2016, ഡിസംബർ 22, വ്യാഴാഴ്‌ച

ഇത്‌ ജാടയാണ്‌!


   ഇത്‌ ജാടയാണ്‌!
~~~~~~~~~~~~~
വേദനിക്കുന്നവന്റെ
കണ്ണീരുകാണാന്‍
വയ്യായെന്നുള്ളതും
വാക്കുകള്‍ കേള്‍ക്കാന്‍
കരുത്തില്ലെന്നതും ജാടയാണ്‌!


ജാടാമാനികള്‍
ഒളിച്ചോട്ടമാണ്‌ നടത്തുന്നത്‌.

ദു:ഖവും
ദുരിതവും ഇന്നല്ലെങ്കില്‍
നാളെ നമ്മളേയും തേടിയെത്തും.

വേദനിക്കുന്നന്റെ
മനസ്സ്‌ വായിക്കാന്‍
അറിയില്ലെങ്കില്‍; കേള്‍ക്കാന്‍
കാതു കൊടുക്കുന്നത്‌
കാരുണ്യമാണ്‌.

കച്ചവടത്തിനു വെച്ച
ജാടകള്‍ ജനം
ഇന്ന്‌ കണ്ടുമടുത്തു!!

ഇന്നലെയും
ഇവനൊക്കെ പറഞ്ഞത്‌
ഇതു തന്നെയാണ്‌!

എന്നിട്ടും ഇവന്റെ കൈയിലെങ്ങനെയാണ്‌
കൊടുവാളും വടിവാളും വന്നത്‌?

ശത്രുവിന്റെ
തിരുമുഖത്തു തന്നെ
നൂറ്റൊന്നു വെട്ട്‌; എണ്ണി വെട്ടാന്‍
കല്‍പിക്കുന്നവനും പറയുന്നത്‌
ഇതു തന്നെയാണ്‌!!!

ഇവിടെയും *
മതകച്ചവടക്കാരും
കൊടി മുതലാളിമാരും
മല്‍സരിക്കുന്നതു കാണാം!


വികൃത മുഖങ്ങളെ
കണ്ടനാള്‍ തന്നെ
പിശാചുക്കള്‍ ഒളിച്ചോടിയ
ചരിത്രമാണ്‌ പുതിയ തലമുറയെ
പഠിപ്പിക്കേണ്ടത്‌!!!
<><><><><><><><><><>
* മതജീവിതം പഠിപ്പിച്ച മഹത്തുക്കളുടെ സ്നേഹവും കാരുണ്യവും ദാരിദ്ര്യവും പട്ടിണിയും ഓതിയോതി പണക്കാരാവുന്നതും
രാജ്യസ്നേഹം പാടിപ്പാടി
രാക്ഷസൻമാരാവുന്നതും
ഇന്നിൻ്റെ ഭയാനക കാഴ്ചയാണ്!
ആരൊക്കെ ഭരിച്ചിട്ടും നാട്
നരകത്തിൽനിന്ന് വലിയ നരകത്തിലേക്ക് കുതിക്കുന്നു!!!

-------------------------------
സുലൈമാന്‍ പെരുമുക്ക്

2016, ഡിസംബർ 21, ബുധനാഴ്‌ച

അറിയിപ്പ്‌


    അറിയിപ്പ്‌
  ~~~~~~~~~
എന്റെ
കവിതകള്‍
ഇരുട്ടിനെതിരെയാണ്‌.

വേട്ടക്കാരോടും
അവരുടെ പാട്ടുകാരോടും
എനിക്ക്‌ കടപ്പാടില്ല.

ഞാന്‍
ആരുടെയും
ദത്തുപുത്രനല്ല,
താന്തോന്നികളും
തെമ്മാടികളും
മുന്നില്‍വന്നാല്‍
വിറയ്ക്കുന്ന ദേഹം എനിക്കില്ല.

ഞാന്‍
ആരെയും അന്ധമായി
സ്‌നേഹിക്കുന്നില്ല, എന്നെ
അന്ധമായി സ്‌നേഹിക്കുന്നവർ
നിരാശപ്പെടും!!!

ഞാന്‍
നീതിക്കുവേണ്ടിയാണ്‌
എഴുതുന്നത്‌,
നെറികേടിനെയാണ്‌ കുഴിച്ചുമൂടുന്നത്‌.

മുഖം
നോക്കാതെ എഴുതുന്നതാണ്‌
എനിക്കിഷ്ടം.

എന്റെ
പേന പെറ്റുകൂട്ടൂന്നത്‌
റോസാപൂക്കളാണ്‌.

ആ പൂക്കള്‍
ഇരകള്‍ക്കുള്ളതാണ്‌,
അതിലെ മുള്ളുകള്‍
വേട്ടക്കാരുടെ നെഞ്ചില്‍ തറയ്ക്കും.

ഇന്നലെ
ഞാന്‍ എഴുതിയത്‌
നിങ്ങളുടെ ശത്രുക്കള്‍ക്ക്‌
എതിരായപ്പോള്‍
നിങ്ങള്‍ പൊട്ടിച്ചിരിച്ചു!!

ഇന്നു
ഞാന്‍ എഴുതിയത്‌
നിങ്ങള്‍ക്കെതിരായപ്പോള്‍
നിങ്ങള്‍ പൊട്ടിത്തെറിച്ചു!!!

ക്ഷമിക്കണം,
നിങ്ങളെന്നെ തെറ്റിദ്ധരിച്ചു,
ഞാനെന്നും നീതിയുടെ
കൂട്ടുകാരനാണ്‌,നേരിന്റെ
പാട്ടുകാരനാണ്‌.

എനിക്കറിയാം
തെമ്മാടികള്‍ക്കു മുന്നില്‍
തല താഴ്‌ത്തി നിന്നാല്‍
എന്നായാലും തലവെട്ടും!!!

എങ്കില്‍
പിന്നെ മുഖത്തു
നോക്കിനില്‍ക്കുന്നത്‌
എന്റെ അവകാശമല്ലേ.

പിശാചുക്കളെ
ഭയന്നിരിക്കാന്‍
എനിക്ക്‌ നേരമില്ല—

കാരണം
ഞാന്‍ ദൈവത്തെ
സ്‌നേഹിച്ചിരിക്കുന്നവനാണ്‌.
~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

അടുപ്പം!



    അടുപ്പം!
<><><><><>
അകലാന്‍
നേരിയ വികാരം മതി,
അടുക്കാന്‍ അപാരമായ
വിവേകംതന്നെ വേണം!!

വികാരം
തീർക്കുന്ന ചില
അടുപ്പങ്ങളും ഉണ്ട്‌—

അത്‌
ഭയംകൊണ്ടവാം,
ചിലപ്പോള്‍
പൊതു ശത്രുവിനെ
ഒതുക്കാനാവാം.

വിളക്കിച്ചേർക്കാത്ത
അടുപ്പങ്ങളൊക്കെ
കാലപ്പഴക്കത്തില്‍
അകന്നുകൊണ്ടേയിരിക്കും!!

തപസ്സിരുന്ന
മനസ്സില്‍നിന്ന്‌ ഉയരുന്ന
സ്‌നേഹം കാവലുണ്ടെങ്കില്‍
പുതിയ അടുപ്പങ്ങള്‍ കണ്ട്‌
കാലം നിറമുള്ള
കഥകള്‍ രചിക്കും!!!

*അതേ,
ബുദ്ധിയുടെ
വിനയംകൊണ്ട്‌
അളന്നൊരുക്കുന്ന
അടുപ്പങ്ങളാണ്‌ മണ്ണില്‍
മഹല്‍ഭുതം തീർക്കുന്നത്‌.
~~~~~~~~~~~~~~~~~
* ശരിയിൽനിന്ന് കൂടുതൽ
വലിയ ശരിയിലേക്ക് കുതിക്കുന്നവർക്ക് കിതപ്പില്ലാത്ത
അഭിനന്ദനങ്ങൾ ....
----------------------------
സുലൈമാന്‍ പെരുമുക്ക്



2016, ഡിസംബർ 20, ചൊവ്വാഴ്ച

ആരാണ് ഒന്നിക്കുന്നത്?


ആരാണ് ഒന്നിക്കുന്നത്?
.........................................
അവർ
പരലോകത്തിൻ്റെ
പേരിലല്ല ഭിന്നിച്ചത്,
ഇഹലോകത്തിൻ്റെ
പേരിലാണ്!

അവർക്കിടയിൽ
ദുനിയാവ്
മുഴച്ചുരുണ്ടുറച്ചപ്പോൾ
അവർ ഭിന്നിച്ചു, ചിന്നഭിന്നമായി!

മുഴച്ചതെല്ലാം
മിനുക്കിപ്പണിതവർ
ഒന്നായിടും, എന്നും
ഒന്നായിടും, ആ ഒരുമ
പെരുമയോടെ
സ്വർഗത്തിലെത്തും...

*അല്ല, ആർക്കോ
വേണ്ടിയുള്ള അലങ്കാര
വാക്കാണെങ്കിൽ അത്
ജലരേഖയായിടും!

ഒന്നിച്ചു നടന്നാൽ
ചെന്നായ പിടിക്കില്ലെന്ന
തിരിച്ചറിവ് കാലം
പഠിപ്പിച്ചതാണ് !!!

ഞങ്ങൾ മാത്രമേ
സ്വർഗത്തിലെത്തുവെന്ന്
അഹങ്കരിക്കുന്നവരൊന്നും
സ്വർഗത്തിലെത്തുകില്ലെന്നത്
ഇസ്ലാമിൻ്റെ നല്ല വ്യാഖ്യാനമാണ്!!!

നായയും പൂച്ചയും
കോഴിയും കുറുക്കനും
പാമ്പും കീരിയും
പ്രളയത്തിനു മുമ്പ് ഒരേ തോണിയിൽ മറുകര താണ്ടും!

പക്ഷേ, മനുഷ്യൻ
മനസ്സിലെഴുതുന്നത്
ഞാൻ നരകത്തിൽ പോയാലും
അവൻ സ്വർഗത്തിലെത്തരുതെ,
എന്നാണെങ്കിൽ അതാണ് കഷ്ടം!

ഹൃദയം കൊണ്ട്‌
സലാം ചൊല്ലുന്നവർ
സ്വർഗത്തിലെത്തും .

കാരണം,
സലാം സ്വർഗത്തിലെ
അഭിവാദ്യമാണ്.
........ ................................
* സ്വന്തക്കാരറിയാത്ത
ചടങ്ങ് കല്യാണത്തിന്
നല്ല മതേതരക്കാരുടെ കാവൽ
അനുഗ്രഹമാണെന്ന്‌ മൊല്ലാക്ക:
-------------------------------
സുലൈമാൻ പെരുമുക്ക്

കടപ്പുറത്തെ സത്യം!*


കടപ്പുറത്തെ സത്യം!*
............................
രക്തക്കറ പുരണ്ട
കൊടികളൊക്കെ
കടപ്പുറത്ത്‌ ഒന്നിക്കുമ്പോൾ,
ഒരു വ്യാഴവട്ടത്തിലേറെ
കലഹിച്ച് കാഫിറാക്കിയിരുന്നവർ ഒന്നിച്ച് ചോരമണക്കുന്ന കൊടികൾ ഇന്ന് ഉയർത്തിപ്പിടിക്കും!

ഒന്നിച്ച
വിശുദ്ധരുടെ
സന്തോഷാശ്രുക്കളാൽ
കൊടികളിലെ കറ
ഇളകിപ്പോയാൽ
പുതിയൊരു കേരളം പിറവിയെടുക്കും.....!!!

അന്നും
വിശുദ്ധർ ഉറക്കെപ്പറയും
ഞങ്ങളാണ് സ്വർഗാവകാശികൾ,
ഞങ്ങളല്ലാത്തവരൊക്കെ തീവ്രവാദികൾ!

അണികൾക്ക്
ഹരം പകരാൻ
എല്ലാ കൊടികളും
വേദിയിൽ തിളങ്ങുന്നത്
തൗഹീദിൻ്റെ പുതിയ
വെളിച്ചത്തിൽ കാണാം!

എങ്കിലും
മതം വേറെ,
രാഷ്ടീയം വേറെ!!
........................................
* മുജാഹിദുകളുടെ
ഐക്യപ്പെരുന്നാൾ.
----------------------------------
സുലൈമാൻ പെരുമുക്ക്