2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

യുവത്വമെന്തിന് ...?



  യുവത്വമെന്തിന്‌...?
~~~~~~~~~~~~~~
യുവത്വമെന്തിനെന്നത്‌
പഠിക്കണം ചെറുപ്പമേ
യുഗങ്ങളേറെ പാടിവെച്ച
നല്ല ഗാനമാണത്‌.

സ്വർഗം സ്വപ്‌നം കണ്ടവർ
സുഷുപ്‌തിയില്‍ രമിക്കുകില്‍
സ്വപ്‌നം പൂക്കുകില്ലയെന്ന
സത്യം നാമറിയണം!

ജീവിതം, അതെന്തിനാണതെന്ന
താദ്യം അറിയണം
ജനത്തിനെന്നും ഭാരമാക്കിടല്ലെ
നല്ല ജീവിതം.

കൂരിരുട്ടിന്‍ കൂട്ടര്‌
കൂട്ടുകൂടി നില്‍പതും
കാലനെ കടത്തിവെട്ടി
ജീവനെ എടുപ്പതും—

കണ്ടുവോ സഹജരേ
കണ്‍തുറന്നു കാണുവിന്‍,
കൈകള്‍ കോർത്തു കൂരിരുട്ടിന്‍
കോട്ടകള്‍ തകർക്കുവിന്‍

കാരിരുമ്പ്‌ തോല്‍ക്കുമീ
കരുത്തെടുത്തു വെക്കുകില്‍
കാലഹരണപ്പെട്ടുപോകും
കണ്ടറിഞ്ഞതില്ലയോ?

ഉണരുവിന്‍ സഹജരേ
ഒരുമയോടെ നില്‍ക്കുവിന്‍
ഓർമ്മയുള്ള വരികളൊക്കെ
ചേർത്തെടുത്തു പാടുവിന്‍.

ദുരിത മാനസ്സങ്ങളില്‍
ദൂതുമായി പോകുവിന്‍
നേർമ്മയോടെ നെഞ്ചിനുള്ളില്‍
സ്‌നേഹഗാനം പാടുവിന്‍.

ആയിരത്തിലൊരുവനെ
ആത്മമിത്രമാക്കിടൂ
അവനൊരുക്കും അവനുചുറ്റും
പുതിയ പുഷ്‌പവാടികള്‍.

...................
കണ്ടിടം...നമുക്ക്‌ കണ്ടിടാം...
സഹജരെ നിങ്ങള്‍ ഉണരുവിന്‍,
പുതിയ പുതിയ ഗാനം പാടി
ലോകരെ ഉണർത്തുവിന്‍.....
............
~~~~~~~~~~~~~~~~~~~~~~
  സൂലൈമാന്‍ പെരുമുക്ക്‌

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ദൈവമേ....?


    ദൈവമേ....?
  <><><><><><>
ദൈവമെ, ഞാന്‍
സ്വർഗത്തെ പറ്റി
പഠിച്ചപ്പോള്‍
ഇന്നുതന്നെ അതിലേക്ക്‌
എടുത്തുചാടന്‍ മോഹമായി!

ഞാന്‍
നരകത്തെ പഠിച്ചപ്പോള്‍
ഓരോ നിമിഷവും
ഓടിയകലുകയാണ്‌.

ഇന്ന്‌ ജീവിതത്തിലൂടെ
ഇറങ്ങി നടക്കുമ്പോള്‍
കാണുന്ന പാഴ്‌മരങ്ങളും
വിഷച്ചെടികളും നരകത്തിലേക്ക്‌
എടുത്തെറിയാന്‍ തോന്നുന്നു.

പിന്നെ ഞാന്‍
ദൈവത്തെ പറ്റി
പഠിക്കാന്‍ ശ്രമിച്ചു—

അല്‍ഭുതം,
മഹാല്‍ഭുതം,
എന്നെക്കാള്‍ എന്നോടും
ഞാന്‍ കണ്ട
മനുഷ്യരോടും കനത്ത
സ്‌നേഹമുള്ളവനാണു നീ!

ഒരമ്മ
കുഞ്ഞിനോടു
കാണിക്കുന്നതിന്റെ
തൊണ്ണൂറ്റൊമ്പതിരട്ടി സ്നേഹം!
അത്‌ അളക്കാനാവില്ലെനിക്ക്!

പാമ്പുകള്‍
പലവിധമുണ്ട്‌,
അതില്‍
ഇണങ്ങുന്നവയും പച്ചയായി കൊത്തിവിഴുങ്ങുന്നവയുമുണ്ട്‌—

ചിലത്‌
ദൂരെനിന്ന്‌  ഊതിയാല്‍
മനുഷ്യന്‍ മരിച്ചുവീഴുന്നു!

നിന്റെ സൃഷ്ടിപ്പിന്റെ
പരമ രഹസ്യം
നീമാത്രം അറിയുന്നു!

എങ്കിലും ചോദിക്കട്ടേ,
ദൈവമേ...
ഈ നരകത്തിന്റെ
മേലെയല്ലേ നിന്റെ സ്‌നേഹം?

അതിമനോഹരമായ
സ്വർഗം മുന്നിലുണ്ടായിട്ടും
വഴിയില്‍ പിശാചായി കളിക്കുന്നവരെ ഒന്ന്‌ പേടിപ്പെടുത്താന്‍
തീർത്തതല്ലേ ഈ നരകം?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

മുഷ്ക്ക്



    മുഷ്‌ക്ക്‌
—————

കതിരവന്റെ
കിരണങ്ങളെ ചൊല്ലി
പാഴ്‌മേഘങ്ങള്‍
പരദൂഷണം പറയാന്‍തുടങ്ങി.

കേട്ടിരുന്ന
ചെന്നായ
തല മെല്ലെയൊന്നാട്ടി.

പിന്നെ
ചെമ്മരിയാടിനെ
ചൂണ്ടിപ്പറഞ്ഞു,
പേപ്പട്ടിയാണെന്ന്‌!

അതുകേട്ട
മൂർഖന്‍ പാമ്പുകളൊക്കെ
ആർപ്പൂവിളിച്ചു.

ആയിരം കൊല്ലം
അമേധ്യം തപസ്സിരുന്നാലും
അത്തറാവില്ലെന്ന സത്യം
ഇനി കഴുതമാത്രമാണവരോട്‌
പറയാന്‍ ബാക്കിയുള്ളത്‌.

തരത്തില്‍
താഴ്‌ന്നവരോട്‌
ഉരിയാടില്ലെന്നാണ്‌
കഴുതയുടെ പഴമൊഴി.

അസ്‌തമയ സൂര്യന്‍
നീരാടാനിറങ്ങിയപ്പോള്‍
പേക്കിനാക്കള്‍
വിളിച്ചുകൂവിയത്‌
മുങ്ങി മരിച്ചെന്നാണ്‌.

വയനാടിൻ്റെ
ചുരമിറങ്ങിവന്ന
ചെന്നായ മിഴിച്ചു
നില്‍ക്കുമ്പോള്‍
പ്രകൃതയോതി—

കണ്ണാടിയിലേക്ക്‌ നോക്കി
കൊഞ്ഞനം കുത്തിയാല്‍
ഞാനല്ല,നീയായാലും
കൊഞ്ഞനം കുത്തുന്ന
മറ്റൊരു നിന്നെ
തെളിഞ്ഞു കാണാം.

അതാണ്‌
അതിന്റെ
പ്രകൃതി സത്യം.
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌