കവിത
------------
നമ്മൾ
.......................
നമ്മളൊക്കെ
പകൽ വെളിച്ചത്താണ്
നടക്കുന്നതെങ്കിലും
നമ്മളൊന്നും കാണുന്നില്ല
നമ്മളെന്നും
സുഭിക്ഷമായി
ഭക്ഷിക്കുന്നത് കൊണ്ട്
വിശപ്പെന്തെന്ന് അറിയുന്നില്ല
ലോകം ഇന്ന്
വിശാലമായ
തടവറയായിരിക്കുന്നു
ഇവിടെ
മർദ്ദിതരെയും
മണ്ണപ്പം തിന്നുന്നവരെയും
കാണാൻ നമുക്ക് നേരമില്ല
കണ്ടാലും
നമുക്കതൊരു -
സിനിമ കണ്ട പ്രതീതിയാണ്
നമ്മുടെ മനസ്സുകൾ
ആരോ അങ്ങനെ
പാകപ്പെടുത്തി വെച്ചു
ചിരിക്കുന്നവൻറെ
കറുത്ത ഹൃദയവും
കരയുന്നവൻറെ
വെളുത്ത മനസ്സും
കാണാനുള്ള കഴിവ്
നമുക്കിന്നില്ല
കണ്ണീരു കാണാൻ
കരുത്തില്ലെന്നു ചൊല്ലുന്നത്
ശീലമാക്കിയിരിക്കയാണ് നാം
നമ്മൾ
നിലാവത്തിരിക്കുന്ന
നേരത്തായിരിക്കും
നാശത്തിൻറെ കൊടുങ്കാറ്റ് ,-
അല്ലങ്കിൽ സുനാമിയുടെ
എടുത്തു ചാട്ടം
നിനച്ചിരിക്കാത്ത
നിമിഷത്തിൽ
ഭൂമി കിടു കിടാ
വിറയ്ക്കുകില്ലെന്ന്
ആരാണ് നമുക്ക് ഉറപ്പ് തന്നത് ?
സുലൈമാന്‍ പെരുമുക്ക്