2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

കവിത :പൊതു ജനം


 കവിത 
................
                            പൊതു ജനം 
                      ....................................

ഈ രക്തത്തിൽ 
എനിക്കു  പങ്കില്ലെന്നു 
പറഞ്ഞവൻ -

അവസാനത്തെ തുള്ളി 
രക്തവും 
ഇറ്റിറ്റു വീഴുന്നത് കണ്ട് 
ആനന്ദിച്ചതു 
ജനം കണ്ടതാണ് 

എന്നിട്ടും അവർ 
ഒന്നും ഉരിയാടിയില്ല 

വിശന്നു വലഞ്ഞ 
അവർക്ക് അവൻ 
എറിഞ്ഞു കൊടുത്തത് 
സമ്പന്നർക്കൊരുക്കിയ 
സദ്യയുടെ എച്ചിലാണ് 

എന്നിട്ടും 
അവൻറെ ഊഴം 
വന്നപ്പോൾ 
അപദാനങ്ങൾ പാടി 
അവർ ചുമലിലേറ്റി  

ആ ചുമലുകളിൽ 
ഇരുന്നവൻ പൊതു ജനം 
കഴുതയാണന്ന ഗാനം
ഉറക്കെ  പാടി യപ്പോൾ 
അതിൻറെ താളത്തിനൊത്ത് 
അവർ  നൃത്തമാടി 

അപ്പോൾ 
പ്രബുദ്ധതയുടെ 
കപട നാട്യക്കാർക്കിടയിൽ നിന്ന് 
ഒരു കുഞ്ഞ് വിളിച്ചു പറഞ്ഞു 
നമ്മളെല്ലാം നഗ്നരാണന്ന് .

        സുലൈമാൻ പെരുമുക്ക് 
      sulaimanperumukku @ gmail .com