2016, ജൂൺ 9, വ്യാഴാഴ്‌ച

ഇത് ആത്മീയയാത്രയുടെ കാലം


ഇത്‌ ആത്മീയയാത്രയുടെ കാലം
————————————
അവർപോയി,
മാലാഖമാരായി
വരാമെന്നാണ്‌ പറഞ്ഞത്‌.

പലരും
പതിനൊന്നുമാസം
ചളിവാരിയെറിയുകയായിരുന്നു,
തക്കം കിട്ടിയപ്പോള്‍
ചിലരെ കുത്തിക്കൊന്നു.

രസതന്ത്രവിരുതർ
ഇന്നലെയും പറഞ്ഞു,
നോമ്പ്‌ തുള്ളിച്ചാടിവരുന്നുണ്ട്‌ ആര്‌ നോല്‍ക്കുമെന്നാണ്‌ വിചാരം?

ഇന്നവർപറയുന്നു
ഞങ്ങള്‍
ആത്മീയതയിലേക്ക്‌
മടങ്ങുകയാണ്‌,—
പിന്നെ
ഒരുമാസംകഴിഞ്ഞു
വരാമെന്ന അറീപ്പും!

കനത്ത തൊപ്പി
തലയില്‍ കയറിയപ്പോള്‍
തെറിച്ചുവീണ കുപ്പിയുടെ
ഒച്ചകേട്ട്‌ ഞെട്ടിയത്‌ ഇവിടെ
അപ്രിയസത്യമാണ്‌

ആവർത്തിക്കപ്പെടുന്ന
പാപങ്ങളൊക്കെയും
പശ്ചാതാപത്തിന്റെ
ലേബളൊട്ടിച്ചാല്‍ പൊറുക്കപ്പെടുമെന്ന ചിന്ത
മുഴച്ചുരുണ്ടുറച്ചിരിക്കുന്നു

"വ്രത'ശുദ്ധി
ഹൃദയംകൊണ്ട്‌
ഒപ്പിയെടുക്കുന്നവന്‍
ഫലമുള്ള വൃക്ഷമാണ്‌

ഇസ്‌ലാമിന്റെ
തിരുമാധുരം "നബി'
പകരുന്നതിനുമുമ്പേ
ജനമദ്ധ്യത്തില്‍
നിത്യവസന്തമായിരുന്നുവെന്നത്‌
മുസല്‍മന്‍ ആദ്യം തിരിച്ചറിയട്ടെ

നരകവാതിലടക്കുന്ന
ഹൃദയംകൊണ്ടാണ്‌
സ്വർഗവാതില്‍ തുറക്കുന്നത്‌

ഓരോ
നോമ്പുകാലത്തിനൊടുവിലും
നരകമതിലില്‍ തൂക്കിയ
ലഹരിവർണ്ണങ്ങളിലേക്കാണ്‌
കണ്ണയക്കുന്നതെങ്കില്‍ പിന്നെ
അവനുമുന്നിലെങ്ങനെ
സ്വർഗവാതില്‍ തുറക്കപ്പെടും?
———————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ജൂൺ 10 12:29 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നോമ്പിന്‍റെ വിശുദ്ധിജീവിതത്തിലും പാലിക്കണം
നല്ല കവിത
ആശംസകള്‍

 
2016, ജൂൺ 10 10:12 AM ല്‍, Blogger ajith പറഞ്ഞു...

ഒരു മാസം അവധിയെടുത്ത് നന്നാകാൻ പോയവരെക്കുറിച്ചാണോ പറഞ്ഞുവരുന്നത്?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം