2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

കവിത: മിസ്‌റ്റർ സല്‍ഫി

കവിത
———
  മിസ്‌റ്റർ സല്‍ഫി
~~~~~~~~~~~~~
വർഗീയതയും
അധികാരമോഹവും
നുരഞ്ഞുപൊങ്ങിയപ്പോള്‍
സമാനമനസ്‌ക്കർ അയാളെ
സിംഹാസനത്തിലിരുത്തി
 
പിന്നെ അയാള്‍
നിലത്തിരുന്നിട്ടില്ല
ആകാശത്താണ്‌
നിത്യവാസം
പറവകള്‍
പറന്നകന്നു
നിലാവ്‌ പൂത്തതേയില്ല
 
ആകാശത്തയാള്‍
അഹിംസാമന്ത്രങ്ങ—
ളെഴുതുമ്പോള്‍
മക്കള്‍,മണ്ണില്‍
വിയോജിപ്പുകളെ
വെട്ടിമുറിക്കുന്നു.
 
കണ്ണീരും
ചുടുരക്തവും
മണ്ണില്‍ വീഴ്‌ത്തുന്നതാണ്‌
അവർക്ക്‌പുണ്യം
തിന്‍മയുടെ
തേരാളി
മഹാ മൗനത്തിലാണ്‌
അതെ ഭീകരമാണത്‌,
അതിഭയാനകമാണത്‌.
 
അയാള്‍
സല്‍ഫിയുടെ
ലോകത്താണ്‌
"ഡിജിറ്റല്‍"കൊണ്ട്‌
ഭാരതീയന്റെ
വിശപ്പടക്കാമെന്നയാള്‍
വ്യാമോഹിക്കുന്നു
 
അന്യന്റെ
കഴുത്തറുക്കുന്നതിലാണ്‌
ശാന്തീയെന്ന ചിന്ത
പൊതുബോധത്തില്‍
കുത്തിവെച്ചതിന്റെ ഫലം
 കണ്ടാനന്ദിക്കുകയാണിന്ന്‌
 
ഈമൗനം
മൂർച്ചയേറിയ
ഈർച്ചവാളാണ്‌
അതില്‍ മിന്നുന്നത്‌
മാരകവിഷമാണ്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌