കവിത
...............
നമുക്ക് ചോദിക്കാം
..............................................
നമുക്ക് തടവറകൾക്കു
മുന്നിൽ നിന്നു ചോദിക്കാം
നിരപരാധികളുടെ ജീവിതം
ചുട്ടെരിക്കപ്പെടുന്നുവോ എന്ന്
നമുക്ക് ആതുരാലയങ്ങളുടെ
അരികിൽ നിന്നു ചോദിക്കാം
പട്ടിണി പാവങ്ങളിവിടെ
ഗിനിപ്പന്നികളായി
വേട്ടയാടപ്പെടുന്നുവോ എന്ന്
നമുക്ക് ആയുധപ്പുരകളോട്
ചോദിക്കാം
നിങ്ങളെ എന്തിനാണ്
ഒരുക്കിയിരിക്കുന്നതെന്ന്
നമുക്ക് പൂന്തോപ്പിൽ
നിന്നു ചോദിക്കാം
തേനീച്ചകൾ നിരാശരായി
മടങ്ങിയ രഹസ്യം
നമുക്ക് പുഴകളോടു
ചോദിക്കാം
മാറിടം വറ്റിവരണ്ടതെന്തെന്ന്
മലകളോടു ചോദിക്കാം
യവ്വനം പിച്ചിചീന്തിയതാരെന്ന്
നമുക്ക് സമുദ്രത്തോടു
ചോദിക്കാം
ആഴങ്ങളിലെ പൂമീനുകൾ
ഇന്നെവിടെയെന്ന്
നമുക്ക് ഭൂമിയോടു
ചോദിക്കാം നിഷ്ക്കളങ്ക രക്തം
മുഖത്തു വീണപ്പോൾ
അനുഭവിച്ച വേദന
നമുക്ക് പ്രകൃതിയോടു
ചോദിക്കാം വികൃതികൾ
തലമുറകൾക്കായി ഒരുക്കിയ
ദുരന്തങ്ങൾ
നമുക്ക് ദേവാലയങ്ങളോടും
വിദ്യാലയങ്ങളോടും ചോദിക്കാം
ചോദ്യങ്ങൾ പിന്നെയും തൊടുക്കാം ...
പക്ഷെ ഉത്തരം കേട്ടാൽ
പൊട്ടിക്കരയുന്ന
ഒരു ഹൃദയം നമുക്ക്
ഉണ്ടാവരുത് .
സുലൈമാന്‍ പെരുമുക്ക്
00971553538596