2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

കുടൽകരിഞ്ഞ മണം


കുടല്‍കരിഞ്ഞ മണം
~~~~~~~~~~~~~~~
തല ചായ്‌ക്കാന്‍
ഒരുപിടി മണ്ണിനുവേണ്ടി
ഒരായുഷ്‌ക്കാലം
ഓടി നടന്നയാള്‍

ഒരുപാട്‌
ഉള്ളവന്റെയൊക്കെ
മുന്നിലൂടെ ഓടുന്നതിനിടയിലാണ്‌
അയാള്‍ മരിച്ചുവീണത്‌.

മരിച്ചു വീണപ്പോള്‍
മൂന്നുപിടി
മണ്ണുവാരിയെറിയാന്‍
എന്തൊരു തിരക്കായിരുന്നു

നേരം
വൈകിയാല്‍
നാറുമെന്നോർത്തതാവാം.

പിടിമണ്ണ്‌
വാരിയെറിഞ്ഞവരില്‍
പലരും പണം
വാരിയെറിയുന്നവരായിരുന്നു,
അത്‌ പാറപ്പുറത്തു വീണ
മഴത്തുള്ളികള്‍ക്കു സമമായിരുന്നു.

കൊല്ലംതോറും
ഹജ്ജിനു* പോകുന്നവരും
പണിതീരാത്ത
കൊട്ടാരങ്ങളുടെ ഉടമകളും അവർക്കിടയിലുണ്ടായിരുന്നു.

മറ്റുചിലർ
സംഘടനാ ഭ്രാന്തുകൊണ്ട്‌
"ധരണി'യേറെ മഹാദാനം
ചെയ്‌തവരാണ്‌.

പിന്നെ ഉസ്‌താദ്‌
അവസാനത്തെ
ആചാരവെടി പൊട്ടിച്ചു!

പരേതന്റെ
കടബാധ്യതകള്‍
ഏറ്റെടുക്കാന്‍ മൂത്തമകന്‍ മൂന്നിലുണ്ടെന്നതായിരുന്നു അത്‌.

അതുകേട്ട
പരേതാത്മാവ്‌ പറഞ്ഞു:
ഉസ്‌താദേ
വിശപ്പടക്കാന്‍ വഴിയില്ലാതെ
മരിച്ചു വീണവനാണു ഞാന്‍,—

ഇവിടെ പരക്കുന്ന
മാംസം കരിഞ്ഞ മണം
എന്റെ മകന്റെ
കുടല്‍കരിയുന്ന മണമാണ്‌!

ആരുകേള്‍ക്കും?
അവരെപറ്റി
പാഴ്‌ജന്‍മങ്ങളെന്നു
വേദമോതുന്നതാണ്‌ ശരി**
——————————
*ജീവിതത്തില്‍
ഒരു വട്ടംമാത്രം ഹജ്ജി
ചെയ്‌തു മാതൃക കാട്ടിയ
പ്രവാചകനെ മറന്നുകൊണ്ടവർ
കൊല്ലം തോറും ഹജ്ജിനു പോ
കുന്നു,അല്ലാതെ പലവട്ടം "ഉംറ' യെന്ന പേരില്‍ വേറെയും പോകുന്നു.കച്ചവടക്കാരുടെ
വലയില്‍ സമൂഹം അകപ്പെട്ടി
രിക്കുന്നു എന്നതാണ്‌ സത്യം.
**അവർക്ക്‌ ഹൃദയമുണ്ട്‌
പക്ഷേ,അവർ ചിന്തിക്കുന്നില്ല.
അവർക്ക്‌ കണ്ണുകളുണ്ട്‌
പക്ഷേ,അവർ കാണുന്നില്ല.
അവർക്ക്‌ കാതുകളുണ്ട്‌
പക്ഷേ,അവർ കേള്‍ക്കുന്നില്ല....

~~~~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌