2012, നവംബർ 29, വ്യാഴാഴ്‌ച

മനുഷ്യപ്പറ്റ്

കവിത
.............
                  മനുഷ്യപ്പറ്റ്
          ...............................
അറ്റം കാണാത്ത                             തുരങ്കത്തിലൂടെയല്ല
ഞാന്‍ സഞ്ചരിക്കുന്നത് !
മുറ്റം നിറയെ പൂക്കളുള്ള
കൊട്ടാരത്തിലല്ല ഞാന്‍
പിറന്നുവീണത്‌ .
ചുറ്റുംഎനിക്ക് പേരെടുത്തു പറയാന്‍
ശത്രുക്കളാരുമില്ല.
എങ്കിലും അകംനിറയെ ഭയം,
ആരൊക്കെയൊ
എന്നെ പിന്തുടരുന്നു,
ഒറ്റയായുംകൂട്ടായും .
ഒളിഞ്ഞിരുന്ന്
എന്നെ എറിയുന്ന
കല്ലുകൾകൊണ്ട് സ്നേഹത്തിന്റെ പാലം കെട്ടിപ്പടുക്കുമ്പോഴും
അടർന്നടർന്നു വീഴുന്നു.
സൗഹൃദത്തിന്റെ വലയം അറുത്തു മാറ്റി
സഘർഷത്തിൻ്റെയും
ചൂഷണത്തിന്റെയും
വളയങ്ങൾ തീര്‍ക്കുന്നവരെയാണ്
എങ്ങും കാണുന്നത് .
രേതസ്ക്കണം മുതല്‍
ഗര്‍ഭ പാത്രംവരെ
കമ്പോളത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു !!
ദല്ലാളന്മാരുടെ കുതന്ത്രം,
കുഞ്ഞുങ്ങള്‍  പോലും
അറുകൊല ചെയ്യപ്പെടുന്നു .
മനുഷ്യപ്പറ്റ്,
അത് "ഗോഡ്സേ"യുടെ
വെടിയുണ്ടക്ക്‌ ഇരയായിപ്പോയി 
വളരുന്ന തലമുറ
തൊട്ടിലില്‍ വെച്ചുതന്നെ
കേട്ടുശീലിച്ച നാമങ്ങള്‍
കൊടും ഭീകരന്മാരുടെതാണ്
അവരുടെ കളിക്കോപുകള്‍
ആയുധങ്ങളുടെ ആകൃതിയിലാണ്!!
ഇന്നുഞാന്‍
ചെല്ലുന്നയിടത്തെല്ലാം
ആര്‍ക്കൊക്കയോ പരീക്ഷണത്തിനു
 അറിയാതെ വിധേയനാവുന്നു
ബോധമില്ലാതെ ഇത്തിരിനേരം
ആതുരാലയത്തില്‍ കിടന്നാല്‍
എന്തല്ലാമാണ് നഷ്ടപ്പെടുന്നതെന്നറിയില്ല!!!*
ജീവനില്ലാത്തശരീരം പോലും
ചുളുവില്‍ തട്ടിയെടുത്തു
വിൽക്കുന്നത് കാണുമ്പോള്‍
സ്വന്തം നിഴലിനെ പോലും
ഭയപ്പാടോടെയാണ് കാണുന്നത്.
......................................................
* മരിച്ചവരെ ചികിത്സിച്ച്‌ കോടികൾ കൊയ്യുന്ന ആതുരാലയത്തിൻ്റെ മുററത്തല്ലേ നമ്മളിപ്പോൾ നിൽക്കുന്നത്?
---------------------------------------
സുലൈമാന്‍ പെരുമുക്ക്

2012, നവംബർ 27, ചൊവ്വാഴ്ച

കവിത : ഞാന്‍ ....?


കവിത 
..............
                       ഞാന്‍ ....?
             ................................
ആരാണ് ഞാന്‍ 
എന്താണ് ഞാന്‍ 
ഏവിടെ നിന്നാണ് ഞാന്‍ വന്നത് 
ഇനി എങ്ങോട്ടാണ് എന്‍റെ യാത്ര 

ദശകങ്ങള്‍ക്ക് മുന്പ് 
ഞാന്‍ എവിടെയായിരുന്നു 
ഞാന്‍ ജനിച്ച നാള്‍ 
കൃത്യമായി രേഖപ്പെടുത്തി 
വെച്ചിട്ടുണ്ട് 
പക്ഷെ 
ഞാന്‍ എന്ന് മരിക്കും എന്നത് 
ആര്‍ക്കാണ് പറയാന്‍ കഴിയുക 

ഞാന്‍ ഏവിടെ,എപ്പോള്‍ ,എങ്ങനെ ,
ജനിക്കണമെന്ന് തീരുമാനിച്ചത് ഞാനല്ല 
എനിക്ക് ജന്മം നല്കിയവരുമല്ല 
പിന്നെ ആര് ?

ആലങ്കാരിക മായി
 ഞാന്‍ എന്നും എന്റെതെന്നും 
പറയുമെങ്കിലും 
അത് തീര്‍ത്തും സത്യമല്ല 

എന്റേതെന്നു പറയുന്നതൊന്നും 
പരമമായി എന്‍റെ ചൊല്പ്പടിക്കൊത്തു 
നില്‍ക്കുന്നതല്ല 
തളര്‍ന്നു കൊണ്ടിരിക്കുന്ന 
എന്‍റെ ശരീരം ,
തകര്‍ന്നു  കൊണ്ടിരിക്കുന്ന 
ഇതര ഗുണങ്ങള്‍  
ഒന്നും എന്‍റെ ഇഷ്ടത്തിനോത്തല്ല 
ചലിക്കുന്നത് 

അവ എന്റെതായിരുന്നങ്കില്‍ ,
അവയെ നിയന്ത്രിക്കുന്നത്‌ 
ഞാനായിരുന്നങ്കില്‍ 
എന്നില്‍ ദു:ഖം തളം കെട്ടുമായിരുന്നില്ല

ദേഹവും  ദേഹിയും ചേര്‍ന്നതാണ് 
ഞാന്‍ എന്ന മനുഷ്യന്‍ 
ദേഹത്തിനു വേണ്ട സത്ത് 
മണ്ണില്‍ നിന്നു ഉദയം ചെയ്യുമ്പോള്‍ 
ദേഹി വിണ്ണില്‍ നിന്നു തന്നെ ആയിരിക്കണം 

ദേഹം മണ്ണിലേക്കും 
ദേഹി വിണ്ണിലേക്കും  തിരിക്കുന്നതോടെ 
എന്‍റെ ജീവിതം ഇവിടെ  അവസാനിച്ചു 

പിന്നെ എന്ത് എന്ന ചോദ്യത്തിനു 
കേവല ബുദ്ധിക്കു 
ഉത്തരം പറയാന്‍ കഴിയുന്നില്ല 
പ്രവാചകന്‍ മാരുടെ 
മറുപടി മാത്രമാണ് 
എന്നെ തൃപ്തനാക്കുന്നത്‌..........
......................................

       സുലൈമാന്‍ പെരുമുക്ക് 
        00971553538596





             

2012, നവംബർ 25, ഞായറാഴ്‌ച

കവിത: പ്രിയതമക്കൊരു കുറിമാനം



കവിത
.............
                  പ്രിയതമക്കൊരു കുറിമാനം
                ..........................................................
പ്രിയതമേ നിന്‍റെ ഓര്‍മയില്‍ മുങ്ങിയാണ്
എന്‍റെ നിമിഷങ്ങള്‍ നീങ്ങുന്നതും   -
ഞാന്‍ ഉറങ്ങുന്നതും
സ്വപ്നങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍
നിന്നെ ഓര്‍ത്തോര്‍ത്തു ഞാന്‍ ചിരിക്കും
ആ ചിരി ഏതൊരന്ധകാരത്തിലും
നിലാവല തീര്‍ത്തിടും
ചിലപ്പോള്‍ നിന്നെ ഓര്‍ത്തോര്‍ത്തു കരയും
ആ അശ്രു കണങ്ങളും സ്വപ്ന സൂനങ്ങളും
ചേര്‍ത്തിടുകില്‍ നിനക്ക് നിത്യവും നീരാടാനുള്ള
സുന്ദര പൊയ്കയായ്‌ മാറിടും
എന്‍റെ മാനസ സരസ്സിലെ നൗകയില്‍
ചായത്തില്‍ ചാലിച്ച നിന്‍റെ -
എത്രയെത്ര വര്‍ണ്ണ ചിത്രങ്ങളാണ്
ഞാന്‍  അലങ്കരിച്ചു വെച്ചിട്ടുള്ളത്‌
ലൈലയും മുംതാസും അനാര്‍ക്കലിയും
സ്മരിക്കപ്പെടുന്നതുപോലെ
നിന്‍റെ നാമവും പ്രണയം പൂക്കുന്ന
മാനസങ്ങളില്‍ മിന്നിത്തിളങ്ങി നില്‍ക്കും  
ആകാശഗംഗയില്‍ നീന്തിതുടിക്കുന്ന
ചന്ദ്രനും നക്ഷത്രവ്യൂഹങ്ങളും
മണ്ണില്‍ വരില്ലന്നു അറിയുന്നു ഞാന്‍ -
എങ്കിലും എന്‍റെ ഹൃദയാംബരത്തില്‍
മൈലാഞ്ചിയണിഞ്ഞു പട്ടുടയാട ചുറ്റി
പുഞ്ചിരിതൂകി ഗസല്‍ പാടി എത്തുന്ന
നിനക്ക് ചുറ്റും -
പൗര്‍ണമി തിങ്കളും താരഗണങ്ങളും
നൃത്തമാടുമ്പോള്‍ ശരിക്കും നീ ഒരു
അപ്സര കന്യക തന്നെ
അപ്പോള്‍ പതിനാലാം രാവിന്
എന്തൊരു നാണം
എന്‍റെ ചിന്തയുടെ മഴവില്ലോരത്ത്
തുവലാല്‍ നിന്നെ ഓര്ത്തു എഴുതിയ വരികള്‍
മഹാ കാവ്യങ്ങളായി ലോകം വായിച്ചെടുക്കും
അന്നു ഒരുപക്ഷെ  നമ്മള്‍
അടുത്തടുത്ത ,അല്ലങ്കില്‍ ഒരേ ഖബറില്‍
സ്വര്‍ഗീയ സുഗന്ധം നുകര്‍ന്ന്
സുന്ദര സുഷുപ്തിയില്‍ ആണ്ടിരിക്കും ....
           സുലൈമാന്‍ പെരുമുക്ക്
            00971553538596
           sulaimanperumukku@gmail.com