കവിത : പൈതലേ ...
കവിത
.......... ......
പൈതലേ ...
നിന്നെ കാമകണ്ണുകള്‍
റാഞ്ചി എടുത്തത് സത്യം
പൈതലേ നിന്നെ പിശാചുക്കള്‍
പിച്ചിചീന്തിയതും സത്യം
പകരം നീ ചോദിക്കുക
എന്തും നല്‍കിടാം ...
പൈതലേ
നീതി മാത്രം നീ ചോദിക്കരുതേ
നിന്നെ തലോടിയ കൈകള്‍ക്ക്
മോഹം തീര്‍ന്നതില്ല
നിന്നെ താരാട്ടിയ
അധരങ്ങളിലിനിയും
പാട്ടു ബാക്കിയാണ്
കുറ്റിക്കാട്ടിലെ ക്രൂരത കണ്ട്
തകര്‍ന്നു പോയ
പുല്‍ ചെടികളും പൂക്കളും
കായ്ക്കനികളും
പാടെ കരിഞ്ഞു പോയ്
കരിമൂര്‍ക്കന്‍ പാമ്പുകള്‍
മാളം വിട്ടോടി പോയ്
എങ്കിലും
പൈതലേ നീ ഭാഗ്യവതി
നിന്നെ വേട്ടയാടിയവര്‍
നിനക്കന്യര്‍
കേള്‍ക്കുക ...
ഇവിടെയാണൊരമ്മ
മകളെ കൂട്ടിക്കൊടുത്തത്
ഇവിടെയാണൊരച്ഛന്‍ മകള്‍ക്ക്
സന്താന സൗഭാഗ്യം നല്കിയതും
ഇവിടെയാണ് മുത്തച്ഛന്‍
ചെറുമകളെ പീഡിപ്പിച്ചതും
ഇവിടെയാണ് മുത്തശ്ശിയെ
ബലാല്‍സംഗം ചെയ്തതും
അറിവുള്ളവര്‍
ഇവിടെ ഏറെയുണ്ട്
തിരിച്ചറിവുള്ളവര്‍
ഇവിടെ ഏറെ ഇല്ലാ
അമ്മയേ തിരിച്ചറിയാത്ത മകന്‍
പെങ്ങളെ തിരിച്ചറിയാത്ത സോദരന്‍
പൂപൈതലിന്‍ കിളിമൊഴികള്‍
കേള്‍ക്കാത്ത കശ്മലന്മാര്‍
പെണ്ണെന്നെഴുതിയ
അക്ഷരതാളിലും
കാമകേളിയാടുന്ന
കരിംപൂതങ്ങള്‍
അശ്ലീല ചുവയില്ലാത്ത
കവിതകള്‍ ഇവിടെ കവിതയല്ല,
സിനിമ സിനിമയല്ല ,
കഥയിലും നോവലിലും
തുണിയുരിഞ്ഞില്ലങ്കില്‍
സാഹിത്യമേയല്ല .
കണ്ടും കേട്ടും പഠിച്ചും
മനസ്സില്‍ പതിഞ്ഞു പോയ്
പെണ്ണന്നത്, പ്രായമേതാകിലും
ഭോഗത്തിനായുള്ളതെന്ന്
പൈതലേ നീ ഞെട്ടരുത്
നിന്നെ വേട്ടയാടിയവര്‍
ഇവിടെ അധികാരികളായ് വാഴും
അവരില്‍ ചിലര്‍ ദൈവത്തിന്‍റെ
അവതാരങ്ങളായ് വരും
പൈതലേ
നീ പൊട്ടിത്തെറിക്കരുത്
ഒരു നാള്‍ നിനക്കെതിരെ
വിധി പറയും
നീ ഒരു തെരുവ് വേശ്യ -
യായിരുന്നെന്ന് .
..........................................
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @ gmail .com