2016, ജൂൺ 19, ഞായറാഴ്‌ച

മരണമേ



  മരണമേ
~~~~~~~~
മരണമേ,
നിന്നെയോർത്ത്‌
ഭയപ്പെട്ടിരുന്ന നാളുകള്‍
മനസ്സില്‍നിന്നു മാഞിരിക്കുന്നു.

ഇന്നു നിന്നെ
പ്രണയിക്കാന്‍
മനസ്സ്‌ പാകപ്പെട്ടിരിക്കുന്നു

എന്നെ നീ
തൊട്ടുരുമ്മിപ്പോയതും
നീണ്ടനേരം
മുഖാമുഖം നിന്നതും
ഞാനോർക്കുന്നു

സമയനിഷ്ട
എന്നെക്കാള്‍
പാലിക്കുന്നത്‌ നിയ്യാണല്ലൊ

നേരുപറഞ്ഞാല്‍
ചിലപ്പോഴൊക്കെ
നിന്നെ ഞാന്‍ രഹസ്യമായി
മാടിവിളിച്ചിട്ടുണ്ട്‌

ഏറ്റവും
നല്ല സുഹൃത്താണ്‌
കൊടും വഞ്ചകനെന്നറിയുമ്പോള്‍
നിന്റെമനസ്സ്‌ എന്തുപറയും?

മടുത്തു,
ഒരുപാടു മടുത്തു
നികൃഷ്ട ജീവികളിവിടെ
നിത്യവും നീതി ചുട്ടെരിക്കുന്നു.

വംശവെറിയന്‍മാരിവിടെ
അഴിഞ്ഞാടുകയാണ്‌,
എന്തുതിന്നണം എന്തുപറയണം
എന്നതിനി അവർ പറയുമെത്രെ.

അധികാരം ഇവിടെ
വെട്ടപ്പിടിക്കുന്നു
എന്നതല്ലെസത്യം?

ജനം ഇന്നും
ഒഴുകുന്നത്‌ കണ്ടുശീലിച്ച
പരസ്യവചനങ്ങളുടെ
പിന്നാലെയാണ്‌

ഇവിടെ
കാലങ്ങളായി
കുടിക്കാനുള്ള
ജലം മലിനമാണ്‌,
കഴിക്കാനുള്ളതിലൊക്കെ
മായമാണ്‌—അല്ലാ വിഷംതന്നെയാണ്‌ കുത്തിവെക്കുന്നത.

മരുന്നെന്ന പേരില്‍
മാരകവിഷം
കനത്ത വിലയ്‌ക്കു
വാങ്ങിതിന്നാന്‍ വിധിക്കപ്പെട്ട
ജനതയെ നിനക്കറിയുമൊ?

ഇവിടെ
അവകാശബോധം
മാത്രമാണിന്ന്‌ ഉറഞ്ഞുതുള്ളുന്നത്‌
ഉത്തരവാദിത്വബോധത്തെ
പുലരിക്കുമുമ്പേ തൂക്കിലേറ്റി.
———————————
  സുലൈമാന്‍ പെരുമുക്ക്‌