2013, ഫെബ്രുവരി 20, ബുധനാഴ്‌ച

കവിത: ഹര്‍ത്താല്‍


കവിത
.................
                       ഹര്‍ത്താല്‍
              .....................................

നവ ജാത ശിശുവിന്റെ ചാരത്തിരുന്നു
ഹര്‍ത്താലിനര്‍ത്ഥം എന്തെന്നു കേട്ടാല്‍
ആയിരം നാവല്‍ അതുച്ഛത്തിലോതും
അക്രമാസക്തരുടെ കൂത്തരങ്ങ്‌
..............................................
ഇനി ഗര്‍ഭസ്ഥ ശിശുവിനോടമ്മ ചോദിക്കട്ടെ
ബന്ദ്‌ന്ന വാക്കിന്റെ അര്‍ത്ഥമെന്ത്
ക്ഷണ നേരം കൊണ്ടത്‌ ഉരിയാടിടും
ഭീകരന്മാരുടെ ഘോഷ യാത്ര ...കൊടും
ഭീകരന്മാരുടെ ഘോഷ യാത്ര ......   
................................................
മത ഭേദമില്ല,  കൊടി ഭേദമില്ല
നാടിന്റെ ശത്രുക്കള്‍ ഉറഞ്ഞു തുള്ളും
ഇരുളിന്റെ  ശക്തികള്‍ കളമൊരുക്കുന്നതില്‍
നിരപരാധികള്‍ വീണു വെന്തെരിയും
.....................................................
അഹിംസ മന്ത്രങ്ങള്‍ ഉരുവിടാന്‍ പഠിപ്പിച്ച
സംസ്ക്കാര മുള്ള ഒരു നാടാണിത്
നന്മയില്‍ വര്‍ത്തിക്കു സര്വ്വരോടും
എന്നു ചൊല്ലിയ നബിയെ മറന്നു പോയി
.........................................................
ജീവിതം കൊണ്ട് ദൈവത്തെ നിങ്ങള്‍
മഹത്വ പ്പെടുത്തുവെന്നോതി യേശു
ഭൗതിക പ്രത്യയ ശാസ്ത്ര വാക്താക്കള്‍ക്കും
ഓതുവാന്‍ ഉണ്ട് ഏറെ മഹത് വചനം
...............................................................
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ
ശബ്ദിക്കുവോര് ‍ഇവിടെ ഏറെയുണ്ട്
മനുഷ്യനെ മനുഷ്യനായ് കാണും മനക്കണ്ണിന്‍
കാഴ്ച നഷ്ടപ്പെട്ട് പോയിവിടെ
...................................................................
ഇനി ഏതു കനി തിന്നാല്‍ ആ കാഴ്ച്ചകിട്ടും
ഏതരുവിയില്‍ കുളിച്ചാല്‍ ആ അറിവ് കിട്ടും
ആ കാഴ്ച പോയെന്ന അറിവ് പോലും
നമ്മില്‍ നിന്നെന്നോ അകന്നു പോയി
....................................................................
കടിഞ്ഞൂല്‍ കുഞ്ഞിനു ജന്മമേകാന്‍
വേദനയാല്‍ പുളയുന്നൊരമ്മാ
വഴിയില്‍ വണ്ടി തടഞ്ഞു നിര്‍ത്തി
ജീവനോടെ ചുട്ടു കൊല്ലുന്നിവര്‍
..................................................................
അത്യാഹിതത്തില്‍ പെട്ടൊരാളെ
ജീവ രക്ഷാര്‍ത്ഥം കൊണ്ടോടിടുമ്പോള്‍
ആര്ത്തൂ വിളിച്ചെത്തും കോമരങ്ങള്‍
മീതി ജീവന്‍ പിന്നെ അവരെടുക്കും
...............................................................
രോഗം മൂര്ചിച്ച് പൂപൈതലെ
കൊണ്ടോടിടുന്നു മാതാപിതാക്കള്‍
ആതുരാലയത്തിന്‍ മുന്നില്‍ വെച്ചി-
തടഞ്ഞവര്‍ ആതുരാലയം തകര്‍ക്കും
..............................................................
ഇതു ദൈവ വിളി കേള്‍ക്കാത്ത ദൈവ മക്കള്‍
ഇതു ദൈവ സ്നേഹം വിടരാത്ത ദൈവ രാജ്യം
ഇതു ദൈവ നീതി പുലരാത്ത ദേവലോകം
ഇതു രക്ത ദാഹികളുടെ കൂടാരം
..............................................................
അകലങ്ങളില്‍ നിന്നുമെത്തിടുന്ന
ഭക്ഷ്യ വസ്തുക്കള്‍ തടഞ്ഞു നിര്‍ത്തി
കാപാലികര്‍ കലി തുള്ളിടുന്നു
നൃത്തം വെച്ചവര്‍ ചാമ്പലാക്കും
........................................................
പത്രങ്ങളും പാല്‍കുപ്പികളും
സര്‍ക്കാര്‍ സ്വത്തുക്കള്‍ കണ്ടതെല്ലാം
തല്ലി തകര്‍ക്കുന്നു ഭ്രാന്തരെപോല്-അല്ല-
ഇവര്‍ കൊടും ഭീകരെന്മാര്‍
........................................................
നാളെയുടെ വാഗ്ദാന സൂനങ്ങളെ
വിദ്ധ്യയില്‍ നിന്നുമകറ്റുന്നിവര്‍
പേബാധ ഏറ്റ മര്‍ത്യരെ കാണ്കയാല്‍
ചിത്തം തകര്‍ന്നു മൂകരായി
........................................................
ഇതു രാക്ഷസന്മാരുടെ വൃന്ദാവനം
ഇതു സാത്താന്മാരുടെ പാഠശാല
ഇതു വിവേകാനന്ദന്‍ പണ്ടേ കണ്ട ഭ്രാന്താലയം
ഇതു പരശുരാമന്‍ കണ്ടാല്‍ മഹാമഴുവെറിയും
.............................................................
ശാപ വര്ഷം ഏറ്റു കരിയുന്നു ഈ മണ്ണ്
സങ്കട കാഴ്ചയാല്‍ തകരുന്നു ഈ വിണ്ണ് 
വിഷാംശങ്ങളാണ് നാം കുടിക്കുന്നതെന്നും
വിഷാംശം മാത്രം ശ്വസിക്കുന്നു നാമെന്നും
..............................................................
നഷ്ടമല്ലാതൊന്നും നേടുന്നതില്ലനാം
നാശ ഗര്‍ത്തത്തിന്റെ വക്കില്‍ നില്‍ക്കുന്നു നാം
ഈ അന്ധകാരത്തെ കീറിമുറിക്കുന്ന
കൊള്ളിയാന്‍ വെട്ടമായി എത്തുന്നതാര്
................................................................  
ഇനി നമ്മള്‍ ബുദ്ധനെ കാത്തിരിക്കുന്നുവോ
ഇനി നമ്മള്‍ കൃഷ്ണനെ കാത്തിരിക്കുന്നുവോ
തിരുനബിയും യേശുവും വരുവതും കാത്ത്
നിഷ്ക്രിയരായി നാം കാലം കഴിക്കയോ
..................................................................
ഇനി ഇവിടെ മഹാബലി ഭരണം നടത്തുമോ
ഇനി ഇവിടെ മഹാഗാന്ധി നമ്മേ നയിക്കുമോ
ഉണരുക സോദാരെ ഉണര്ന്നെഴുന്നേല്ക്കുക  
പുതിയൊരു പുലരിക്കു വഴിയൊരുക്കീടുക
....................................................................
                  സുലൈമാന്‍ പെരുമുക്ക്
                      00971553538596
                   sulaimanperumukku@gmail.com
                             
       ‍