2017, ജനുവരി 20, വെള്ളിയാഴ്‌ച

സാക്ഷിമൊഴി!


സാക്ഷിമൊഴി!
============
കത്തികൾ
കൈമലർത്തി പറഞ്ഞു
ഞങ്ങൾ നിരപരാധികളാണെന്ന് .

കൊടികൾ
തല താഴ്ത്തി പഞ്ഞു
ഞങ്ങൾ കുററക്കാരല്ലെന്ന് .

അതുകേട്ട ഭൂമി
നെഞ്ചിൽ കൈവെച്ചു പറഞ്ഞു
രക്തത്തുളളികൾ സാക്ഷിയാണെന്ന് .

അപ്പോൾ സാക്ഷി
പറയുന്നതു കേൾക്കാൻ
ആർക്കും നേരമുണ്ടായിരുന്നില്ല!!
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

രണ്ട് കലാപങ്ങൾ!


രണ്ട് കലാപങ്ങൾ!
------------------
ഒന്നാം കലാപം
നമുക്ക്‌ മറക്കാം,
രണ്ടാം കലാപം
എന്നന്നും ഓർക്കാം.

കാരണം
അതാണ് സമൂഹ
മനസ്സാക്ഷിയുടെ തേട്ടം!

പിന്നെ
നീതി, അത്
തട്ടിപ്പറിച്ചായാലും
കട്ടെടുത്തായാലും
ഇഷ്ടക്കാർക്ക്
നൽകാനാണ് പൂതി!!!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

വിശ്വാസവും ജീവിതവും!


വിശ്വാസവും ജീവിതവും!
===================
ദൈവം തന്നെ
കണ്ടുകൊണ്ടിരിക്കുന്നു
എന്നാണ് വിശ്വാസം!

പക്ഷേ,
ജീവിതം കൊണ്ടവൻ
ദൈവത്തെ കാണുന്നില്ല!

മരണം തൻ്റെ
കൂടെയുണ്ടെന്നാണ് വിശ്വാസം
പക്ഷേ,
ഒരു പാട് അകലെയാണ്
മരണമെന്ന് വിളിച്ചോതുന്നതാണ്
അവൻ്റെ ജീവിതം!

വിശ്വാസം മലപോലെ
തലയിൽ ഉറച്ചു നിൽക്കുമ്പോഴും
ജീവിതം നൂലററ
പട്ടം പോലെ പറക്കുന്നു!!

അറിവുകൾ
വെറും ചവറുകളായാൽ
ജീവനെ സ്നേഹിക്കാത്തവൻ
ജഡത്തെ ആരാധിച്ചിടും.
~~~~~~~~~~~~~~~~
സുലൈമാൻ പെരുമുക്ക്

2017, ജനുവരി 19, വ്യാഴാഴ്‌ച

ഓർമയും കാഴ്ചയുംഓർമയും കാഴ്ചയും
<><><><><><><><><>
എനിക്കോർമയുണ്ട്,
എൻ്റെ ഉമ്മയോടൊപ്പം
ഒരുപാട് ഉമ്മമാർ
കൊയ്ത്തരിവാളെടുത്ത്
പുലരുന്നതിനു മുമ്പ്
മക്കളെ പോറ്റാൻ പാടത്തേക്ക്
ഓടിയിരുന്നത് .

ഇന്നവരൊക്കെ
പേരമക്കളെ പോറ്റാൻ
പുലരുന്നതിനു മുമ്പ്
ബാങ്കിൻ്റെ
മുറ്റത്തേക്കാണ് ഓടുന്നത്!
-----------------------------------
സുലൈമാൻ പെരുമുക്ക്

2017, ജനുവരി 18, ബുധനാഴ്‌ച

ഓ മാധ്യമമേ..  ഓ മാധ്യമമേ...
~~~~~~~~~~~~
നിനക്കിത്ര
അഹങ്കാരം
ആരാണ്‌ പഠിപ്പിച്ചത്‌?

നീ വെളിച്ചം
വീശുമ്പോള്‍
ചിലരുടെ നഗ്നതതെളിയുന്നു!

അശ്ലീലത
കാണുന്നതും
അത്‌ ചന്തയിലെത്തിക്കുന്നതും
നിന്റെ ധർമ്മമൊ?

നിന്റെ
ജനനത്തിനു മുമ്പ്‌
പ്രവചനക്കാരൊക്കെ പറഞ്ഞു
നീ പാപമാണെന്ന്‌.

എന്നിട്ടും
അവരുടെ അനുചരർ
ചെവികൊണ്ടതില്ല!

അവർ
നിന്നെത്തന്നെ വായിച്ചു
മന:പാഠമാക്കി,
പിന്നെയവർ കലഹിച്ചു,
തമ്മിലടിച്ചു പൊട്ടിത്തെറിച്ചു!

നേരിലൂടെ
നടന്നവരൊക്കെ
പിളർന്നതും തളർന്നതും
നിന്റെ വരികളിലൂടെയാണ്‌.

മലയാളത്തിന്റെ
മതവും രാഷ്ട്രീയവും
എന്നും ഒന്നിച്ച്‌, ഇരുട്ടിലിരുന്ന്‌
ഓതുന്നത്‌ നീ പാപമാണെന്നാണ്‌!

എന്നിട്ടും നീ
തലയുയർത്തി നടക്കുന്നത്‌കാണ്ട്‌ പലരും കയറെടുത്തിരിക്കുന്നു!

നിനക്കെതിരെ
തൊടുത്തുവിട്ട അമ്പുകള്‍
ദിശ തെറ്റിപ്പോയി!!

മാധ്യമമേ...
സത്യത്തില്‍ നീ
എന്തു കൈവിഷമാണ്‌
ഈ ജനത്തിനു നല്‍കുന്നത്‌?
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്കു്‌

അതിബുദ്ധികൾ?അതിബുദ്ധികൾ?
------------------
പ്രപഞ്ചത്തിലെ
വിത്ത് ,വേരുകളെടുത്ത് വാതോരാതെ
ഓതി നടക്കുന്നവർ
ചില സത്യങ്ങളോട്
കനത്ത മൗനത്തിലായിരുന്നു!

ചില
മൗനങ്ങൾ
ഇടിത്തീ പോലെ
സ്വന്തം തലയിൽ തന്നെ
വന്നു വീഴുമെന്നതാണ് സത്യം .

ചിലരെ
തീവ്രവാദികളായി
ചിത്രീകരിച്ച്
തല്ലിച്ചതക്കുമ്പോൾ
നോക്കി നിന്നതും മൗനം
ദീക്ഷിച്ചതും മനസ്സിൽ
ചിരിച്ചിരിച്ചതും ചിലർ
ചെയ്ത തെറ്റാണെന്നത്
ഇന്ന് തിരിച്ചറിയുന്നുണ്ട്.

കാലം
ഒന്നിനും
കണക്കു പറയാതിരിക്കില്ല!

ഊപ്പയ്ക്ക (uapa)
സ്വാഗത ഗാനം പാടിയവർ
ഇന്ന് ശാപ പ്രാർത്ഥനയിലാണ്!!

ഞങ്ങളല്ലാത്തവരൊക്കെ
തീവ്രവാദികളാണെന്ന്
ആണയിട്ടു പാടിനടന്നവരുടെ
നേരെയും ഊപ്പയുടെ
നിഴൽ നീളുന്നു!

നല്ല മതേതരക്കാരുടെ
കളിത്തൊട്ടിലിൽ കിടക്കുമ്പോഴും
ഇന്ന് ഉറക്കംവരുന്നില്ല!*

വിശന്നലയുന്ന
യുദ്ധമൃഗം
വളർത്തച്ഛനേയും
വകവരുത്തും.

അനീതിക്കെതിരെ
ശബ്ദിക്കാത്തവൻ
ഊമയായ പിശാചാണെന്നത്
ആദ്യം പഠിപ്പിക്കേണ്ടത്
പണ്ഡിതൻമാരെയാണ്!!!

അവർ
പ്രവാചകൻ്റെ
പട്ടിണിയും ദാരിദ്ര്യവും
ലാളിത്യവും പാടിപ്പാടി
പണക്കാരാവുന്ന കൗതുക
കാഴ്ചയാണ് ഇന്ന് കാണുന്നത്!!!

------------------------------
* ഇത് എൻ്റെ നാട് എന്നു പറയുന്നതിൽ ശരിയുണ്ടെങ്കിലും
ഇത് നമ്മുടെ നാട് എന്നു പറയുന്നതാണ് കൂടുതൽ ശരി.
ആ ശബ്ദമാണ് ഇവിടെ ഉയർന്നു
വരേണ്ടത് .
~~~~~~~~~~~~~~~~~~~~~
സുലൈമാൻ പെരുമുക്ക്

അമ്പത്‌ ദിവസം?...   അമ്പത്‌ ദിവസം?...
<><><><><><><><><>
വെറും അമ്പത്‌
ദിവസംകൊണ്ട്‌
ഈ പാടത്തയാള്‍ പൊന്ന്‌
വിളയിക്കുമെന്നാണ്‌ പറഞ്ഞത്‌!

അതു കേട്ട്‌
അന്ന്‌ മണ്ണുപോലും
പൊട്ടിച്ചിരിച്ചു!

പിന്നെയുള്ള നാളുകളിൽ
നാട്‌
നരകാഗ്നിപോലെ
കത്തുമ്പോള്‍ അയാള്‍
വീണ വായിക്കുകയായിരുന്നു.

കഷ്ടം,വാക്കിന്‌
പഴയ ചാക്കിന്റെ
വിലപോലുമില്ലെന്ന്‌
സ്വയം തിരിച്ചറിഞ്ഞപ്പോള്‍ സ്വപ്‌നത്തില്‍ അയാള്‍ കയറെടുത്തു.

അപ്പോള്‍
കയറു പറഞ്ഞു:
നിന്റെ കഴുത്തില്‍ കുരുങ്ങാന്‍
എനിക്ക്‌ ലജ്ജയുണ്ടെന്ന്‌!

പിന്നെ
അയാള്‍ കണ്ട
വഴികളൊക്കെ അയാളെ
പരിഹസിച്ചു.

അയാള്‍
നോക്കിനില്‍ക്കെ
പാളം തെറ്റിപ്പോയ ട്രൈനും
കൂക്കിവിളിച്ചു.

അവസാനം
അയാള്‍ കടലിലേക്ക്‌
എടുത്തു ചാടി,
അപ്പോള്‍ കടലൊരു മരുഭൂമിയായി!!
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

വിപത്ത്‌*    വിപത്ത്‌*
  ~~~~~~~~

മദ്യം
കുടിക്കുന്നു
മത്തു പിടിക്കുന്നു
മാലോകരെ തിരിച്ചറിയാതിരിക്കുന്നു.

എന്നും കുടിക്കുന്നു
എല്ലാം നശിക്കുന്നു
തകരുന്ന ജീനിതം
സാക്ഷിയായ്‌ നില്‍ക്കുന്നു.

വിയർപ്പിന്റെ
വിലനല്‍കി വ്യാധികള്‍
വാങ്ങുന്നു,വേദന കുടിയന്റെ
സമ്പാദ്യമാകുന്നു!

കുടിയന്റെ വീട്ടിലെ
ചുമരുകള്‍ പാടുന്നു
വേദനകള്‍ തിങ്ങുന്ന
ഒരുപാട്‌ ഗാനം.

അമ്മയും പെങ്ങളും
പെണ്‍മക്കളും ഒക്കെ
മത്തുപിടിച്ചോർക്ക്‌ പെണ്‍പിറപ്പ്‌,
വെറും പെണ്‍പിറപ്പ്‌!

വേദനകള്‍ മത്രം
വേദനകള്‍ മാത്രം
മദ്യം വിതയ്‌ക്കുവത്‌
വേദനകള്‍ മാത്രം.

മദ്യം
വിളമ്പുന്ന
രാജാക്കന്‍മാർക്ക്‌
അധികാരി വർഗം
തണലായി നില്‍ക്കും!

അധികാരി
വർഗത്തിനെന്നും
വലം കൈയില്‍ മാഫിയകള്‍
നല്‍കുന്നു വിത്തം കനത്തില്‍!!

മദ്യം
കുടിക്കുന്നു
മത്തുപിടിക്കുന്നു
മാലോകരെ —
തിരിച്ചറിയാതിരിക്കുന്നു.
~~~~~~~~~~~~~~~~~~
*ഓരോ ആഘോഷ നാളിലും
പുതിയ കുടിയന്‍മാർ
പടികടന്നെത്തുന്നുണ്ട്‌.
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

ഒരു സത്യം!


ഒരു സത്യം!
-----------
തനിക്കു വേണ്ടിയുള്ള
ശവപ്പെട്ടി
ഒരുങ്ങിയിരിപ്പുണ്ടെന്നത്
എല്ലാവർക്കും അറിയാം.

എന്നിട്ടുo
ഒരിക്കലും മരിക്കില്ലെന്ന
അഹങ്കാരത്തോടെയാണ് നടക്കുന്നത്!

എല്ലാവരും
കൊതിക്കുന്നത് സ്വർഗമാണ്
എന്നിട്ടും
അതിവേഗം ഓടുന്നത്
നരകത്തിലേക്കാണ്!

<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

ഇതൊ പണ്ഡിതർ?ഇതൊ പണ്ഡിതർ?
<><><><><><><><
അവർ
പ്രവാചകൻ്റെ
പട്ടിണിയും ദാരിദ്ര്യവും
ലാളിത്യവും ഓതിയോതി
പണക്കാരാവുന്ന കാഴ്ചയാണ്
ലോകം കാണുന്നത്!

മണിയറയിലേയും
മണ്ണറയിലേയും
ആദ്യ രാത്രികൾ പാടൻ
ലക്ഷങ്ങൾ തന്നെ വേണം!!

കാരണം
വേദവാക്യങ്ങളെ
തുച്ചമായ വിലയ്ക്ക്
വിൽക്കരുതെന്ന ദൈവ കല്പനയെ അവർ ആരാധിക്കുന്നു!!

സ്വർണത്തിൽ പൊതിഞ്ഞ മിനാരങ്ങൾ ഉയരുമ്പോൾ
പാവങ്ങളെ ഇവർ
വിധിയിൽ കുഴിച്ചുമൂടുന്നു!

തിരു വെളിച്ചത്തെ
കൂരിരുട്ടാക്കുന്ന ഇന്ദ്രജാലക്കാരാണിവർ!

അവരുടെ
കൈകളിൽ കിടക്കുന്നവർ
ഇന്നും
അഴുക്കുചാലിലാണ്.

ഓരോ
പ്രഭാത വാർത്തയും
അതാണ് വിളിച്ചോതുന്നത്!

കച്ചവട
വൽക്കരിക്കപ്പെട്ട
ആത്മീയതയുടെ കൊയ്ത്തുകാലമാണിന്ന്,
അതാണ് മണ്ണിലെ
മൂർച്ചയുള്ള ശാപവും.

അത്
തിരിച്ചറിഞ്ഞവർ
ഉണർന്നെണീക്കട്ടേ...
---------------------------
സുലൈമാൻ പെരുമുക്ക്

ഇതാണ്‌ ഞാന്‍...    ഇതാണ്‌ ഞാന്‍...
<><><><><><><><>
ഞാന്‍
വർഗീയവാദിയല്ല;
പക്ഷേ,എന്റെ
വർഗത്തിന്റെ എല്ലാം
ശരിയാണ്‌.

ഞാന്‍
തീവ്രവാദിയല്ല;
പക്ഷേ, എന്റെ
സംഘടന ചിന്തിയതെല്ലാം
വിശുദ്ധ രക്തമാണ്‌.

ഞാന്‍
നീതിക്കുവേണ്ടി
മാത്രമാണ്‌ പൊരുതുന്നത്‌;
പക്ഷേ,അത്‌
എന്റെ ചേർച്ചക്കാർക്കു*
വേണ്ടി മാത്രമായിരിക്കും!

ഇതാണ്‌
ഞാനെങ്കില്‍
നിങ്ങളുടെ വിധി
എന്തായിരിക്കും???

.....എങ്കില്‍
ഇത്‌
നിങ്ങളാണെങ്കിലൊ???
~~~~~~~~~~~~~~~~
* നിയമം നിയമത്തിൻ്റെ
വഴിയൽ നീങ്ങട്ടേയെന്നായിരുന്നു
ഇന്നോളമുള്ള മുദ്രാവാക്യം. ഇന്ന്
സ്വന്തക്കാരുടെ നേരെ നീരാളി
കളുടെ കൈകൾ നീണ്ടപ്പോൾ അത് തിരുത്തി... ഇന്ന് എല്ലാവരും
ഉറക്കെ പറയണo നിയമം നീതി
യുടെ വഴിയിൽ പോകണമെന്ന്!
------------------------ ------
സുലൈമാന്‍ പെരുമുക്ക്‌

മരണവീട്‌   മരണവീട്‌
  <><><><><>
കഴിഞ്ഞ ആഴ്‌ച
മാതാവിന്റെ മരുന്നിന്റെ
കണക്കുപറഞ്ഞാണ്‌
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്‌!

ആഴ്‌ച വട്ടം കറങ്ങിയെത്തിയപ്പോള്‍
മാതാവ്‌ മരണക്കയത്തിലേക്ക്‌
വഴുതിവീണു!!

പിന്നെയവിടെ
ആത്മീയതയുടെ
കള്ളക്കളികളാണ്‌ ആടിയത്‌!!!

കബറടക്കം
കഴിഞ്ഞപ്പോള്‍
വീടകം;ഹൈപ്പർമാർക്കറ്റായി.

പഴക്കുലകളും
പലഹാരങ്ങളും
അലുവക്കെട്ടുകളും വന്നുകൂടി.

ഇരുണ്ട
ആത്മീയത താളത്തില്‍
തുള്ളിച്ചാടി!!

പൗരോഹിത്ത്യത്തിന്റെ
ഛർദ്ദിലെന്നും കണ്ണടച്ചു
വിഴുങ്ങാന്‍ വിധിക്കപ്പെട്ട
ഒരു ജനതയുടെ ഗതിയാണിത്‌!

പുരോഹിതരെങ്ങനെ
കറക്കിക്കുത്തിയാലും
കിലുക്കിക്കുത്തിയാല
അന്തിമ വിജയം അവർക്കാണ്‌.

മുതല്‍
മുടക്കില്ലാതെ
ഭൂമിയിലെന്നും
ലാഭം കൊയ്യുന്നത്‌
ഇരുണ്ട ആത്മീയതയാണ്‌,
അതിന്റെ
മുതലാളിമാർ എന്നെന്നും
പുരോഹിതരുമാണ്‌!!!
~~~~~~~~~~~~~~~~
സൂലൈമാന്‍ പെരുമുക്ക്‌

2017, ജനുവരി 17, ചൊവ്വാഴ്ച

മഹായാത്ര?

മഹായാത്ര?
-------------
മണ്ണിലേക്ക്
യാത്ര പോയവരൊന്നും
തിരിച്ചു വരുന്നില്ല!

ചിലർ പറയുന്നു
അവർക്കവിടെ സുഖമാണ്,
അതാണ് തിരിച്ചു വരാത്തതെന്ന്.

മറ്റു ചിലർ
പറയുന്നു അവർ അവിടെ
കുടുങ്ങിപ്പോയെന്ന്!

ഞാൻ പറയുന്നു
അവർ ആരയൊ
തേടിപ്പോയതാണ്,
കണ്ടിട്ടില്ല;അതിനാൽ
യാത്ര തുടരുന്നു.
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

നമ്മള്‍!     നമ്മള്‍!
  ~~~~~~~~
നമ്മള്‍ മണ്ണിന്റെ
സത്തില്‍നിന്ന്‌
ജന്‍മമെടുത്തു!

ചിലർ
വലംവെച്ചു നടന്നു
ചിലർ ഇടംവെച്ചു നടന്നു.

വെളുത്ത
സ്വപ്‌നങ്ങളും
കറുത്ത സ്വപ്‌നങ്ങളും
സ്വന്തം കൈൾകൊണ്ട്‌ നെയ്‌തു!

ജീവിതത്തിന്റെ
സൂര്യന്‍ അസ്‌തമിച്ചപ്പോള്‍
മണ്ണ്‌ മാടിവിളിച്ചു!

ഇനിയെന്ത്‌
എന്ന ചോദ്യത്തിന്‌
ഒരുപാട്‌ ഉത്തരങ്ങളുണ്ടിവിടെ!
<><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌