2016, മാർച്ച് 11, വെള്ളിയാഴ്‌ച

കവിത: രാജ്യ സ്നേഹി പിറക്കുന്നു

കവിത
~~~~~
രാജ്യസ്‌നേഹി പിറക്കുന്നു
———————————

നിങ്ങള്‍
പേക്കിനാവ്‌
കാണുകയല്ല
ഞാന്‍ രാജ്യസ്‌നേഹം
പഠിക്കുകയാണ്‌

മുഹമ്മദ്‌ ബാബുവായ
ഞാന്‍ ബാബുവായി
ചുരുങ്ങില്ലേ?

താടിവടിച്ചതും
കയ്യില്‍ ചരടുകെട്ടിയതും
കണ്ടില്ലേ?
ഇന്ന്‌ പച്ചക്കറിമാത്രമാണ്‌
ഞാന്‍ തിന്നുന്നത്‌

നെറ്റിയിലെ
തഴമ്പ്‌ മായ്‌ക്കാന്‍
ചർമ്മവിദഗ്‌ദ്ധനെ കണ്ടു,
വലത്തോട്ട്‌
തുണിയുടുക്കുന്ന ശീലം
രാജ്യസ്‌നേഹ
പട്ടത്തിനുവേണ്ടി
ഞാന്‍ ഇടത്തോട്ടാക്കി.

അവസാനം ഞാന്‍
ജന്‍മഭൂമി
നെഞ്ചിലേറ്റിയ മാതൃഭൂമി
വായിക്കാനും പഠിച്ചു

എങ്കിലും
നിങ്ങള്‍ തൃപ്‌തരാവില്ല
കാരണം
നിങ്ങള്‍ക്കു വളരാന്‍
ഇവിടെ ഒരു
സാങ്കല്‍പിക ശത്രുവേണം.
———————————
  സുലൈമാന്‍ പെരുമുക്ക്‌

കവിത: നമുക്കിനി കള്ളക്കളി പഠിക്കാം

കവിത
...............
നമുക്കിനി കള്ളക്കളി പഠിക്കാം
————————————
നമുക്കിനി
കളികള്‍ മറക്കാം,
കള്ളക്കളികള്‍ പഠിക്കാം.

ഹിന്ദുവായ്‌
ഇസ്‌ലാമായ്‌
ക്രൈസ്‌തവനായ്‌—
കള്ളക്കളികള്‍ മാത്രം പഠിക്കാം

മതമുള്ളവനായ്‌
മതമില്ലാത്തവനായ്‌ കളിക്കാം,
കള്ളക്കളികള്‍ പഠിക്കാം.

അധികാര
മോഹികളും
മതഭ്രാന്തരും തീർത്ത
മഹാ ഗർത്തങ്ങളില്‍
ചാടിക്കളിക്കാം

ഇനി ഇവിടെ
ഹിന്ദുവിനൊരു വഴി
മുസല്‍മാനൊരു വഴി
ക്രൈസ്‌തവനു വേറെവഴി
പിന്നെയും പിന്നെയും
വഴികള്‍ തീർക്കാം

ആ വഴിയിലൊക്കയും
വേറെ വേറെ ജലവും
വായുവും വാർത്താ
മാധ്യമങ്ങളും ഒരുക്കാം

പിന്നെ നമുക്ക്‌
തൊട്ടുകൂടാത്തവനായ്‌
കണ്ടുകൂടാത്തവനായ്‌
തമ്മിലുണ്ണാത്തവനായ്‌
തിരികെ പോകാം

അവസാനം
അവസാനം
തമ്മില്‍ തമ്മില്‍
കുത്തിമരിക്കാം

ആ കാഴ്‌ചകണ്ടു
കീരിയും പാമ്പും
കുറുക്കനും കോഴിയും
ഒന്നിച്ചിരുന്ന്‌
പൊട്ടിച്ചിരിക്കട്ടെ

അന്നു കണ്ടാമൃഗം
കഴുതയോടു
മനുഷ്യന്റെ തൊലിക്കട്ടിയുടെ
കഥപറയും
ഓന്തുകള്‍
നിറംമാറുന്ന
മനുഷ്യനെ കണ്ടുചിരിക്കും

അന്നു ശവംതീനി പക്ഷികള്‍
വ്രതമെടുക്കാന്‍
നേർച്ച നേരും
അങ്ങനെയങ്ങനെ....
കാലം
കരിമ്പടം പുതയ്‌ക്കും.
——————————
 സുലൈമാന്‍ പെരുമുക്ക്‌