2013, ഡിസംബർ 28, ശനിയാഴ്‌ച

കവിത :സമുദായം കേൾക്കട്ടെ



കവിത 
..............
                     സമുദായം കേൾക്കട്ടെ 
                 .................................................

മുഅദ്ദിൻ *
സുകാര്യമായി 
പ്രാർത്ഥിക്കുന്നത്‌ കേട്ടു 

റബ്ബേ എൻറെ മോന് 
മുഅദ്ദിനാവാൻ  നീ 
വിധി വരുത്തല്ലേ 

പ്രാർത്ഥനക്ക് 
വിളിക്കുന്നവൻറെ 
പരലോക പ്രതിഫലം 
അറിയുകിൽ 
ജനം മത്സരിക്കുമായിരുന്നു 
എന്നാണ് തിരുനബി 
അരുളിയത് 

അതുകേട്ട അനുചരർ 
ദുനിയാവിലെ ഫലം 
അങ്ങ് ചുരുക്കി 

ഇമാമി**നുംമുഅദ്ദിനും 
മദരസാ അദ്ധ്യാപകനും 
വായ കീറിയ തമ്പുരാൻ 
ചോറു വിളമ്പും 

മുഅദ്ദിൻ പിന്നെയും 
പടച്ചവനോട്‌ പറഞ്ഞു 
റബ്ബേ മറിയകുട്ടി 
രണ്ടാമതു പ്രസവിച്ചതും 
പെണ്‍ കുഞ്ഞായല്ലോ 

രണ്ടു പെണ്‍മക്കളെ 
പോറ്റി വളർത്തിയവന് 
മുത്തു നബി സ്വർഗമാണ് 
വാഗ്ദാനം ചെയ്തത് 

സമുദായം ഇവിടെ 
നരകമാണ് 
ഒരുക്കിയിട്ടുള്ളത് 

ഖത്തീബ് ***
മിമ്പറി****ൽകയറി 
സാമാജികർക്ക് 
അറിയാത്ത ഭാഷയിൽ 
ഉറക്കെ ഖുതുബ*****നടത്തും 
ഓരോ വെള്ളിയാഴ്ചയും 

അത് പറയുന്നവനും 
കേൾക്കുന്നവനും 
എന്തിനാണന്നത് ഇനിയും 
മനസ്സിലായിട്ടില്ല 

അതു മനസ്സിലാവുന്ന 
കാലത്ത് 
സമുദായത്തിൽ 
സമൂല പരിവർത്തനം 
വിരുന്നെത്തും 

അന്ന് ആദ്യം 
രക്ഷപ്പെടുന്നത് 
പെണ്‍ കൊടികളായിരിക്കും 

           സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com  

*പള്ളിയിൽ പ്രാർത്ഥനക്ക് വിളിക്കുന്ന ആൾ 
**നമസ്കാരത്തെ നിയന്ത്രിക്കുന്ന ആൾ 
***പ്രസംഗം നടത്തുന്ന ആൾ 
****പ്രസംഗ പീഠം 
*****പ്രസംഗം