2015, നവംബർ 28, ശനിയാഴ്‌ച

കവിത
———
  തുള്ളിപ്പിളരുന്ന പ്രസ്ഥാനം
 ———————————
വളിച്ച
ചോദ്യങ്ങളുമായി
നടക്കുന്ന
വികാരജീവികള്‍ക്ക്‌
പുളിച്ച ഉത്തരങ്ങളാണ്‌ ചേർച്ച

സമസ്ഥയും
ജമാഅത്തും
ഇല്ലായിരുന്നെങ്കില്‍
തൗഹീദുവാദികളുടെ
ജിഹാദിന്ന്‌ വട്ടപൂജ്യം

അവരില്‍
ഉണർന്നവർ
ചെടികളുമായ്‌ നടന്നപ്പോള്‍
മടിയന്‍മാർ പറഞ്ഞു
അരുത്‌മക്കളേ അരുത്‌...
താടിവളർത്തുന്നതാണ്‌ പുണ്യം

അധികാരികളുടെ
വികൃതികള്‍ക്കുനേരെ
വിരലനക്കാന്‍ യുവത
തിരിഞ്ഞപ്പോള്‍
ഭീരുക്കള്‍ ചൊല്ലി
വിരലനക്കുന്ന പുണ്യം നമുക്ക്‌
നമസ്‌ക്കാരത്തിലാണെന്ന്‌

ഉമറിന്റെ
ഭരണമാണ്‌
ഞാന്‍ കൊതിക്കുന്നതെന്ന
മഹാത്മാവിന്റെ വാക്കുകള്‍
അവർകേട്ടതേയില്ല

തട്ടിപ്പുകാരനേയൂം
വെട്ടിപ്പുകാരനേയും
പൂക്കുറ്റിയേയുമാണവർ
തിരഞ്ഞെടുത്തത്‌

അധികാരത്തിന്റെ
അപ്പത്തിനുവേണ്ടി എന്നും
വാരിക്കുഴിയൊരുക്കിയാണവർ
കാത്തിരുന്നത്‌

അണ്ടനും
അടകോടനും
തിരുസഭയിലിരുന്നുറങ്ങുമ്പോള്‍
പടിവാതിലില്‍ നിന്നിവർ
തുള്ളിപ്പറയുന്നു
അന്ധവിശ്വാസത്തിന്നെതിരെ
നിയമം വേണമെന്ന്‌!

കളിയിലും
കുളിയിലും
പ്രവാചകനാണ്‌
മാതൃകയെന്ന്‌
പള്ളിയില്‍നിന്നു പറയുന്നവർ
പള്ളിക്കുടങ്ങളില്‍
പങ്കുപറ്റലിന്റെ തള്ള്‌,
പടലപ്പിണക്കത്തിന്റെ തല്ല്‌.

വിവേകം
വിടപറഞ്ഞപ്പോള്‍
വികാരം തലയില്‍വീണു
ഇന്ന്‌ അംഗശുദ്ധിയും
ആത്മശുദ്ധിയും വീണുടഞ്ഞു

ഇന്ന്‌ മഹാരാജ്യം
ഊ രുകളായി പിളരുന്നു
വൈരികളായി അകലുന്നു

"തെറി'യെന്ന്‌
ആംഗലയത്തിലെഴുതുകില്‍ "നെറ്റി'ല്‍തെളിയും
തൗഹീതോതിയ
നാവുകൊണ്ടുള്ള പുലഭ്യവർഷം

സഹൃദയരേ
നമുക്ക്‌
കാതുപൊത്തിയിരിക്കാം.
———————————
 സുലൈമാന്‍ പെരുമുക്ക്‌

പത്ര പ്രവർത്തകയായ
വി.പി റജീനക്കുള്ള
ഐ ക്യദാർഢ്യം ആദ്യം
അറിയിക്കട്ടെ.....
............................................................
കവിത
———
   സ്വസമുദായ സ്‌നേഹം
  ——————————

അവനവന്‍ ചെയ്‌തതു
മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം

അരുതിത്‌
പാപമെന്നോതുന്ന നാവ്‌
പിഴുതെറിയാം,
അവരെകല്ലെറിയാം.

നെറികേടുകാട്ടുവോർ
ബന്ധുക്കളെങ്കില്‍
നാകത്തിന്‍
മാലഖമാരാണവർ
നന്‍മ ചെയ്‌തീടുവോർ
വൈരികളെങ്കില്‍
നരകത്തിന്‍ തഴേതട്ടിലവർ

ഇനിയിവിടെ
നാവുകള്‍
ശബ്ദിക്കവേണ്ട
ഇനിയിവിടെ പേന
ചലിക്കവേണ്ടാ

അവനവന്‍
ചെയ്‌തതു മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം

കുറ്റങ്ങള്‍കൊക്കയും
ന്യായങ്ങള്‍ തീക്കുകില്‍
വിശുദ്ധവേഷം നല്‍കി
ആദരിക്കും

കുറവുകള്‍
മൂടിവെച്ചീടുവോർക്കായി
തെരുവുകള്‍തോറും
സ്‌മരണാഞ്‌ജലികള്‍

കൂരിരുട്ട്‌
ഇത്‌ കൂരിരുട്ട്‌
കൂരിരുട്ടില്‍ പാപം
പെരുകിടുന്നൂ.
—————————
സുലൈമാന്‍ പെരുമുക്ക്‌