2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

കവിത :ദുനിയാവിനെ കിനാവ്‌ കാണുന്നവർ

കവിത
...........
              ദുനിയാവിനെ കിനാവ്‌ കാണുന്നവർ
            .....................................................

ഉപ്പ മരിച്ചപ്പോൾ
മരണവാർത്ത
നേരത്തെ അറിഞ്ഞമട്ടിൽ
മയ്യത്ത് ചൂടാറുംമുമ്പ്
മക്കളെല്ലാം വന്നെത്തി
ഉമ്മ മരിച്ചപ്പോൾ
പലരും ഒഴിമൊഴികൾ പറഞ്ഞു
വരാൻ മടിച്ചു നിന്നു
എത്തിപ്പെട്ടവരുടെ
ചുണ്ടിൽ നിറയെ
ഖുർആൻ സൂക്തങ്ങളും
നബി വചനങ്ങളുംമായിരുന്നു
ഉമ്മയുടെ
ലളിത ജീവിതം
പുകഴ്ത്തിപ്പാടി ,
ചുരുക്കിച്ചുരുക്കി
അവസാനം മീസാൻ കല്ലും
രണ്ടു പൊട്ടുകല്ലിലൊതുക്കി
അവർ പിരിഞ്ഞു പോയി .
ഉപ്പ ബാക്കി
വെച്ചതിനെ ചൊല്ലി
തീരാത്ത തർക്കത്തിനിടയുണ്ട് ,
അതുകൊണ്ടാണ് എല്ലാവരും
നേരത്തെ വന്നെത്തിയത് .
ഉമ്മ മക്കളെ എല്ലാം
ഒരുപോലെയാണ്
നോക്കിയത്
പക്ഷേ മക്കൾക്ക് ഉമ്മയെ
നോക്കുന്നതിൽ
എന്നും തർക്കമായിരുന്നു
ഇന്നിപ്പോൾ
ദുനിയാവ് കിനാവ്‌
കണ്ടിരിക്കുന്ന മക്കൾക്ക്
ഉപ്പയുടെ മയ്യത്തിനോട്
എന്തൊരു സ്നേഹം
ദുനിയാവിനെ മാത്രം 
കിനാവ്‌ കാണുംമ്പോൾ
പരലോകത്ത് പാപ്പരായവരുടെ
കൂട്ടത്തിലാണവർ
എത്തുന്നതെന്നറിയുന്നില്ല .
--------------------------------------
ചിത്റം :ഗൂഗിളിൽ നിന്ന്
...............................
      സുലൈമാൻ പെരുമുക്ക്
...........................................
2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

കവിത :രാക്ഷസജലവും വഴികാട്ടികളും

കവിത
...........
                 രാക്ഷസജലവും വഴികാട്ടികളും
                ................................................
കദറിട്ടവർക്കിന്ന്
കുതറിയോടുന്നതാണിഷ്ടം
എന്തൊക്കെ 
പറഞ്ഞാലും
 മദ്യത്തെ കുറിച്ച് തർക്കിച്ച്‌
തരപ്പെടുത്തിയില്ലെങ്കിൽ കഷ്ടം
പണ്ട്
രാക്ഷസന്മാർ
ഇഷ്ടപ്പെട്ടിരുന്നതാണ്
ഇന്ന് ജനനായകർ
ജീവാമൃതമെന്നുരിയാടുന്നത്
കുടിച്ചു കൂത്താടുന്നത്
പഞ്ച പാപങ്ങളിൽ
പെട്ടതാണെന്ന വാക്യം
ഓതുന്നവന്റെ നാവരിയണം ,
കാതിൽ ഇയ്യമുരുക്കി ഒഴിക്കണം .
ഇതാണ്
ദൈവ രാജ്യത്തെ
പുതിയ മതം
മദ്യം
വിഷമാണുണ്ണീ
എന്നു ചൊല്ലി
ജനപക്ഷത്തു നില്ക്കുമ്പോൾ
ഇരു പക്ഷ്ത്തുള്ളവനും
എന്തൊരു നെഞ്ചിടിപ്പാണ്
കസേരക്കളി
ജയിക്കാൻ
രാക്ഷസജലം തന്നെ വേണം
പിന്നെ ബിനാമി
സുനാമി പോലെയല്ലേ ....?
---------------------------------
ചിത്റം :ഗൂഗിളിൽ നിന്ന്
......................................
       സുലൈമാൻ പെരുമുക്ക്2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

കവിത :വിലയ്ക്കു വാങ്ങിയ വിലങ്ങ്

കവിത
...........
              വിലയ്ക്കു വാങ്ങിയ വിലങ്ങ്
        .....................................................
വിലയ്ക്കു വാങ്ങിയ
ഈ വിലങ്ങ്
ഇനി സ്വയം തന്നെ
അണിയണം
ഇനി ഇവിടെ ആരും
പരന്നു നടക്കരുത്
ഒതുങ്ങിയൊതുങ്ങി
നടക്കുക
അഭിപ്റായങ്ങൾ
വേണ്ട
അനുസരണം മാത്റം മതി
എന്നാണു വിധി
കണ്ണും കാതും
മൂടി വെക്കുക
കൈ കൂപ്പി നില്ക്കുക
അപ്പോൾ വികസനം
താനേ മുട്ടി വിളിക്കും
ഇനി ഈ മണ്ണിൽ
രക്തം ചിന്താതിരിക്കാൻ
വിപ്ളവക്കാരികൾ
സഹകരിക്കുക
കുടിയിരുത്തിയ
പുതിയ മൂർത്തി
സത്യത്തിൻറെ
ഹൃദയരക്തത്തിനായ്
ഉറഞ്ഞു തുള്ളിത്തുടങ്ങി
അവസാനം
വരം കൊടുത്തവനും
സ്വയ രക്ഷക്കായി ഓടി -
തളർന്നു വീഴുന്ന കാഴ്ച്ച കണ്ട്
ലോകം പൊട്ടിച്ചിരിക്കട്ടെ ....
------------------------------------
ചിത്റം :ഗൂഗിളിൽ നിന്ന് .
.....................................
സുലൈമാൻ പെരുമുക്ക്