സക്കാത്ത്
സക്കാത്ത്
——————
സക്കാത്ത്,
അത് അടച്ചുവെച്ച
അദ്ധ്യായമാണ്.
ഇനിയൊരിക്കലും
തുറക്കരുതെന്ന
പ്രാർത്ഥനകൊണ്ടത്
കുരുക്കിട്ടിരിക്കുന്നു
പണ്ഡിതർ പണ്ടേ
പറയാന്‍ മടിച്ചതും
പണക്കാർ ഇന്നും
കേള്‍ക്കാന്‍ മടിക്കുന്നതും
പാവപ്പെട്ടവന്റെ ഈ അവകാശത്തെയാണ്
സമ്പന്നർ
മരിച്ചെന്നുറപ്പെത്തുമ്പോള്‍
സക്കാത്ത് സക്കാത്ത് എന്ന്
ഉച്ചത്തിലോതാനാണ്
ഇവിടെ പഠിപ്പിച്ചത്
മതം പരത്തിയത്
പാവങ്ങളെ
തെളിഞ്ഞുകാണുന്ന
വെളിച്ചമായിരുന്നു
ഇന്ന്
മതമാഫിയകള്‍
പരത്തുന്നത്
പാവങ്ങളെ കാണാത്ത
കറുത്ത വെളിച്ചമാണ്
മരിച്ചവനെ
കുഴിച്ചുമൂടാന്‍
ഗതിയില്ലാത്തവനോട്
വിധിയാണെന്നു ചൊല്ലാന്‍
ആയിരം നാവുള്ള
പണ്ഡിതരുണ്ടിവിടെ
അവർ
അരനാവുകൊണ്ടെങ്കിലും
കണ്ണീർതുടക്കാന്‍
സക്കാത്തെടുക്കുവെന്നോതുകില്‍
നാട് സ്വർഗമായേനെ
എങ്കില്‍ ഇസ്‌ലാം
വെളിച്ചമാണെന്നും
ഈ വെളിച്ചത്തിന്
എന്തൊരു തെളിച്ചമാണെന്നും
ലോകം വിളിച്ചോതിയേനെ.
~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്