2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച
   വെയ്‌സ്‌റ്റ്‌
—————

തുള്ളക്കഥയില്‍
പലതുംപറയും
എന്നോടാർക്കും
പരിഭവമരുതേ

പട്ടണനടുവില്‍
നെക്ഷത്രങ്ങള്‍ അഞ്ചുംചേർന്നൊരു
പാചകശാല—

സ്വപ്‌നം കണ്ടവർ
ഒന്നിച്ചപ്പോള്‍
മിന്നല്‍ വേകതയില്‍
ഉയർന്നല്ലൊ.

കണ്ടവർ ,കണ്ടവർ
ആശംസിച്ചു
പലവിതസ്വപ്‌നം
കണ്ടുരസിച്ചു

തുള്ളക്കഥയില്‍
പലതും പലതും പറയും
എന്നോടാർക്കു പരിഭവമരുതേ

വീടകം വിട്ടാല്‍
നല്ലൊരുവീട്‌
പട്ടണ നടുവില്‍
കണ്ടുമഹാന്‍മാർ

പ്രേയസിയാളുടെ
പ്രാകൃതഭാവം കണ്ടാല്‍ലിനി പേടിക്കുവതെന്തിന്‌?

പെടുന്നനെ വീട്ടില്‍
കയറിവരുന്ന
അതിഥിയെ ഓർത്ത്‌
ഭയപ്പെട വേണ്ടാ

അങ്ങനെ പലവിധ
മേന്‍മകള്‍ കണ്ടു
ജനസാഗരമങ്ങൊഴുകുകയായി

ഒഴുകുകയായി
ആശംസകള്‌
ഒഴുകുകയായി
നോട്ടിന്‍കെട്ടുകള്‍

തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും
പരിഭവമരുതേ

നാളുകള്‍ നീങ്ങീ
നാളുകള്‍ നീങ്ങീ
പാചകശാല അടിപൊളിയായി

പരിസരവാസികള്‍
ഏറേപേരും
പാചകശാലക്കടിമകളായി

പാചകശാലയില്‍
പെരുകിവരുന്ന
വെയ്‌സ്‌റ്റുകള്‍ കൊട്ടാന്‍
സ്ഥലമില്ലാതായ്‌

മാഹാരുചിയുണ്ടുഉറങ്ങി
യുണർന്നവർ കണ്ടത്‌
തെരുവില്‍ മാലിന്യങ്ങള്‍

ആളുകളൊക്കെ
ഓടിനടന്നു
തെളിവുകള്‍ കണ്ടു
ഞെട്ടിയിരുന്നു

പരിസ്ഥിതി വാദികള്‍
കൂടിനടത്ത്‌ണ
ഹോട്ടലില്‍ നിന്നും
ഒഴുകിയതാണിത്‌

അയ്യേ, അയ്യേ
എന്നും ചൊല്ലി
ജനമൊന്നാകെ
ഇളകിമറിഞ്ഞു.

മാലിന്യവുമായ്‌
വന്നാവിരുതന്‍
അന്നേരം
പൊളിവചനം ചൊല്ലി

വളമാണ്‌ ഇത്‌ വളമാണ്‌
പരിസരം പച്ചപിടിച്ചീടും.
തുള്ളക്കഥയില്‍
പലതും പറയും
എന്നോടാർക്കും പരിഭവമരുതേ.
————————————
  സുലൈമാന്‍ പെരുമുക്ക്‌ഇവിടം സ്വർഗമായിടും


   ഇവിടം സ്വർഗമായിടും
  <><><><><><><><><>
ആരൊക്കെ
വാളെടുത്ത്‌
തുള്ളിയാലും
ഞാന്‍ ഉറക്കെ പറയും
ലോകത്തിന്റെ മോചനം
സമാധാനത്തിലൂടെയാണെന്ന്‌.

നന്‍മകൊണ്ട്‌
തിന്‍മയെ പ്രതിരോധിക്കുക—
എങ്കില്‍ നിന്റെ ശത്രു
മിത്രമായിടുമെന്ന വേദവാക്യം
നമുക്ക്‌ നെഞ്ചിലെഴുതി വെക്കാം.

വേദമോതുന്നത്‌
പോത്തിനോടാണെങ്കില്‍*
ഇനി നമുക്ക്‌
പോത്തിന്റെ ഭാഷയിലോതാം,
പോത്തും മനുഷ്യനോട്‌
ഇണങ്ങുന്ന ജീവിയാണ്‌.

കാട്ടില്‍വെച്ചു
കണ്ടാലും "കരിമൂർഖനെ'
കല്ലെറിഞ്ഞു കൊല്ലുന്നതാണ്‌
പുണ്യമെന്ന ചിന്ത മറക്കണം—

പകരം,പാമ്പും
പ്രകൃതിയുടെ
സന്തുലനമാണെന്നോതുന്ന
ബാബാസുരേഷിനു
നമുക്ക്‌ പഠിക്കാം.

സാങ്കല്‍പിക
ശത്രുവിന്റെ ചിത്രംവരച്ച്‌
ചോരചിന്തുന്നവരെ
അധികാരികള്‍ തളച്ചിടുമ്പോള്‍**
ഇവിടം സ്വർഗമായിടും

എങ്കില്‍
മണ്ണിലെങ്ങും
പൂക്കള്‍ വിരിയും
മാനത്തെന്നും
താരകള്‍ തെളിയും.
~~~~~~~~~~~~~~~~~
*വെട്ടാന്‍ വരുന്ന പോത്തിനോട്‌
വേദമോതിയിട്ട്‌ കാര്യമില്ലെന്ന
ചൊല്ല്‌ ഒന്ന്‌ തിരുത്തിനോക്കാം.

**ജനം കൊമ്പുകോർക്കുന്നതു
കണ്ടു രസിക്കുന്നത്‌ നല്ല അധികാ
രികളുടെ ലക്ഷണമല്ല.നാടിന്റെ
നന്‍മക്കായി അവർ ഉണർന്നിരിക്കട്ടെ....
————————————
  സുലൈമാന്‍ പെരുമുക്ക്‌

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഉറക്കെ പറയുക

ഉറക്കെ പറയുക
  <><><><><><><>

സമയമായിരിക്കുന്നു
സഹൃദയരെ,
ഉണരുക ഉറക്കെപറയുക.

വർഗീയ വാദികളേ
അടങ്ങിയിരിക്കുക
തീവ്രവാദികളേ
ചിലയ്‌ക്കാതിരിക്കുക

ഭരണകൂടമേ
ഉണർന്നിരിക്കുക,
നീതിക്കുവേണ്ടി
നിവർന്നു നില്‍ക്കുക.

വിഷപ്പാമ്പുകളോട്‌
മകിടിയൂതാതെ
നമുക്ക്‌ പറയാം

വർഗീയ വാദികളുടെ
കാവലില്ലെങ്കിലും ഹിന്ദു
ഇവിടെ ജീവിക്കും
തീവ്രവാദികളുടെ
തലയണയില്ലെങ്കിലും
മുസല്‍മാനിവിടെ ഉറങ്ങും

യുദ്ധമൃഗങ്ങളെ
മെരുക്കാന്‍ കരുത്തുള്ള
അധികാരികള്‍ക്കാ
ണഭിനന്ദനങ്ങള്‍...

നമുക്ക്‌
ജയിക്കണം
അതേ, നമുക്ക്‌തന്നെ
ജയിക്കണം.

വിഷപ്പാമ്പുകളൊക്കെ
മാളത്തിലേക്ക്‌
മടങ്ങുന്നതുകണ്ട്‌
നമുക്ക്‌ പൊട്ടിച്ചിരിക്കാം!

ഇല്ലെങ്കില്‍
പിന്നെയെന്തിന്‌
ഒരു ഭരണകൂടമിവിടെ?
**************************
 സുലൈമാന്‍ പെരുമുക്ക്‌

മതേതര മനസ്സേ...

മതേതരമനസ്സേ...
 ~~~~~~~~~~~~~

തന്തോന്നിത്തം
തന്ത്രമെന്നു
ചൊല്ലുന്നവർ തല
പണയം വെച്ചിരിക്കുന്നത്‌
ആയുധപ്പുരകളിലാണ്‌

കൂരിരുട്ടില്‍ നിന്നവർ
പകല്‍വെളിച്ചത്തിലേക്ക്‌
ഇറങ്ങിവന്നിരിക്കുന്നു

പട്ടണങ്ങളുടെ
നടുത്തളത്തില്‍ നിന്ന്‌
വർഗീയവാദികളും
തീവ്രവാദികളും
പോർവിളികളാണ്‌ മുഴക്കുന്നത്‌

രക്ഷകരായി
ചമഞ്ഞെത്തിയവരെ
ആട്ടിയോടിച്ചില്ലെങ്കില്‍
കുടിക്കുന്നതൊക്കയും
കൈപ്പുരസമായിരിക്കും

പരസ്യമയി
തള്ളിപ്പറഞ്ഞ് രഹസ്യമായി
ചുംബിക്കുന്നവരെ
ജനം കണ്ടറിയണം

മതത്തിനപ്പുറം
മതംതന്നെ പഠിപ്പിക്കുന്ന
ഒരു മതേതരമനസ്സ്‌
ഇവിടെ ഉണരട്ടേ

പൊട്ടിത്തെറിക്കാനുള്ള
മനസ്സല്ല നമുക്ക്‌വേണ്ടത്‌,
കെട്ടിപ്പിടിക്കാനുള്ള മനസ്സാണ്‌
നമുക്കു ചേർന്നത്‌.

സ്‌നേഹം
പങ്കുവെക്കുന്ന
കാഴ്‌ചകണ്ട്‌ ഭീകരർ
വഴിതെറ്റി പോകട്ടെ.
========================
 സുലൈമാന്‍ പെരുമുക്ക്‌