2016, ഡിസംബർ 9, വെള്ളിയാഴ്‌ച

രക്തത്തിന്റെ നിറം?



   രക്തത്തിന്റെ നിറം?
~~~~~~~~~~~~~~~
രക്തത്തിന്റെ നിറം
കൊടികളളക്കുന്നത്‌
പലവിധമാണ്‌.

എല്ലാ
രക്തത്തിനും
ഒരേ നിറമാണെന്ന്‌
ഓതുമ്പോഴും ചിലർ
ഉള്‍ക്കണ്ണുകൊണ്ട്‌ ചിഹ്നങ്ങളെ
തേടുകയാണ്‌!!

ചുവപ്പുകണ്ട
കാളയെപ്പോലെയാണ്‌
പലർക്കും പച്ചപ്പുകണ്ടാല്‍!!!

കുങ്കുമവർണ്ണം
പച്ചയെ മൂടുമ്പോള്‍
ചുവന്ന ഹൃദയങ്ങള്‍
മൗനദാഹത്തിലാണ്‌.

*പീസ്‌ സ്‌കൂളിന്റെ
വഴിയില്‍ തുള്ളിച്ചാടിയവർ
**വിദ്യനികേതന്റെ വഴിയിലെ
കരിംഭൂതങ്ങളെ കണ്ടപ്പോള്‍
വിറച്ചുപോയൊ???

ചുവപ്പില്‍നിന്ന്‌
കാവിയിലേക്കും
കാവിയില്‍നിന്ന്‌
ചുവപ്പിലേക്കും ചേക്കേറുന്നതിന്റെ രഹസ്യം
പാടാനൊരു പാണന്‍ വരുമൊ?

എല്ലാ
രക്തത്തിനും
ഒരേനിറമെന്ന പ്രാപഞ്ചി സത്യം
ആർക്കും ആലങ്കാരികമായി
പാടാനുള്ളതല്ല!!!

നേരിന്റെ
വിധിയെഴുതാന്‍
കാലം മടിച്ചിരിക്കില്ല.

എല്ലാ
ആലങ്കാരിക വാദികളും
സ്വന്തം അഹങ്കാരത്തിന്റെ
ചുഴിയില്‍ അകപ്പെടുമെന്നതും
ഒരു പ്രാപഞ്ചിക സത്യമാണ്‌!!!
~~~~~~~~~~~~~~~~~~~~
*പീസ്‌ സ്‌കൂളില്‍ വർഗീയത
വിളമ്പുന്നുവെന്നാണ്‌ വാർത്ത!!
**വദ്യാനികേതനില്‍ മതം മാറു
ന്നവരെ എങ്ങനെ കൊല്ലാമെന്നു
പഠിപ്പിച്ചു, അതിന്റെ ഇരയാണ്‌
ഫൈസല്‍ എന്നതും വാർത്ത!!

<><><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

മൂകരായ ജനത!


    മൂകരായ ജനത!
<><><><><><><><><>
നമ്മള്‍
ജീവിക്കുന്നത്‌‌
ദുസ്സ്വപ്‌നങ്ങളുടെ
ലോകത്തല്ല—

പേ പിടിച്ച
ചിന്തകളൊരുക്കിയ
തുറന്ന ജയിലിലാണ്‌!!

കേള്‍ക്കാന്‍
രസമുള്ള വാക്കുകള്‍
നീട്ടിയപ്പോള്‍
പ്രണയമയത്തോടെ നമ്മളത്‌
നെഞ്ചില്‍ പതിച്ചു!!

കാമുകന്റെ
കൈയില്‍നിന്ന്‌
അറിഞ്ഞുകൊണ്ട്‌ വിഷം
വാങ്ങിക്കുടിച്ച മണ്ടിപ്പെണ്ണിനെ
നമ്മളും അനുകരിച്ചു!!!

അവസാനം
മുള്‍ച്ചങ്ങല തന്നുകൊണ്ട്‌
അവർ പറഞ്ഞു ഇത്‌
ആഭരണമാണെന്ന്‌!!!

ഭക്തിനമ്ര
മനസ്‌കരായി നാം—
സ്വയം വരിഞ്ഞു മുറുക്കി.

എന്നും
ഉയർത്തിപ്പിടിക്കേണ്ട
കൈകള്‍ ഇന്ന്‌ നീട്ടാനുള്ള
സ്വാതന്ത്യ്രവും നമുക്ക്‌ നഷ്ടമായി.

പ്രതിപക്ഷത്ത്‌
കഴുതകളെങ്കിലും
ഉണ്ടായിരുന്നെങ്കില്‍
അവയുടെ അലർച്ചകേട്ട്‌
പിശാചുക്കള്‍ ഓടി ഒളിച്ചേനെ!!!
~~~~~~~~~~~~~~~~~~~~~
_____________________________
സുലൈമാന്‍ പെരുമുക്ക്


2016, ഡിസംബർ 6, ചൊവ്വാഴ്ച

ഈമഴ!



   ഈമഴ!
~~~~~~~
ഈ പെയ്‌തു
കൊണ്ടിരിക്കുന്നതിനെ
എല്ലാവരും മഴയെന്നു വിളിക്കുന്നു!

പക്ഷേ,
എനിക്കറിയാം
അത്‌ മഴയല്ലെന്ന്‌,
പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ
കണ്ണീരാണത്‌!!

സ്വന്തം
കരങ്ങളൊരുക്കുന്ന
വികൃതികൊണ്ടാണിന്ന്‌
പ്രകൃതി താളംതെറ്റുന്നത്‌.

അത്‌
പറയാനും
പഠിക്കാനും ഇവിടെ
നേരമില്ല!

കുടി
വെള്ളത്തെകുറിച്ച്‌
ചിന്തിക്കുന്നതല്ല
ഇന്നത്തെ ബുദ്ധി—

ശത്രുവിന്റെ ചുടുരക്തം
എങ്ങനെ ശുദ്ധിചെയ്‌തു
കുടിക്കാമെന്ന‌
പുതിയ പഠനമാണിന്ന്
നടക്കുന്നത്!!!
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്


2016, ഡിസംബർ 5, തിങ്കളാഴ്‌ച

തമിഴമ്മ....



     തമിഴമ്മ....
  ~~~~~~~~~~
ജീവിക്കേണ്ടവർ
മരിക്കുന്നതും മരിക്കേണ്ടവർ
അഹങ്കാരത്തില്‍ ജീവിക്കുന്നതും
കാണുമ്പോള്‍
ചിലരൊക്കെ കരയും!

ആ അമ്മ
മക്കള്‍ക്ക്‌ നല്‍കിയ
അനുഗ്രഹങ്ങള്‍,
ഇവിടെ വെറുതെ
പറയാന്‍ പോലും മടിക്കുന്ന
അധികാരികളെയാണ്‌ കാണുന്നത്‌!

അർദ്ദ രാത്രിയിൽ
വിളിച്ചുണർത്തി പ്രജകളോട്
യാചനക്കിറങ്ങാൻ പറഞ്ഞ
രാജാവിനും അമ്മയിൽ
നല്ല പാഠമുണ്ട് !!!

ആ മക്കളുടെ സങ്കടം
കരഞ്ഞു തീർക്കട്ടെ,
അവർക്കുള്ള വേദന
ആർക്കാണുള്ളത്‌?

അമ്മ
ആരെയും പെററിട്ടില്ല,
എങ്കിലും എല്ലാവരും അവരെ
അമ്മേയെന്നു വിളിച്ചു!!!

അത്,
ആത്മീയത മൂത്ത
ഭ്രാന്തിൽനിന്ന് ഉയർന്ന വിളിയല്ല, -
സ്നേഹത്തിൻ്റെ തണലിൽനിന്ന്
ഉയർന്ന വിളിയാണ് !!!

നല്ലവരെന്നും
നെഞ്ചിലെ നിലാവിൽ
ജീവിച്ചിരിക്കും!!!

നെറികെട്ടവർ
ആമാശയം തലയിലേറ്റി
ജീവിക്കുന്നു,അവസാനം
അമേധ്യത്തിലെ പുഴുവായരിക്കുന്നു!!!
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌