2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

കവിത :അവസാനവാക്ക്

കവിത
............
അവസാനവാക്ക്
-----------------------------------
എനിക്കൊരുപക്ഷേ
നാളെയിതു പറയാന്‍
കഴിഞ്ഞില്ലെങ്കിലോ ?
അതുകൊണ്ട് ഞാന്‍
ഇന്നേ പറയട്ടെ...

നിങ്ങളുടെയൊക്കെ നട്ടെല്ല്
നാണിച്ചു നില്‍ക്കുന്നത്
ഞാന്‍ കാണുന്നു

എന്നായാലും
മരണം ഒന്നേയുള്ളൂ
അത് നീതിക്ക്
വേണ്ടിയാണെങ്കില്‍
ദാനമാണ്

ജീവിക്കുന്നത്
ജീവനുള്ളവനായി
ജീവിക്കണം
പറയുന്നത്
മുഖത്തു നോക്കി
പറയണം

നെറികെട്ടവര്‍ക്ക്
അമ്മാനമാടാന്‍
വിലപ്പെട്ട ജീവിതം
വലിച്ചെറിയുന്നവന്‍
മടയനാണ്

തിന്മയെ 
മനസ്സ് കൊണ്ടെങ്കിലും 
വെറുക്കാൻ 
കഴിയാത്തവൻ 
ഭൂമിക്കു ഭാരമാണ് 

തിരയടങ്ങാൻ 
കാത്തിരുന്ന് 
കാലം കളയുന്നതെന്തിന് ?


ഒരായുഷ്ക്കാലം
എന്തിനു 
ചിലവഴിച്ചു
എന്ന ചോദ്യത്തിനു
മനസ്സാക്ഷിയോട്‌
എന്തുത്തരം പറയും ???
............................................
സുലൈമാന്‍ പെരുമുക്ക്

 

2015, ഏപ്രിൽ 5, ഞായറാഴ്‌ച

കവിത:നമ്മളൊന്ന്‌




കവിത
...............
നമ്മളൊന്ന്‌
——————
പണ്ട്‌ നമ്മള്‍...
ഒന്നായിരുന്നു
ഇന്നു നമ്മള്‍
ഒരുപാട്‌ അകന്നു

ഇനി നമ്മളെന്നും
ഒന്നായിരിക്കണമെന്ന്‌
പറയുന്നതിനിടയിലാണ്‌
പിശാചുക്കള്‍
നമുക്കിടയില്‍ കനത്ത
മതില്‍ തീർത്തത്‌
ഇന്നാമതിലില്‍
ചാരിനില്‍ക്കാന്‍ പോലും
നമുക്കാവുന്നില്ല,
പൊള്ളുന്ന ചൂട്‌.
നമ്മളിന്നും
പുഞ്ചിരിക്കുന്നുണ്ട്‌
പൊട്ടിച്ചിരിക്കുന്നുണ്ട്‌
അപ്പോഴും ഹൃദയത്തില്‍
ഞാനെന്ന ഭാവം
ഇരുട്ടില്‍ കട്ടപിടിക്കുന്നു
പിന്നെ എങ്ങനെ
നമ്മളൊന്നാവും?
സ്‌നേഹം
മണ്ണില്‍ മുളക്കുന്നില്ല
അത്‌ മനസ്സില്‍ പൂക്കുന്നതാണ്‌
മനസ്സില്‍നിന്ന്‌
മനസ്സിലേക്കതു പടരണം
അതിരുകളില്ലാത്ത
സ്‌നേഹത്തിന്റെ ലോകം
പണിതൊരുക്കാന്‍
ഞാനെന്ന ഭാവം
മനസ്സില്‍നിന്ന്‌ മായണം
എങ്കില്‍
നമ്മളൊന്നാണ്‌
എന്നെന്നും
നമ്മളൊന്നാണ്‌.....
—————————
സുലൈമാന്‍ പെരുമുക്ക്‌