2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ത്രിശൂലവും പിച്ചാങ്കത്തിയും



ത്രിശൂലവും പിച്ചാങ്കത്തിയും
~~~~~~~~~~~~~~~~~~~~
പാലുകാച്ചല്‍
നടന്ന നാള്‍തന്നെ
സ്വന്തം പിതാവിനെ കൊന്ന
ചോരയില്‍ കുളിച്ചാണ്‌
ത്രിശൂലം താണ്ഡവമാടിയത്‌.

അന്ന്‌ പിച്ചാങ്കത്തി
നാലുംകൂട്ടി മുറുക്കുന്നവന്റെ
സഹായിയാണ്‌.

പകയും വംശനാശവും
മൂത്ത ത്രിശൂലം
തുരുതുരാ തോണ്ടിയപ്പോള്‍
ഞാന്‍ ഗാന്ധിയനല്ലെന്നു ചൊല്ലി
തുരുമ്പുപിടിച്ച പിച്ചാങ്കത്തി
ചാടിയെണീറ്റു

ത്രിശൂലം
അസുരന്റെ മനസ്സ്‌
കട്ടെടുത്തപ്പോള്‍
പിച്ചാങ്കത്തി നാവ്‌
ഇരന്നുവാങ്ങി!

ത്രിശൂലം
ഓങ്കാരം മുഴക്കിയപ്പോള്‍
പിച്ചാങ്കത്തി തക്‌ബീർമുഴക്കി.

മദമിളകിയോടുന്ന
ഈ മതനാട്യക്കാരുടെ
അട്ടഹാസമാണിന്ന്‌ അസഹ്യം

ഇന്ന്‌
പിച്ചാങ്കത്തിയും
ത്രിശൂലവുംമെന്നു കേട്ടാല്‍
മദയാനകളും മയങ്ങിവീഴും!

ഓരോ
കലാപത്തിനൊടുവിലും
ത്രിശൂലം നിയമപുസ്‌തക—
ത്തിലൊളിക്കുന്നു.

ഓരോ നാവനക്കത്തിനും
അല്ലാതെയും—പിച്ചാങ്കത്തി
കനത്ത പഴി കേള്‍ക്കുന്നു,—
കൂടെ കടുത്ത ദണ്ഡനവും.

അഹങ്കാരി
ബുദ്ധിക്ക്‌ കളിക്കുമ്പോള്‍
അവിവേകി
വികാരംകൊണ്ട്‌ തുള്ളുന്നു.
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌








ഇത് ദുരന്തമാണ്!



   ഇത്‌ ദുരന്തമാണ്‌!
<><><><><><><><>

നവതയുടെ
ശിരസ്സിപ്പോള്‍ കുനിയുന്നത്‌
വിനയം കൊണ്ടല്ല,
കൈകളിരിക്കുന്ന
മുബൈല്‍ കണ്ടാണ്‌.

അവരെപ്പോഴും
ടീ.വിയുടെ കഴ്‌ചവെട്ടത്തുണ്ട് -
പക്ഷ,കാണേണ്ടത്
കാണാനവർക്ക്‌ നേരമില്ല!

നീണ്ടനേരം
പത്രങ്ങളില്‍
പുഴുവായരിക്കും

പക്ഷേ,
കളിക്കളത്തിനപ്പുറം
കണ്ണരിക്കില്ല.

നിരത്തിലവർ
നീണ്ട കൊടിവീശി
നടക്കുന്നുണ്ട്‌—

പക്ഷേ,
ആ കൊടികളില്‍
കണ്ണീരും ചോരയും
വീണ പാടുകളാണ്‌ നിറയെ.

മക്കളേ,
ആ കറകളൊന്ന്‌
കഴുകിക്കൂടേയെന്നു ചോദിച്ചാല്‍;
അവനു വേണ്ടി ശവക്കുഴി
യൊരുക്കാനാണ്
കൊടിയുടമകള്‍ പഠിപ്പിക്കുന്നത്‌!

പുലരിയിലും
ലഹരിനുകരുന്ന
ഒരു തലമുയാണിവിടെ
വളരുന്നത്‌!

ആരെയോ
അനുകരിക്കുന്ന
വ്യക്തിത്തമ്മില്ലാത്ത തലമുറ
എന്നും ശാപമാണ്‌.

ആ കരങ്ങളില്‍
കടിഞ്ഞാണെത്തുമ്പോള്‍
നരകം പോലും നാണിച്ചുപോകും!

കണ്ടതിനേക്കാള്‍
വലിയ രക്തപ്പുഴയും
അതില്‍നിറയെ കബന്ധങ്ങളും
ഇവിടെയൊഴുകും.

സ്വന്തം
തന്തയുടെ മുഖത്തുനോക്കി
എനിക്ക്‌ ജന്‍മം നല്‍കിയതാണ്‌
താനെന്നോട്‌ ചെയ്‌ത തെറ്റെന്നു
പറയുന്ന മക്കള്‍ ദുരന്തമാണ്‌;
അതേ, ഈ മക്കൾ മഹാദുരന്തമാണ്‌.
——————————
സുലൈമാന്‍ പെരുമുക്ക്

http://sulaimanperumukku.blogspot.in/?m=1 ‌

2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

നല്ല ഗുരു



     നല്ലഗുരു
<><><><><><><>
വന്നൊരാള്‍
ആതിരു മുന്നില്‍നിന്നൂ,
വിഷയാശ
തീർക്കാനനുവാദം തേടി.

അവിഹീത ബന്ധം
വന്‍പാപമെന്ന്‌
ഓതിയ
നബിക്കരികിലാണാള്‍
നില്‍പത്‌

ക്രുദ്ധരായ്‌ അനുജരർ
വാളോങ്ങി വന്നു
അനുവാദം തേടിയോനെ
വളഞ്ഞൂ

നില്‍ക്കു നില്‍ക്കൂയെന്നു
ചൊല്ലീ പ്രവാചകന്‍
ചോദ്യ കർത്താവിനെ
ഇരുത്തിയരികില്‍!

കൈകോർത്തു
ആലിംഗനം ചെയ്‌തു
പ്രിയനബി,ആഗതന്റാത്മാ
വിനേയുണർത്തീ

അറിയുക സോദരാ
നിനവില്‍ നീ കാണുക,
നേരിനും നന്‍മക്കും
നിലകൊള്‍ക നീ.

നിന്‍പ്രിയ പത്‌നിയെ
ആരാനും ഭോഗിപ്പതാകില്‍
നിന്‍ പൂമനം വാടീടുമൊ?

ചൊല്‍ക നീ തോഴാ,
നീകണ്ടു നില്‍ക്കുമൊ,
നിന്നഭിമാനം ക്ഷതമേല്‍ക്കുമോ?.

അമ്മയോ,പെങ്ങളൊ,
പ്രിയ പുത്രിയാകിലൊ,
രതിസുഖം
നേടുവോരെന്തുചെയ്യും?.

കണ്ടു നിന്നീടുവാന്‍
നിന്‍മനം താങ്ങുമൊ?
സ്‌നേഹ വർണങ്ങളെ
കൈ വെടിയുമോ?

ആഗതന്‍ ചൊല്ലിനാന്‍
ഇല്ലെയെന്‍ നബിയേ...
കൈവെടിയുകില്ല ഞാന്‍,
ദുർമാർഗ ചാരിയെ
വിടുകയില്ലാ...

തെല്ലിടകൊണ്ടു ഞാന്‍
കൊന്നിടും അവനെ, —
യെൻമനം അവനെ പൊറുക്കുകില്ലാ...

തൊട്ടു,തലോടി
തിരു നബിയോതി,
ഓർക്കുക സോദരാ
നീവന്നു ചൊല്ലിയ
മോഹം; ഇനിസഫല
മായീടുമൊ?

അന്യന്റെ പെങ്ങളൊ,
അമ്മയോ,ഭാര്യയോ,
പ്രിയമുള്ള പൊന്‍മകളൊ
അല്ലാതെ ഒരുവള്‍—
ഇല്ലയീ ഭൂമിയില്‍
അറിയുന്നുവോ നീ?

ജ്ഞാനാക്ഷരം കൊണ്ട്‌
കഴുകിയ ഹൃദയം
തുടികൊട്ടി പതിയെ
മൊഴി വിടർത്തീ

ഇന്നോളമെന്റെ
ജീവിത ലക്ഷ്യം
സുന്ദരികളൊത്തുള്ള
വേഴ്‌ചയാണ്‌.

ഇന്നിതാ ഞാനതു
വെറുത്തിടുന്നൂ
പാപമാണെന്നു തിരിച്ചറിഞ്ഞൂ,
അതു,വന്‍ പാപമാണെന്നു
ഞാനറിഞ്ഞൂ!..

~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

എന്ന് സ്വന്തം വൃക്ക

  *എന്ന്‌ സ്വന്തംവൃക്ക!
<><><><><<><><><>

വൃക്കയാണു ഞാന്‍,
നിങ്ങളുടെ സ്വന്തം
വൃക്കയാണു ഞാന്‍.

പുത്തന്‍
തലമുറയെന്നെ
കിഡ്‌നീയെന്നു വിളിക്കും

"പയറ'ാകൃതി
പൂണ്ട ഞാനെന്നും
നട്ടെല്ലിന്റെ ഇരുവശങ്ങളില്‍
നിങ്ങള്‍ക്കായ്‌ ജീവിക്കുന്നു.

നിങ്ങള്‍ക്കു
ഞാനിന്ന്‌ സുപരിചിതമാണ്‌
അതെ, നിങ്ങള്‍ക്കു ഞാനിന്ന്‌ ഏറെ സുപരിചിതമാണ്‌.

ഫെയ്‌സ്‌ബുക്കിലും
വാട്‌സാപ്പിലും ചാനലിലും
പിന്നെ പത്രത്താളിലും...
എത്രയത്ര പരസ്യങ്ങളിലൂടെ
ഞാന്‍ നിങ്ങളിലെത്തുന്നു.

മാനവചരിത്രം,
അത്‌ എന്റേതുകൂടി
ചരിത്രമാണ്‌,ഞാനില്ലാത്ത
ജന്തുജാലമില്ലാ.

എന്നിട്ടും
നിങ്ങളെന്നെ അറിഞ്ഞതില്ല,
അറിഞ്ഞതോ ?
അത്‌ കച്ചവടതന്ത്രം ഉണർന്നനാളില്‍.

അറിയുക
ഞാന്‍ ഒറ്റക്കല്ല
ഇവിടെയുള്ളത്‌,
ഞങ്ങള്‍ രണ്ടുപേരുണ്ട്‌.

ഞാന്‍ മരിച്ചാലും
നിങ്ങള്‍ മരിക്കാതിരിക്കാന്‍
എന്നെപ്പോലൊരാള്‍
നിങ്ങള്‍ക്കായി ജിവിക്കുന്നിവിടെ!

പുറമേ നിങ്ങള്‍
സുഗന്ധം പൂശിനടക്കവേ
അകമില്‍ അടിയുന്ന മാലിന്യമെന്നും
സംസ്‌കരിക്കുന്നതാണെന്റെ യജ്ഞം

ദശലക്ഷക്കണക്കിനു
അരിപ്പകളാല്‍
സൃഷ്ടിക്കപ്പെട്ടു ഞാന്‍

എനിക്കു പകരം
അപാരബുദ്ധികള്‍ തീർത്ത
യന്ത്രത്തിലേക്കൊന്നു കണ്ണയക്കുക!

ഒരുപാടുവട്ടം,ഒരുപാടുവട്ടം
നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും
വൃക്കയും
ഒരു മഹല്‍ഭുതമാണെന്ന്‌.

എന്നിട്ടും
നിങ്ങളെന്നെ
പരിഗണിക്കുന്നില്ല,
എന്നുമെന്നും
എന്നെ തളർത്തുന്നു.

ശുദ്ധജലമാണെനിക്കേറെ ഇഷ്ടം
അതുവെറുതേ കിട്ടിയാലും
കുടിക്കുന്നതു നിങ്ങള്‍ക്കു കഷ്ടം!

ഒർക്കുക
ഞാനൊരു പ്രകൃതി
സ്‌നേഹിയാണ്‌,
നിങ്ങളും പ്രകൃതിയെ
സ്‌നേഹിക്കുക...

ഒരു പ്രകൃതിസ്‌നേഹി
മരിച്ചാലും
ഞാന്‍ മരിക്കുന്നില്ല,
നീണ്ട നാഴിക ഞാന്‍
പിന്നെയും ജീവിക്കുന്നു
മറ്റൊരാളില്‍ ജീവന്‍ തുടിക്കാന്‍!
മറ്റൊരാളില്‍ ജീവന്‍ തുടിക്കാന്‍!
~~~~~~~~~~~~~~~~~~~~~~
*കടപ്പാട്‌:നവാസ്‌ നവാസിന്റെ
ഫെയ്‌സ്‌ബുക്കില്‍ കണ്ട
പോസ്‌റ്റിനോട്‌.
————————————
  സുലൈമാന്‍ പെരുമുക്ക്‌