2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

സ്വാഗതo        സ്വാഗതം *
      —————

നിങ്ങള്‍
വന്നതെന്തിനെന്ന്‌
എനിക്കറിയാം,
എന്നെ കൊല്ലാനാണ്‌.

നിങ്ങള്‍
എന്തിനാണ്‌
എന്നെ കൊല്ലുന്നതെന്ന്‌
നിങ്ങള്‍ക്കറിയില്ല
കാരണം നിങ്ങള്‍
വാടകക്കൊലയാളികളാണ്‌

ഒരുപാട്‌
മരങ്ങള്‍ നിങ്ങള്‍
വെട്ടിമുറിച്ചു
ഒരുമരംപോലും
നിങ്ങള്‍
നട്ടുവളർത്തിയില്ല

ഇനി ഈ
കൊടും ചൂടില്‍
നിങ്ങള്‍ എവിടെയാണ്‌
വിശ്രമിക്കുക?

ചിരിച്ചുകൊണ്ട്‌
ഞാനൊന്ന് പറയട്ടെ,
അതിഭീകരത നിങ്ങൾ
നെഞ്ചിലേററുമ്പോഴും
മതങ്ങളുടെ ചിഹ്നങ്ങൾ
നിങ്ങളിൽ ഞാൻ കാണുന്നു.

ഇന്നും
ഇന്നലെയും
മിനിയാന്നും
രാജ്യസ്നേഹം പാടി
മൽസരിക്കുന്നവർക്കിടയിൽ
നിങ്ങളെ ഞാൻ കണ്ടതാണ്

സത്യത്തിൽ
ഭീകര ജന്മങ്ങൾ
കലക്കിത്തന്ന കറുപ്പ്
കുടിച്ചു വന്നവരാണ് നിങ്ങൾ

ഭൂമിദേവിയുടെ
തിരുമുഖം ഇനിയും
നിങ്ങൾ വികൃതമാക്കുന്നുവോ?

വരിക,
സ്വാഗതം
ഒരുപാട് ഒരുപാട് സ്വാഗതം.
...............................................
*കൽ ബുർഗിയേയും
പൻസാരയേയും ഓർത്ത്‌
എഴുതിയത്.
———————————
 സുലൈമാന്‍ പെരുമുക്ക്‌

വരുന്നൂ വിപ്ലവകാരികൾ


വരുന്നൂ വിപ്ലവകാരികള്‍
**************************
ഇന്നത്തെ
വിപ്ലവകാരികള്‍
എന്നോ മരിച്ചിരിക്കുന്നു

പണ്ടത്തെ
വിപ്ലവകാരികള്‍
ഇന്നിതാ പുനർജനിച്ചിരിക്കുന്നു

അങ്ങകലെ
അതാ തുർക്കിയില്‍,
ഇനിവിടെ
ഇതാ ഗുജറാത്തിന്റെമുറ്റത്ത്‌.

ജീവനുള്ള
മനുഷ്യരേ നിങ്ങള്‍ക്ക്‌
വിപ്ലവാഭിവാദ്യങ്ങള്‍.

നെഞ്ചിലെ
ചങ്ങലയാണ്‌ നിങ്ങള്‍ പൊട്ടിച്ചെറിഞ്ഞത്‌

കള്ളച്ചിരികള്‍ക്കും
പൊള്ള വാഗ്‌ദാനങ്ങള്‍ക്കും
നേരെയാണു നിങ്ങള്‍
കൈകള്‍ ചൂണ്ടിയത്‌

വിപ്ലവം
വെറുതെ പൂക്കുന്നതല്ല
വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍
കൊയ്യുന്നതാണത്‌.

അതെ ,നിങ്ങൾ
നവയുഗത്തിൻ്റെ
തേരാളികൾ.

അലക്കുകാരൻ്റെ
പിൻമുറക്കാർ
എന്നന്നും അലക്കാൻ
വിധിക്കപ്പെട്ടവരല്ല

തോട്ടിപ്പണിക്കാരൻ്റെ
തലമുറകളെന്നും
തോട്ടിപ്പണിക്കാരനാവാൻ
ആരാണ് വിധിച്ചത്?

ഉണരൂ
എഴുന്നേൽക്കൂ.....
നീതിക്കുവേണ്ടി പൊരുതൂ.
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌