2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

മുഅ 'മിനുകളുടെ കണ്ണീര്

മുഅ്‌മിനുകളുടെ കണ്ണീര്‌...?
———————————
മുഅ്‌മിനുകളെ
പെണ്‍പിറപ്പുകളെയോർത്ത്‌
നിങ്ങളിങ്ങനെ കരയരുത്‌

നീന്തമറിയാത്ത
പെണ്‍കൊടികള്‍
മുങ്ങിമരിക്കുന്നത്‌
ലോകം കണേണ്ടിവരും

മണ്ണിതിലെന്നും
പെണ്ണ്‌,സുഖഭോഗ
വസ്‌തുവല്ലെ ?

നിങ്ങള്‍
മകിടിയൂതുന്ന
താളത്തിലല്ലേ
"സ്‌ത്രീധന'സർപ്പം അവളെ
വരിഞ്ഞുമുറുക്കുന്നത്‌?

കാക്കത്തൊള്ളായിരം
ആലിമീങ്ങളും
മുപ്പത്തിമുക്കോടി
സഘടനകളും
ഉണ്ടായിട്ടെന്തുഫലം?—

ഇമാമുകള്‍ക്കും
മുജദ്ദിദുകള്‍ക്കും
ജന്‍മംനല്‍കേണ്ടവള്‍
ഇന്ന്‌ കണ്ണീർപാടത്താണ്‌

നിങ്ങളില്‍ നല്ലവർ
നാരിമാരോട്‌
നീതിചെയ്യൂ എന്നവചനം
നിങ്ങളാണ്‌
വലിച്ചെറിഞ്ഞത്‌

ഈകണ്ണീരിന്‌
ഉപ്പുരസമില്ലെന്ന്‌
മണ്ണുംവിണ്ണും
വിളിച്ചോതുന്നു!

ഓർക്കുക
ഇനിയും നിങ്ങളവരെ
കെട്ടിയിട്ടാല്‍
കയറുപൊട്ടിച്ചവർ
സ്വർഗത്തില്‍ ഇടിച്ചിറങ്ങും

നിങ്ങളോ,
നരകത്തിലേക്ക്‌
വലിച്ചെറിയപ്പെടും.
——————————
 സുലൈമാന്‍ പെരുമുക്ക്‌

'ഭരണ 'വിധി

   "ഭരണ'വിധി?
  ——————

നാടു
നന്നാവാന്‍
ഞങ്ങള്‍തന്നെ
വരണമെന്നു പറയുന്നവർ
സ്വയം നന്നാവാതെ
നാട്‌ എങ്ങനെ നന്നാവും?

ഞങ്ങള്‍ വന്നാല്‍
എല്ലാം ശരിയാവുമെന്നു
ചൊല്ലുന്നവർ
പലവട്ടം വന്നിട്ടും
നാട്ടില്‍ കട്ടപ്പുകയാണിന്നും

രാഷ്ട്രീയം
കറുപ്പിനേക്കാള്‍
ലഹരിയായവർക്ക്‌
ഇനി എന്നാണ്‌
ബോധംതെളിയുക?

അധികാരത്തിന്റെ
തമ്പുരാക്കള്‍
വലതുഭാഗത്തും
ഇടതുഭാഗത്തും
തലോടുമ്പോള്‍
കീഴാളജീവികള്‍
എല്ലാം മറക്കുന്നു

സത്യം
നട്ടുച്ചസൂര്യനെപ്പോലെ
മുന്നിലുണ്ട്‌
പക്ഷേ,ജനം
രാഷ്ട്രീയമാടമ്പികളുടെ
പിന്നിലാണ്‌.

പ്രവചനക്കാരന്റെ
ആയിരത്തിലൊന്നു
ഫലിച്ചാല്‍  ജനം
ഏറ്റുപാടുന്നതുപോലെ
കപട രാഷ്ട്രീയക്കാരന്റെ
മധുരവാഗ്‌ദാനങ്ങളില്‍ ഒന്ന്‌
അബദ്ധത്തില്‍ പുലർന്നാല്‍
ജനത്തിന്‌ അതുമതി

കാതോർത്തു
കേള്‍ക്കുക
അവർ
നിങ്ങളുടെ കൈകളാല്‍
തോണ്ടിക്കുന്നത്‌
നിങ്ങളുടെ കുഴിമാടങ്ങളാണ്‌.
————————————
  സുലൈമാന്‍ പെരുമുക്ക്‌

പെണ്ണൊരുമ്പെട്ടാൽ

    പെണ്ണൊരുമ്പെട്ടാല്‍
   —————————
പൗരോഹിത്യത്തിന്റെ
കണ്ണിലെ'പെണ്ണ്'‌
എന്നും തടവറയിലാണ്‌

അവളെന്നും
അകത്തളത്തിലെ
കട്ടപ്പുകയില്‍
ഒളിച്ചിരിക്കണമെന്നത്‌
ഇനിയവള്‍ കേട്ടിരിക്കില്ല

അവളെ
തളച്ചിടാന്‍
അവർ ആദ്യംപറഞ്ഞത്‌
നിരക്ഷരരാക്കുകയെന്നാണ്‌

സമൂഹത്തിന്റെ പാതി,
കണ്ണുകെട്ടി
നടക്കണമെന്നാണ്‌
പണ്ഡിതമാനികള്‍
ഓതുന്നതെങ്കില്‍
ഇവിടെ സൂര്യനുദിക്കില്ല

പക്ഷേ,
പുരോഹിതപ്പുതപ്പ്‌
വലിച്ചെറിഞ്ഞവർ
അവളുടെ
മനസ്സുവായിച്ചപ്പോള്‍
അവള്‍ പഠിച്ചിറങ്ങി

കറുത്ത
കാലത്തോട്‌
കലഹിക്കാനവള്‍
കൈകളുയർത്തുമ്പോള്‍
കാമക്കണ്ണുകളില്‍ മുറിവേല്‍ക്കുന്നുണ്ട്‌

കാശ്‌മീർ മുതല്‍
കന്യാകുമാരിവരെ
അവള്‍ക്ക്‌ ഒറ്റക്ക്‌
നടക്കാനുള്ള പാത
വെട്ടിത്തുറക്കുന്നതുകണ്ട്‌
വിവരംകെട്ടവർ
ബോധംകെട്ടു വീഴട്ടെ...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌