2013, നവംബർ 28, വ്യാഴാഴ്‌ച

കവിത : ഞങ്ങൾ തമ്പ്രാക്കൾ പറയും ....


കവിത 
..............
                     ഞങ്ങൾ തമ്പ്രാക്കൾ പറയും ....
                 ...............................................................

ഒന്നിച്ചിരിക്കാൻ 
മോഹിക്കരുത് 
പിന്നിൽ നീങ്ങി നില്ക്കുക 
കുമ്പിടാൻ കല്പിക്കുമ്പോൾ 
മുട്ടുകുത്തി ഇഴയുന്നവരെയാണ് 
ഞങ്ങൾക്കിഷ്ടം 

നിങ്ങൾക്ക് 
പട്ടിണി കിടന്നു മരിക്കാം 
പക്ഷേ കരയരുത് 
ഇനി കരഞ്ഞാലും 
ഒന്നും പറയരുത് 

നിങ്ങൾക്ക് തല മതി 
തലച്ചോറ് വേണ്ട 
നിങ്ങൾക്ക് പാടി രസിക്കാം 
പക്ഷേ അത് ഞങ്ങളുടെ 
വീരഗാഥകളായിരിക്കണം 

ഞങ്ങൾക്ക് നേരെ 
നീളുന്ന വിരലുകൾ 
മുറിച്ചെടുക്കും 
നാവുകൾ അറുത്തു മാറ്റും 

നിങ്ങൾ തീവ്ര വാദികളും 
ഭീകരവാദികളും ആണന്ന് 
ഞങ്ങൾ ഉറക്കെ പറയും 

ആഗ്രഹങ്ങളും 
ആദർശങ്ങളും 
നിങ്ങൾ പറയരുത് 
അത് ഞങ്ങൾക്ക് സ്വന്തം 

എങ്ങനെയാണ് 
അനുസരണയുള്ള 
അടിമയാവുക 
എന്നതാണ് 
ചരിത്രത്തിൽ നിന്ന് 
നിങ്ങൾ പഠിക്കേണ്ടത് .

      സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com

2013, നവംബർ 26, ചൊവ്വാഴ്ച

കവിത : കോടാലി


കവിത 
.............
                           കോടാലി 
                        .......................

കാട്ടിലേക്കിറങ്ങിയ 
കരുവാനെ കണ്ടപ്പോൾ 
മരങ്ങളെല്ലാം 
പരസ്പരം പറഞ്ഞു അരുത് ,

നമ്മളിൽ നിന്ന് 
ഒരു ചെറു കമ്പ് പോലും 
അയാൾ കൈക്കലാക്കരുത് 

അഗ്നിയും 
ആയുധവുമാണ് 
അയാളുടെ നില നില്പ് 

ആ കഠിന ഹൃദയൻറെ 
കയ്യിലുള്ള ഇരുമ്പിന് 
പിടി വീണാൽ 
നാം ഒന്നൊന്നായി നശിക്കും 

ദേഹ മാകെ 
പുഴുവരിക്കുന്ന  
ഇത്തിക്കണ്ണി  ചുറ്റിയ 
ഗുരുത്വംകെട്ട മരം മാത്രം -
ചെവി കൊണ്ടില്ല 

ഒറ്റു കാരനായവൻ 
കുളിരകറ്റാനെന്ന 
ന്യായം പറഞ്ഞ് 
അയാളുടെ കൂടെ പോയി .

      സുലൈമാന്‍ പെരുമുക്ക് 
            00971553538596
      sulaimanperumukku @gmail .com 

  ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .