2016, മാർച്ച് 11, വെള്ളിയാഴ്‌ച

കവിത: നമുക്കിനി കള്ളക്കളി പഠിക്കാം

കവിത
...............
നമുക്കിനി കള്ളക്കളി പഠിക്കാം
————————————
നമുക്കിനി
കളികള്‍ മറക്കാം,
കള്ളക്കളികള്‍ പഠിക്കാം.

ഹിന്ദുവായ്‌
ഇസ്‌ലാമായ്‌
ക്രൈസ്‌തവനായ്‌—
കള്ളക്കളികള്‍ മാത്രം പഠിക്കാം

മതമുള്ളവനായ്‌
മതമില്ലാത്തവനായ്‌ കളിക്കാം,
കള്ളക്കളികള്‍ പഠിക്കാം.

അധികാര
മോഹികളും
മതഭ്രാന്തരും തീർത്ത
മഹാ ഗർത്തങ്ങളില്‍
ചാടിക്കളിക്കാം

ഇനി ഇവിടെ
ഹിന്ദുവിനൊരു വഴി
മുസല്‍മാനൊരു വഴി
ക്രൈസ്‌തവനു വേറെവഴി
പിന്നെയും പിന്നെയും
വഴികള്‍ തീർക്കാം

ആ വഴിയിലൊക്കയും
വേറെ വേറെ ജലവും
വായുവും വാർത്താ
മാധ്യമങ്ങളും ഒരുക്കാം

പിന്നെ നമുക്ക്‌
തൊട്ടുകൂടാത്തവനായ്‌
കണ്ടുകൂടാത്തവനായ്‌
തമ്മിലുണ്ണാത്തവനായ്‌
തിരികെ പോകാം

അവസാനം
അവസാനം
തമ്മില്‍ തമ്മില്‍
കുത്തിമരിക്കാം

ആ കാഴ്‌ചകണ്ടു
കീരിയും പാമ്പും
കുറുക്കനും കോഴിയും
ഒന്നിച്ചിരുന്ന്‌
പൊട്ടിച്ചിരിക്കട്ടെ

അന്നു കണ്ടാമൃഗം
കഴുതയോടു
മനുഷ്യന്റെ തൊലിക്കട്ടിയുടെ
കഥപറയും
ഓന്തുകള്‍
നിറംമാറുന്ന
മനുഷ്യനെ കണ്ടുചിരിക്കും

അന്നു ശവംതീനി പക്ഷികള്‍
വ്രതമെടുക്കാന്‍
നേർച്ച നേരും
അങ്ങനെയങ്ങനെ....
കാലം
കരിമ്പടം പുതയ്‌ക്കും.
——————————
 സുലൈമാന്‍ പെരുമുക്ക്‌






2 അഭിപ്രായങ്ങള്‍:

2016, മാർച്ച് 14 9:59 AM ല്‍, Blogger ajith പറഞ്ഞു...

നാനാത്വത്തിൽ ഏകത്വം സുന്ദരമായ ഒരു സ്വപ്നം മാത്രമാകുന്നു

 
2016, മാർച്ച് 19 10:46 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ആര്‍ത്തിപെരുത്ത സമൂഹം....
അവസാനം ആറടിമണ്ണില്‍...
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം