2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ജിന്നാണ്‌ താരം!...


ജിന്നാണ്‌ താരം!...
———————
ജിന്നിവിടെ
ഇടക്കിടെ താരമായി
എത്തുന്നുണ്ട്‌.

അത്‌ പലപ്പോഴും
ജീവനും കൊണ്ട്‌
പോകുന്നുണ്ട്‌!!!

അതിന്‌
മതത്തിന്റെ പച്ചപ്പട്ടാണ്‌
പുതച്ചുകൊടുക്കുന്നത്‌!

വിശ്വാത്തിന്റെ
ജീവനില്ലാത്ത ജഡങ്ങളില്‍
ആത്മീയ കച്ചവടക്കാർ
ജിന്നിനേയും പിശാചിനേയും...
വെച്ച്‌ കളിക്കുകയാണ്‌!!


പകല്‍ വെളിച്ചത്തിലും
വിവരമില്ലാത്തവരുടെ
ധനവും മാനവും... സൂത്രത്തിലവർ സ്വന്തമാക്കുന്നു!

അതു കണ്ടുകൊണ്ട്‌
മതത്തിന്റെ
കുത്തകക്കാരൊക്കെ
മത്തു പിടിച്ചവരെപ്പോലെ
നോക്കി രസിക്കുകയാണ്‌!!!

മതത്തിന്റെ
ചിഹ്നങ്ങള്‍ക്ക്
വർണങ്ങൾ നല്‍കി
പൗരോഹിത്യമിവിടെ
പാലൂട്ടി വളർത്തിയത്‌
പാപങ്ങളാണ്‌!

കാപട്യത്തിന്റെ
മുഖംമൂടികള്‍
വലിച്ചു കീറുമ്പോള്‍
പുരോഹിതക്കു വേണ്ടി
വാളോങ്ങാന്‍ ഇരകളാണ്‌
ഇന്നും മുന്നിലുള്ളത്‌!!

പിന്നെ
എങ്ങനെ തലക്കകത്ത്‌
നേരം വെളുക്കും?...

ജിന്നിനെ പണ്ട്‌ ചൂട്ട്‌കെട്ടി
ആട്ടിയോടിച്ചവർ ഇന്ന്‌
കെട്ടിപ്പിടിച്ചു കിടക്കുന്നത്‌
കൗതുക കാഴ്‌ചയാണ്‌!!!

സൂര്യന്‍
ഉദിച്ചുയരട്ടെ
അത്‌ ജീവന്റെ
നിലനില്‍പ്പാണെന്നത്‌
ജനം തിരിച്ചറിയട്ടേ...
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്


2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

മാരണ ചിന്ത!*


മാരണ ചിന്ത!*
--------------
പഞ്ചപാപങ്ങളുടെ
പ്രതികരണങ്ങൾ പോലെ
മാരണത്തിന്
നേട്ട കോട്ടങ്ങൾ
തീർക്കാനാവില്ലെന്നത്
ബുദ്ധിയുടെ വിനയംകൊണ്ട്
അളന്നാൽ തെളിയും!

ഇസ് ലാം
അത് വിലക്കിയത്
നേർവഴിയിൽ നിന്ന്
വഴുതി വീഴാതിരിക്കാനാണ്.

കാടുകയറി
ചിന്തിച്ചാൽ പിന്നെ
വഴിയറിയാതെ
ഉഴലേണ്ടി വരും.

കുടിലിലും
പെരുവഴിയിലും
കഴിയുന്ന മാരണ
തൊഴിലാളികളുടെ
കൊട്ടാര മോഹങ്ങൾ
ബാക്കി വെച്ചാണ്
മണ്ണറയിൽ എത്തുന്നത്!...

പട്ടാപ്പകലിൽ
മാരണക്കാരെ ഭാര്യമാർ
ആട്ടിയോടിച്ചതും
വെട്ടിക്കൊന്നതും നമ്മൾ
നേരിൽ കണ്ടതാണ്.

എന്നിട്ടും ചിന്തിക്കാൻ
മനസ്സില്ലെന്ന വാശി
വലിച്ചെറിയുന്നില്ല!!

വെറുതെ
കിടന്നുറങ്ങിയാൽ
അതും ഒരു ലഹരിയാവുമെന്നത്
വലിയ വൈദ്യനൊന്നും
പഠിപ്പിക്കേണ്ടതില്ല!

ദൈവ നാമത്തിൽ
വെറുതെ ഇരുന്ന്
ചിന്തിച്ചാൽ അനുഭവങ്ങൾ
ഏറ്റവും നല്ല ഗുരുവായി തിളങ്ങും.
---------------------
*
സിഹ്റിൽ (മാരണം)
വിശ്വസിക്കുന്ന
മരമണ്ടൻമാരേ...
നിങ്ങൾക്ക് ട്ര0മ്പിൻ്റെ
കൊമ്പൊടിക്കാൻ
കഴിയില്ലെന്ന് എനിക്കറിയാം.
എങ്കിൽ എൻ്റെ
തൂലികയുടെ തുമ്പെങ്കിലും നിങ്ങൾക്ക്
ഒടിക്കാനാവുമൊ?... പണിക്കൂലി
ഞാൻ തരാം.
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

ഒരുപടി മുന്നിൽ !


ഒരുപടി മുന്നിൽ !
------------------
നമ്മളെന്നും
ഒരു പടി മുന്നിലാണ്,
അത് പേടി കൊണ്ടാണെന്ന്
ആരോടും പറയണ്ട!

ആള് കൂടുന്നിടത്തൊക്കെ
ദേശീയ ഗാനം
പാടണമെന്ന് കേട്ടപ്പോൾ
കല്യാണമണ്ഡപത്തിലും
നമ്മളത് പാടി!

പാട്ട് കേട്ടാൽ
എഴുന്നേൽക്കുന്നവനാണ്
രാജ്യസ്നേഹിയെന്നാരോ
പറഞ്ഞപ്പോൾ -

പാതിചലനമറ്റ
വല്ല്യുപ്പയെ ചുമലിലേറ്റി
നിന്നാണെങ്കിലും നമ്മളത്
തെളിയിച്ചു കാട്ടി!!

എന്നിട്ടും
ഇന്ന് കോമരങ്ങൾ
തുള്ളിക്കൊണ്ട് ചോദിക്കുന്നു
നിങ്ങളൊക്കെ രാജ്യ സ്നേഹികളൊയെന്ന്.

അവർ
കൈകൂപ്പി നിൽക്കാൻ
പറയുന്നതിന് മുമ്പ്
നമ്മൾ കാലു പിടിക്കാൻ
ഒരുങ്ങിയിരിക്കുന്നു!!!

എന്നിട്ടും
അവർ ചോദിക്കുന്നു
നിങ്ങൾ പാകിസ്ഥാനിലേക്ക്
പോയില്ലേയെന്ന്!

അത്
കേൾക്കുമ്പോൾ
നമ്മൾ ചിരിക്കാനാണ്
പഠിക്കേണ്ടത്.
<><><><><><><><><>
സുലൈമാൻ പെരുമക്ക്

സ്വകാര്യം...


സ്വകാര്യം...
-------------------
ഓരോ പള്ളി
ജീവനക്കാരൻ്റെയും
മദ്രസാദ്യാപകൻ്റെയും
സ്വകാര്യ പ്രാർത്ഥന
ഇങ്ങനെയാണ് ;-

പടച്ചവനേ...
എൻ്റെ ഗതി നീ
മക്കൾക്ക് വരുത്തല്ലേ....!!!

കാരണം,
മഹല്ല് നിവാസികൾ
ധൂർത്തടിച്ചു ജീവിക്കുമ്പോഴുഠ
പാവം ജീവനക്കാർ
തല താഴ്ത്തി
കൈനീട്ടി നിൽക്കാൻ
വിധിക്കപ്പെട്ടവരാണ്!

പിന്നെ എങ്ങനെ
സമുദായത്തിൻ്റെ തലയിൽ
ചെളി തെറിക്കാതിരിക്കും???
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്


വെള്ളിയാഴ്ച വെളിച്ചം?..


വെള്ളിയാഴ്ച വെളിച്ചം?..
~~~~~~~~~~~~~~~~~~

ഓരോ
വെള്ളിയാഴ്ചയും
ഒരുപാട് നേരം
ഖുതുബ* കേട്ടിട്ടും ഒന്നും
പഠിക്കാതെ വന്നവഴി
പോകാൻ വിധിക്കപ്പെട്ടവരാണ്
അധികമാളുകളും!

ഓതുന്നവർ
ഓതിക്കൊണ്ടേയിരിക്കുന്നു,
കേൾക്കുന്നവർ
കേട്ടുകൊണ്ടേയിരിക്കുന്നു.

ആരും ഒന്നും
അറിയുന്നില്ല, അവർ
ആചാരങ്ങളുടെ അടിമകളാണ്!

അന്ധമായ
ഭാഷാ പ്രണയം അവരെ
ഇരുട്ടിൽ നിന്ന്
കൂരിരുട്ടിലേക്കാണ് നയിക്കുന്നത്!

പിന്നെ
എങ്ങനെയാണ്
സമുദായം വെളിച്ചം കാണുക?

----------------------
* പ്രസംഗം
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്