത പാടാണ് 
വെളുത്ത പിശാചുക്കൾ 
ചേർന്നൊരുക്കിയത് 

സത്യത്തേയും 
സ്നേഹത്തേയും 
കറുത്ത പാമ്പുകൾ 
ആഞ്ഞു കൊത്തുന്നത് 
പാമ്പാട്ടികൾ നോക്കി നിന്നു!

പ്രവചനക്കാരുടെ 
പ്രവചനങ്ങൾ തെറ്റി 
കാരണം അവർ 
പ്രവാചകന്മാരായിരുന്നില്ല-

അവർ മാടപ്രവുകളുടെ 
രൂപത്തിൽ വന്ന 
കഴുകൻ മാരായിരുന്നു*

പൊയ് മുഖങ്ങൾ 
കൊഴിഞ്ഞു വീഴുന്നത് 
മഹാത്മാവ് 
ദൂരെ നിന്നു നോക്കി 
കൂടെ ശ്രീ രാമനും ഉണ്ടായിരുന്നു!
<><><><><><><><><><><>
* ഓരോ ഡിസംബർ ആറും
മതേതര നാട്യക്കാരുടെ
മുഖംമൂടികൾ പിച്ചിച്ചീന്തിക്കൊ
ണ്ടിരിക്കുന്നു!
---------------------------------------------

           സുലൈമാന്‍ പെരുമുക്ക് 
             

2013, ഡിസംബർ 3, ചൊവ്വാഴ്ച

കവിത :കബറിടം കണ്ടപ്പോൾ


കവിത 
...............
                         കബറിടം കണ്ടപ്പോൾ 
                      ..............................................

ഒരിക്കൽ കൂടി 
ഞാനാസുഹൃത്തിൻറെ 
കബറിടം 
കാണാൻ എത്തി 

മരണത്തെ 
പറ്റിയുള്ള ചിന്ത 
പുതിയ തലങ്ങളിലേക്ക് 
എന്നെ വഴി നടത്തി 

കടക്കാരനായി 
മരിച്ച സുഹൃത്തിൻറെ 
അയൽവാസിയായി 
ഇന്ന് എത്തിയിട്ടുള്ളത് -

കുബേരനായ 
കുഞ്ഞവറാൻ ഹാജിയാണ് 
ഇരുവരും 
ഒരേ മണ്ണിൽ കിടക്കുന്നു 

സുഹൃത്തിനെ 
ഞാനുണർത്തി 
ബന്ധു ,മിത്രങ്ങൾ 
നിൻറെ കടം വീട്ടി 

നിൻറെ ആത്മാവിന് 
ശാന്തി കൈവരട്ടെ 
ഇനി നിനക്ക് 
സുഖ നിദ്ര പ്രാപിക്കാം 

ഇടതു ഭാഗത്ത് 
കിടക്കുന്ന 
നാട്ടു പ്രമാണിയോട് 
ഞാൻ ചോദിച്ചു 

താങ്കളുടെ 
അവസ്ഥ എന്താണ് ?

അര സെന്റെ ഭൂമി 
അയൽവാസിക്ക്‌ വഴിയായി 
തീവിലക്കു പോലും 
കൊടുക്കാൻ മടിച്ചത് 
ഇന്ന് ഉപകരിച്ചുവോ 

താങ്കൾ 
അടക്കിപ്പിടിച്ച സ്വത്ത് 
വലിച്ചെറിഞ്ഞു കൊണ്ട് 
ചെറുപ്പക്കാരിയായ ഭാര്യ 
വേലക്കാരനൊപ്പം പോയി 

അറിയുക 
ആസ്വത്തിന് വേണ്ടി 
ഇന്ന് മക്കൾ 
തമ്മിൽ തല്ലുന്ന കാഴ്ച 
നാട്ടുകാർക്ക് 
അസഹ്യമാണിന്ന്

അല്ലയോ ഹാജി 
താങ്കളുടെ ശരീരത്തെ 
അവസാനം ബന്ധു ,മിത്രങ്ങൾ 
വെള്ള പുതച്ചു 

ആത്മാവിനെ 
വെള്ളയുടുപ്പിക്കേണ്ടത് 
താങ്കൾ തന്നെയായിരുന്നില്ലേ ?

     സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  

     







2013, ഡിസംബർ 1, ഞായറാഴ്‌ച

കവിത :സൂചന


കവിത 
...............
                       സൂചന 
                  ........................

ദുസ്വപ്നങ്ങളും 
ദാരിദ്ര്യവും 
അയാളെ പിന്തുടർന്നു 

അയാൾ കണ്ട 
തണ്ണീർ തടങ്ങളെല്ലാം 
മരീചികയായിരുന്നു 

നാളെ നാളെ 
എന്നു പറയുന്ന 
മത കച്ചവടക്കാർ വന്നു 
വിധിയാണന്നു 
പറഞ്ഞു പോയി 

മത നിഷേധികൾ 
ദൈവത്തെ 
തള്ളിപ്പറഞ്ഞു പോയി 

സുഖിപ്പിക്കുന്ന 
വാക്കുകളല്ലാതെ 
ദാഹജലം നല്കാൻ 
ആർക്കും മനസ്സു വന്നില്ല 

യാചനയുടെ 
വാതിലിലയാൾ 
തളർന്നു വീണപ്പോൾ 

ദൂരെ ഒരു 
മുറിവേറ്റ പക്ഷി 
കുഞ്ഞുങ്ങൾക്ക് 
അന്നം നല്കുന്ന 
കാഴ്ച കണ്ടയാൾ 

ജീവിതം 
പൊരുതാനുള്ളതാണന്ന്  
ആപക്ഷി യിൽ നിന്ന് 
അയാൾ തിരിച്ചറിഞ്ഞു 

അന്നയാൾ കണ്ടത് 
ദുസ്വപ്ന മായിരുന്നില്ല   
അതൊരു ഉൾവിളിയുടെ
സൂചനയായിരുന്നു  .

        സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com