2014 ഏപ്രിൽ 12, ശനിയാഴ്‌ച

കവിത :നമ്മൾ


കവിത 
------------
                      നമ്മൾ 
                 .......................

നമ്മളൊക്കെ 
പകൽ വെളിച്ചത്താണ് 
നടക്കുന്നതെങ്കിലും 
നമ്മളൊന്നും കാണുന്നില്ല 

നമ്മളെന്നും 
സുഭിക്ഷമായി 
ഭക്ഷിക്കുന്നത് കൊണ്ട് 
വിശപ്പെന്തെന്ന് അറിയുന്നില്ല 

ലോകം ഇന്ന് 
വിശാലമായ 
തടവറയായിരിക്കുന്നു 

ഇവിടെ 
മർദ്ദിതരെയും 
മണ്ണപ്പം തിന്നുന്നവരെയും 
കാണാൻ നമുക്ക് നേരമില്ല 

കണ്ടാലും 
നമുക്കതൊരു -
സിനിമ കണ്ട പ്രതീതിയാണ് 
നമ്മുടെ മനസ്സുകൾ 
ആരോ അങ്ങനെ 
പാകപ്പെടുത്തി വെച്ചു 

ചിരിക്കുന്നവൻറെ 
കറുത്ത ഹൃദയവും 
കരയുന്നവൻറെ 
വെളുത്ത മനസ്സും 
കാണാനുള്ള കഴിവ് 
നമുക്കിന്നില്ല 

കണ്ണീരു കാണാൻ 
കരുത്തില്ലെന്നു ചൊല്ലുന്നത് 
ശീലമാക്കിയിരിക്കയാണ് നാം 

നമ്മൾ 
നിലാവത്തിരിക്കുന്ന 
നേരത്തായിരിക്കും 
നാശത്തിൻറെ കൊടുങ്കാറ്റ് ,-
അല്ലങ്കിൽ സുനാമിയുടെ 
എടുത്തു ചാട്ടം 

നിനച്ചിരിക്കാത്ത 
നിമിഷത്തിൽ 
ഭൂമി കിടു കിടാ 
വിറയ്ക്കുകില്ലെന്ന് 
ആരാണ് നമുക്ക് ഉറപ്പ് തന്നത് ?

              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

5 അഭിപ്രായങ്ങള്‍:

2014 ഏപ്രിൽ 13, 9:01 AM-ന് ല്‍, Blogger സൗഗന്ധികം പറഞ്ഞു...

രണ്ടു പട്ടികളും, ഒരു കുട്ടിയും.

ഇപ്പൊ നാട്ടിലെങ്ങും ഉത്സവകാലം. അന്നദാനവും പൊടിപൊടിക്കുന്നുണ്ട്. പക്ഷേ അതു കഴിക്കുന്നവരിൽ സിംഹഭാഗവും അന്നത്തിനു ബുദ്ധിമുട്ടുന്നവരല്ല എന്നതൊരു സത്യമാണ്.(ആ സത്കർമ്മത്തേയോ, അതിൽ പങ്കെടുക്കുന്നവരേയോ,സംഘടിപ്പിക്കുന്നവരേയോ വില കുറച്ചുകാണുകയല്ല)

ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അതു നൽകുമ്പോഴേ അന്നദാനത്തിന്റെ ഉദ്ദേശ്യം പൂർണ്ണതയിലെത്തുന്നുള്ളൂ എന്നതിന് ഈ കവിതയോടൊപ്പമുള്ള ചിത്രം ഉപോദ്ബലകമാണ്.


ഹൃദയസ്പർശിയായ രചന.



ശുഭാശംസകൾ....

 
2014 ഏപ്രിൽ 13, 11:15 AM-ന് ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

അതെ കാലത്തിന്റെ കുത്തൊഴുക്കില്‍ നാം മനുഷ്യരല്ലാതെ ആവുന്നുവോ ?

 
2014 ഏപ്രിൽ 13, 11:30 AM-ന് ല്‍, Blogger ajith പറഞ്ഞു...

നിങ്ങളുടെ വിരുന്നിന് ദരിദ്രരേയും അഷ്ടിയ്ക്ക് വകയില്ലാത്തവരെയും വിളിക്കുവിന്‍.
നിങ്ങള്‍ക്കു തിരിച്ച് വിരുന്നൊരുക്കാന്‍ കഴിവുള്ളവരെ വിളിച്ചാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് എന്ത് പ്രതിഫലമുള്ളൂ!!

 
2014 ഏപ്രിൽ 13, 11:22 PM-ന് ല്‍, Blogger vachanam പറഞ്ഞു...

കാലാകാലം ഞാൻ ഇവിടെ തന്നെ യാവും എന്ന് എന്നോട് ആരോ മന്ത്രിച്ചുകൊണ്ടേ ഇരിക്കുന്നു ചതിയനാം ആ മന്ത്രക്കാരന്റെ തന്ത്രത്തിൽ കണ്ണുകൾ മഞ്ഞളിചിരിക്കുന്നു
അന്ധതയാണ് എന്നെ ഭരിക്കുന്നത്‌ എന്ന് ഞാൻ അറിയുന്നില്ല .
( ചിന്തയിലേക്ക് നയിക്കുന്ന വരികൾ ഇനിയും ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു )

 
2014 ഏപ്രിൽ 14, 12:35 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യപ്രഭയിലും റാന്തല്‍ വിളക്കുമേന്തി വെളിച്ചം
അന്വഷിക്കുന്നവരാണ് നമ്മള്‍....................
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം