2016, മേയ് 31, ചൊവ്വാഴ്ച

ഇബ്ലീസ് യാത്ര ചോദിക്കുന്നു.



  ഇബ്‌ലീസ്‌ യാത്രചോദിക്കുന്നു
————————————

അവർ
നമിക്കുന്നത്‌
ഒരേ അല്ലാഹുവിനെ

അവർ
വായിക്കുന്നത്‌
ഒരേ വേദഗ്രന്ഥം

അവർ
തിരിഞ്ഞുനില്‍ക്കുന്നത്‌
ഒരേ ദിശയിലേക്ക്‌

എന്നിട്ടും
അവർ കലഹിക്കുന്നു,
കടിച്ചുകീറുന്നു,പരസ്‌പരം
കൊത്തിവിഴുങ്ങാന്‍
പത്തിവിടർത്തി നില്‍ക്കുന്നു.

അവർക്കിന്ന്‌
ഇസ്‌ലാമിനേക്കാളിഷ്ടം
സംഘടനയോടാണ്‌,
പ്രവാചകനേക്കാള്‍
അവർ സ്‌നേഹിക്കുന്നത്‌
നേതാവിനെയാണ്‌.

സത്യത്തെ
ഹൃത്തടംകൊണ്ട്‌
ചുംബിക്കാന്‍ മടിക്കുന്നവരുടെ
പതനമാണിത്‌

തിരുനബി
തുന്നിച്ചേർത്തതെല്ലാം
പിച്ചിച്ചീന്തുമ്പൊഴും
അവർ സ്വർഗത്തിലേക്ക്‌
മാലോകരെ വിളിക്കുന്നുണ്ട്‌

പാവം പരിശുദ്ധർ
പണിതുയർത്തിയ പള്ളികളിന്ന്‌
വികാരജീവികള്‍ പോർക്കളങ്ങളാക്കി

സ്വയംതീർത്ത
വിള്ളലിലൂടെ
അവർ വീണുകൊണ്ടിരിക്കുന്നത്‌
നരകത്തിന്റെ
അടിത്തട്ടിലേക്കാണെന്ന്‌
മാലാഖമാർ വിളിച്ചോതുന്നുണ്ട്‌.

ഒരുമയില്‍
പെരുമയുണ്ടെന്നോതിയോർ
ഇന്ന്‌ ഭിന്നതയില്‍
മഹിമയുണ്ടെന്നോതുന്നു.

ഇവരെ കണ്ടാണ്‌
ഇബ്‌ലീസ്‌ ഇന്ന്‌
യാത്ര ചോതിക്കുന്നത്‌.
————————————
  സുലൈമാന്‍ പെരുമുക്ക്‌

2016, മേയ് 29, ഞായറാഴ്‌ച

കുറ്റസമ്മതം


     കുറ്റസമ്മതം
    ~~~~~~~~~~

പ്രകൃതിയോട്‌
കലഹിച്ചാണ്‌
എന്നും ജീവിച്ചത്‌

ഉണ്ടതും
ഉറങ്ങിയതും ഉണർന്നതും
അങ്ങനെതന്നെ

എത്രയെത്ര
സുന്ദരമായ
പ്രഭാതങ്ങളാണ്‌
എനിക്ക്‌ നഷ്ട്‌മായത്‌

നഷ്ട്‌മായതൊന്നും
ഇനി തിരിച്ചെടുക്കാനാവില്ലെന്ന്‌
ഇന്നുഞാന്‍ തിരിച്ചറിഞ്ഞു

എനിക്ക്‌
കണ്ണുകളുണ്ടായിരുന്നു
പക്ഷേ, കാണേണ്ടതല്ല
ഞാന്‍ കണ്ടതെല്ലാം.

എനിക്ക്‌
ഹൃദയമുണ്ടായിരുന്നു
പക്ഷേ,ഞാന്‍
ചിന്തിച്ചതെല്ലാം
പുറംപ്പോക്കില്‍നിന്നായിരുന്നു.

എന്റെ ശ്രവണേന്ത്രിയങ്ങള്‍
ഓടിക്കിതച്ചതെന്നും
ശബ്ദലഹരി നുകരാനായിരുന്നു

എന്റെ മുറ്റത്തെത്തുന്ന
പത്രങ്ങളിലും
അകത്തളത്തില്‍
പെയ്‌തിറങ്ങുന്നചാനല്‍ മഴയിലും
ഞാന്‍ പരതിയത്‌ കളിക്കളങ്ങളും
കണ്ണഞ്ചിപ്പിക്കുന്ന
കൗതുകങ്ങളുമാണ്‌

ന്യൂജന്‍ ഭ്രമം
എന്നെ വേട്ടയാടിയപ്പോള്‍
മധുരഭാഷണങ്ങള്‍ എനിക്ക്‌
അസഹ്യമായിരുന്നു

വാർദ്ധക്യം
പെട്ടെന്നു ഇടിഞ്ഞുവീണതല്ല
അത്‌ വന്നവഴികളിലെല്ലാം
യുവത്വം ഞാന്‍തേച്ചുമിനുക്കി

എന്നിട്ടും
എന്റെ സമ്മതമില്ലാതെ
എന്നെയത്‌ കീഴ്‌പ്പെടുത്തി

ഒരുപാട്‌ വൈകി
അതെ,അറിവില്ലായെന്ന
അറിവുപോലും അറിയാന്‍
ഒരുപാട്‌ ഒരുപാട്‌ വൈകി.
———————————
  സുലൈമാന്‍ പെരുമുക്ക്‌